Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 224522 Apr 21 2018 11:06 PM Playing Driving Mad Play Now!                Secretary Ambro has obtained a high score of 1015 Apr 21 2018 05:36 PM Playing Snipers Play Now!                Lt.Colonel Purushu has obtained a high score of 2 Apr 19 2018 07:34 PM Playing Bug Play Now!                Lt.Colonel Purushu has obtained a high score of 4 Apr 19 2018 06:49 PM Playing George Wants Beer Play Now!                Lt.Colonel Purushu has obtained a high score of 30 Apr 19 2018 06:48 PM Playing Go Squirrel Go Play Now!                
Photo

ധോണി എകദിന, ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു; ടീമിൽ തുടരും

Dhoni India Cricket Team Captain T20 Resign 2017 Punchapaadam

 • Please log in to reply
4 replies to this topic

#1 Lt.Colonel Purushu

Lt.Colonel Purushu

  Retired President of Chayakkada

 • Super Moderator
 • 31,705 posts
9,950
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 05 January 2017 - 02:11 PM

ധോണി എകദിന, ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു; ടീമിൽ തുടരും

 

ന്യൂ‍ഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന, ട്വന്റി ട്വന്റി നായക പദവിയിൽ നിന്ന് എം.എസ്.ധോണി രാജിവച്ചു. ഇംഗ്ളണ്ടിനെതിരായ ഏകദിന, ട്വന്റി ട്വന്റി പരമ്പരയ്ക്കുള്ള ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെയാണു ധോണിയുടെ അപ്രതീക്ഷിത രാജി. നായക പദവിയൊഴിയാനുള്ള ആഗ്രഹം ധോണി നേരിട്ടറിയിക്കുകയായിരുന്നുവെന്നു ബിസിസിഐ വ്യക്തമാക്കി. ഇംഗ്ളണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ അംഗമായി തുടരാൻ തയാറാണെന്നും ധോണി വ്യക്തമാക്കി. ഇക്കാര്യം സിലക്‌ഷൻ സമിതിയെ ബിസിസിഐ അറിയിച്ചു. ധോണിയുടെ രാജി വിവരം വാർത്താക്കുറിപ്പായി രാത്രി ഒൻപതു മണിയോടെയാണു ബിസിസിഐ അറിയിച്ചത്.
 
 
ഇതോടെ, ഇന്ത്യയുടെ ഏകദിന, ട്വന്റി ട്വന്റി ടീമുകളുടെ നായക സ്ഥാനം വിരാട് കോഹ്‌ലി ഏറ്റെടുക്കാൻ അരങ്ങൊരുങ്ങി. നാളത്തെ ടീം സിലക്‌ഷൻ യോഗത്തിൽ ഇതുസംബന്ധിച്ച ഒൗദ്യോഗിക തീരുമാനമുണ്ടാകും. ടീമിൽ ധോണിക്കു സ്ഥാനമുണ്ടാകുമോ എന്നതാണ് ഇനി അറിയേണ്ടത്. 2014 ഡിസംബറിൽ ടെസ്റ്റ് ടീം നായക പദവി അപ്രതീക്ഷിതമായി ഒഴിഞ്ഞ അതേ മാതൃകയാണ് ഏകദിന, ട്വന്റി ട്വന്റി നായക വേഷം അഴിക്കാനും ധോണി സ്വീകരിച്ചത്. ധോണിയുടെ പടിയിറക്കം സംബന്ധിച്ച് ബിസിസിഐ ഉന്നത നേതൃത്വത്തിൽ ആർക്കും സൂചനയുണ്ടായിരുന്നില്ല.
 
