ഗ്രാമീൺ ഡാക് സേവക്: അപേക്ഷിക്കാം
തപാൽ ഓഫിസുകളിൽ ഗ്രാമീൺ ഡാക് സേവക് തസ്തികകളിലേക്ക് കേരളത്തിലുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരള പോസ്റ്റൽ സർക്കിളിൽ 1193 ഒഴിവുകളുണ്ട്. രാജ്യത്തുടനീളമുള്ള പോസ്റ്റൽ സർക്കിളുകളിലായി 20,969 ഒഴിവുകളിലേയ്ക്ക് തപാൽ വകുപ്പ് നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും സാങ്കേതിക തകരാർ മൂലം കേരളത്തിലെ അപേക്ഷകർക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് കേരളത്തിലെ അപേക്ഷകർക്ക് അവസരം നൽകിക്കൊണ്ട് തപാൽ വകുപ്പ് വീണ്ടും വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. പത്താം ക്ലാസുകാർക്കാണ് അപേക്ഷിക്കാൻ അർഹത. ഓൺലൈനിൽ അപേക്ഷിക്കണം. അവസാനതീയതി: നവംബർ 29.
യോഗ്യത: അംഗീകൃത പത്താം ക്ലാസ് ജയം. അപേക്ഷകർക്ക് കംപ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം (അംഗീകൃത കംപ്യൂട്ടർ പരിശീലന സ്ഥാപനത്തിൽ നിന്നും കുറഞ്ഞതു 60 ദിവസം ദൈർഘ്യമുള്ള അടിസ്ഥാന കംപ്യൂട്ടർ പരിശീലനം).പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
പ്രായം: 18– 40 വയസ്സ്. 2017 മേയ് അഞ്ച് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. ഉയർന്ന പ്രായത്തിൽ മറ്റു പിന്നാക്കവിഭാഗക്കാർക്ക് മൂന്നും പട്ടികവിഭാഗക്കാർക്ക് അഞ്ചും വർഷം ഇളവു ലഭിക്കും. വികലാംഗർക്ക് 10 വർഷം ഇളവു ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: www.indiapost.gov.in അല്ലെങ്കിൽ www.appost.in എന്ന വെബ്സൈറ്റ് വഴി റജിസ്ട്രേഷൻ നടത്തിയതിനു ശേഷം ഓൺലൈൻ ആയി അപേക്ഷിക്കണം.
അപേക്ഷാഫീസ്: ഹെഡ് പോസ്റ്റ് ഓഫിസുകളിലൂടെ അപേക്ഷാഫീസ് അടയ്ക്കണം. ജനറൽ, ഒബിസി വിഭാഗക്കാർക്ക് 100 രൂപയാണ് ഫീസ്. പട്ടികവിഭാഗത്തിനും വനിതകൾക്കും ഫീസ് ഇല്ല. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് : www.indiapost.gov.in, www.appost.in