ഇന്നലെ ചേരാനിരുന്ന ബിസിസിഐ യോഗം, സുപ്രീം കോടതി വിധിയുണ്ടാക്കിയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്നു. പ്രസിഡന്റ്, സെക്രട്ടറി എന്നിവർ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയുള്ള ആശയക്കുഴപ്പത്തിൽ ബിസിസിഐ നേതൃത്വം നട്ടംതിരിയുമ്പോഴാണ്, ഏവരെയും ഞെട്ടിച്ചു ധോണിയുടെ പടിയിറക്കം. ധോണിയുടെ നേതൃത്വത്തിൽ കൈവരിച്ച നേട്ടങ്ങൾ ടീമിന്റെ ചരിത്രത്തിൽ എക്കാലവും നിറശോഭയോടെ നിലനിൽക്കുമെന്നു ബിസിസിഐ സിഇഒ: രാഹുൽ ജോഹ്‌രി പ്രതികരിച്ചു.
 
ബിസിസിഐക്കു നാഥനില്ലാത്ത അവസ്ഥയിലാണെങ്കിലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ സിലക്​ഷൻ കമ്മിറ്റി നാളെ യോഗം ചേരും. സിലക്​ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ.പ്രസാദിന്റെ അധ്യക്ഷതയിൽ മുംബൈയിലാണ് യോഗം. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മൽസരങ്ങളും ഉൾപ്പെടുന്ന പരമ്പര ജനുവരി 15 ന് ആരംഭിക്കും. ഇംഗ്ലണ്ടിനെതിരെ സന്നാഹ മൽസരം കളിക്കാനുള്ള ഇന്ത്യ എ ടീമിനെയും സിലക്​ഷൻ കമ്മിറ്റി പ്രഖ്യാപിക്കും. സിലക്​ഷൻ കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ച അഞ്ചുപേരാണോ ലോധാകമ്മിറ്റി നിർദ്ദേശിച്ച മൂന്നുപേർ കൂടി ചേർന്നതാണോയെന്ന കാര്യം കണ്ടറിയാനിരിക്കുന്നേയുള്ളൂ. ലോധാകമ്മിറ്റി നിർദേശ പ്രകാരം സിലക്​ഷൻ കമ്മിറ്റിയെ മൂന്ന് ടെസ്റ്റ് താരങ്ങൾ സഹായിക്കണമെന്നാണ്.
 
കഴിഞ്ഞ സെപ്റ്റംബറിലാണ് ബിസിസിഐ സിലക്​ഷൻ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. സിലക്​ഷൻ കമ്മിറ്റിയെ പ്രഖ്യാപിച്ച ബിസിസിഐ നേതൃത്വം തന്നെ ഇപ്പോൾ പുറത്തായിരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ‍ ലോധാകമ്മിറ്റിയുടെ മാനദണ്ഡമനുസരിച്ച് എം.എസ്.കെ.പ്രസാദ്, ദേവാങ് ഗാന്ധി, ശരൺദീപ് സിങ് എന്നീ സിലക്ടർമാർക്കേ നിശ്ചിത യോഗ്യതയുള്ളൂ. സിലക്​ഷൻ കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ ഗഗൻ ഘോഡെയും ജതിൻ പരഞ്ജ്പെയും നാല് ഏകദിനങ്ങളിൽ താഴെ പരിചയസമ്പത്തുള്ളവരാണ്. ലോധാകമ്മിറ്റി നിർദേശം ലംഘിച്ച ബിസിസിഐ നേതൃത്വം പുറത്തായതുപോലെ സിലക്​ഷൻ കമ്മിറ്റിയിലും എന്തു ചലനങ്ങളുണ്ടാകുമെന്നു വ്യക്തമല്ല.


#2 Lt.Colonel Purushu

Lt.Colonel Purushu

  Retired President of Chayakkada

 • Super Moderator
 • 31,705 posts
9,950
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 05 January 2017 - 02:13 PM

കിരീടവഴിയിൽ ഇനിയില്ല, ‘മഹേന്ദ്രജാലം’; വിമർശകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച് ധോണി പടിയിറങ്ങുന്നു

 

Dhoni-kumble.jpg.image.784.410.jpg

 

അപ്രവചനീയതയാണ് മഹേന്ദ്ര സിങ് ധോണിയെന്ന ‘ക്യാപ്റ്റൻ കൂളിന്റെ’ ഏറ്റവും വലിയ പ്രത്യേകത. ജീവിതത്തിലായാലും ക്രിക്കറ്റ് മൈതാനത്തായാലും അതങ്ങനെതന്നെ. വീണ്ടുമിതാ, 2017ന്റെ ആരംഭത്തിൽത്തന്നെ പരിമിത ഓവർ ക്രിക്കറ്റ് മൽസരങ്ങളിലെ ഇന്ത്യൻ നായകസ്ഥാനം രാജിവച്ച് ധോണി ആരാധകരെ ഞെട്ടിച്ചിരിക്കുന്നു. അതും, അപ്രവചനീയതയുടെ ചുവടുപിടിച്ചുതന്നെ. ക്യാപ്റ്റൻ പദവിയിൽ ധോണിക്ക് ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ടെന്ന് വിമർശകർ പോലും തലയാട്ടി സമ്മതിക്കുമ്പോഴാണ് ധോണിയുടെ അപ്രതീക്ഷിത പടിയിറക്കം.

2014 ഡിസംബർ 30ന് ധോണിയുടെ കായികജീവിതത്തിലെ സുപ്രധാനമായൊരു തീരുമാനം വന്നത് ഇത്തരമൊരു അപ്രവചനീയതയുടെ ചിറകിലേറിയാണ്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കിടെ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നുവെന്ന ധോണിയുടെ പ്രഖ്യാപനം ഒട്ടൊക്കെ അവിശ്വസനീയതയോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. അതിലേക്ക് നയിച്ച കാരണം എന്തൊക്കെ ആയാലും ഈ തീരുമാനത്തിലൂടെ ധോണി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെയും ലോകത്താകമാനമുള്ള ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ചു.

 

ധോണിയേക്കുറിച്ചുള്ള ചില വിശേഷങ്ങൾ

∙ സച്ചിനെപ്പോലുള്ള അതുല്യ പ്രതിഭകൾക്കുപോലും മുൾക്കിരീടമായിരുന്ന ക്യാപ്റ്റൻ പദവി, ധോണിയുടെ ശിരസിൽ എന്നും തിളങ്ങുന്ന കിരീടമായിരുന്നു. ജയിക്കാനായി ജനിച്ചവൻ എന്നപോലെ ‘ക്യാപ്റ്റനാകാൻ ജനിച്ചവൻ’ ആണ് ധോണിയെന്ന്് അദ്ദേഹത്തിന്റെ കരിയർ പരിശോധിച്ചാൽ തോന്നിപ്പോകും. ഏറ്റവുമധികം രാജ്യാന്തര മൽസരങ്ങളിൽ ക്യാപ്റ്റനായി. മൂന്നു ഫോർമാറ്റുകളിലുമായി 331 മൽസരങ്ങളിൽ ടീമിനെ നയിച്ചു. ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റുകളിലും അൻപതിലേറെ മൽസരങ്ങളിൽ ക്യാപ്റ്റനായ ഏകതാരമാണ് ധോണി.

Dhoni-inspects-the-pitch.jpg.image.784.4
 

ട്വന്റി20, ഏകദിന ലോകകപ്പുകൾ നേടിയ ഏക ക്യാപ്റ്റനും ധോണിതന്നെ. കരിയറിൽ ആകെ കളിച്ചത് 283 ഏകദിന മൽസരങ്ങൾ. അതിൽ 199 എണ്ണത്തിലും ടീമിനെ നയിച്ചു. 110 എണ്ണത്തിൽ ടീം വിജയം നേടിയപ്പോൾ തോൽവിയുടെ കയ്പുനീർ കുടിച്ചത് 74 മൽസരങ്ങളിൽ. 73 ട്വന്റി20 മൽസരങ്ങൾ കളിച്ചതിൽ 72ലും ടീമിനെ നയിച്ചു. 41 കളികൾ ജയിച്ചപ്പോൾ തോറ്റത് 28 മൽസരങ്ങളിൽ. 90 ടെസ്റ്റുകൾ നീണ്ട കരിയറിൽ 60ലും ടീമിനെ നയിച്ചു. നേടിയത് 27 വിജയങ്ങളും 18 തോൽവിയും. 15 മൽസരങ്ങൾ സമനിലയിൽ അവസാനിച്ചു.

∙ 2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ സച്ചിനെയും സെവാഗിനെയും നഷ്ടപ്പെട്ട് പതറിയ ഇന്ത്യയ്ക്കായി, ബാറ്റിങ് ഓർഡറിൽ സ്വയം സ്ഥാനക്കയറ്റം നൽകിയെത്തിയ ധോണി ആരാധകരെ ഞെട്ടിച്ചു. പരമ്പരയിലുടനീളം മികച്ച ഫോമിൽ കളിച്ചുവന്ന യുവരാജ് സിങ്ങിനെ മാറ്റിനിർത്തിയാണ് ധോണി അന്ന് ക്രീസിലേക്കെത്തിയത്. ഒരറ്റത്ത് നങ്കൂരമിട്ട് കളിച്ച ഗംഭീറിന് മികച്ച പിന്തുണ നൽകി പതുക്കെ ഇന്ത്യൻ മുന്നേറ്റത്തിന്റെ നേതൃത്വം ഏറ്റെടുത്ത ധോണി തിരിച്ചുകയറിയത് ടീമിന് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ഏകദിന ലോകകപ്പ് സമ്മാനിച്ചുകൊണ്ടാണ്.

dhoni-and-kohli-29.jpg.image.784.410.jpg
 

കാവ്യനീതിയെന്നവണ്ണം, ഫൈനലിലെ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടതും ധോണി തന്നെ. ദൈവത്തെപ്പോലെ സ്നേഹിച്ച സച്ചിൻ തെൻഡുൽക്കർ എന്ന ഇതിഹാസം ലോകകപ്പ് നേട്ടങ്ങളില്ലാതെ വിരമിക്കേണ്ടിവരുമല്ലോ എന്ന സാധാരണക്കാരായ ആരാധകരുടെ വിഷമത്തിനും അന്ന് ധോണി പരിഹാരം കണ്ടു.

∙ ബാറ്റും കൈയിലേന്തി ക്രീസിൽ നിൽക്കുന്ന ധോണിയിൽ ആരാധകർ എപ്പോഴും കണ്ടിരുന്നത് ഒരു രക്ഷകനെയാണ്. ബോൾ ചെയ്യുന്നത് ഏത് ബോളറായാലും, ആ പന്ത് എത്ര മികച്ചതായാലും, ഹെലികോപ്ടർ ഷോട്ടിന്റെ ചാരുതയിൽ പന്ത് അതിർത്തിവര കടക്കുമെന്ന് അവർ സ്വപ്നം കാണുന്നു. ഒരു പരിധിവരെ, എന്നല്ല പരിധിക്കും പരിമിതികൾക്കുമപ്പുറം, ആരാധകരുടെ ഈ വിശ്വാസം കാത്തുസൂക്ഷിക്കാൻ ധോണിക്ക് സാധിച്ചിട്ടുമുണ്ട്. പരിമിതികളേറെയുള്ള ക്രിക്കറ്ററാണ് ധോണി. സച്ചിന്റെയും കോഹ്‍ലിയുടെയും ക്ലാസോ, ദ്രാവിഡിന്റെ സാങ്കേതികത്തികവോ, ഗാംഗുലിക്കൊപ്പം ഓഫ്സൈഡിലെ ദൈവമായി കാണാനുള്ള ‘ഇടംകൈ ചാരുതയോ’, ലക്ഷ്മണിനേയോ അസ്ഹറുദ്ദീനെയോ പോലെ ‘കൈക്കുഴ മാജിക്കിൽ’ പന്തിനെ തഴുകിവിട്ട് ബൗണ്ടറി നേടാനുള്ള മികവോ, സെവാഗിനേപ്പോലെ വിസ്ഫോടന ശേഷിക്കൊപ്പം സൗന്ദര്യവും സമംചേർത്ത് റൺസടിച്ചുകൂട്ടാനുള്ള കഴിവോ ധോണിയുടെ ബാറ്റിങ്ങിനില്ല.

dhoni.jpg.image.784.410.jpg
 

ധോണിയുടെ ബാറ്റിങ് കാണുമ്പോൾ ഓർമവരുന്നത് രാവണപ്രഭുവിൽ മോഹൻലാലിന്റെ മംഗലശേരി കാർത്തികേയനെന്ന കഥാപാത്രം പറയുന്ന ഡയലോഗാണ്; "ഗരാട്ടെയും ഗളരിപ്പയറ്റുമൊന്നും അറിയില്ല. ആകെ അറിയാവുന്നത് നല്ല നാടൻ തല്ലാണ്." കരാട്ടെയും കളരിപ്പയറ്റുമുൾപ്പെടെ സകല അടവുകളും പഠിച്ചെത്തിയ മറ്റു ക്രിക്കറ്റർമാർക്കിടയിൽ ധോണിയെന്ന താരത്തെ വേറിട്ടുനിർത്തിയതും ‘നാടൻ തല്ലിന്റെ’ ഈ സൗന്ദര്യ ശാസ്ത്രം തന്നെയാകണം. ‘വന്യം’ എന്ന വാക്കിനെ സൗന്ദര്യത്തിന്റെ പര്യായമായി എണ്ണിത്തുടങ്ങിയ ഇക്കാലത്ത്, ധോണിയുടെ വന്യമായ ഷോട്ടുകൾ ക്രിക്കറ്റിന്റെ അന്യമായ സൗന്ദര്യം തന്നെ.

∙ വമ്പൻമാർ ഏറെ വന്നുപോയിട്ടുള്ള, ഇപ്പോഴും ഒരുപാട് കൊമ്പൻമാർ പിറവിയെടുക്കുന്ന ക്രിക്കറ്റ് വേദികളിൽ, ‘ബെസ്റ്റ് ഫിനിഷർ’ എന്ന പേര് ചാർത്തിക്കിട്ടിയിട്ടുള്ള താരങ്ങൾ മറ്റാരുമില്ല. ‘ബെസ്റ്റ്’ എന്നാൽ അതിനപ്പുറം മറ്റാരുമില്ല എന്നുതന്നെ.

dhoni-fans.jpg.image.784.410.jpg
 

പിൽക്കാലത്ത് ‘തുഴച്ചിലുകാരൻ’ എന്ന പേരുദോഷമൊക്കെ ഏറെ ഏറ്റുവാങ്ങിയെങ്കിലും ധോണി ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ചിട്ടുള്ള ചില വിസ്മയ വിജയങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ വിമർശനത്തിന്റെ മുന പോകും.

∙ രാഹുൽ ദ്രാവിഡും വി.വി.എസ്. ലക്ഷ്മണും ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് ധോണിയുടെ കീഴിൽ അർഹിക്കുന്ന പരിഗണനയോ അർഹിക്കുന്ന രീതിയിലുള്ള വിടവാങ്ങലോ ലഭിച്ചില്ലെന്ന ഒരു വിമർശനമുണ്ട്. തനിക്ക് പ്രിയപ്പെട്ടവരെ മാത്രം ടീമിൽ നിലനിർത്താൻ ശ്രമിച്ച ധോണി, തനിക്ക് താൽപര്യമില്ലാത്തവരുടെ കരിയർ അകാലത്തിൽ അവസാനിപ്പിക്കുന്നതിനും കാരണക്കാരനായി എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ. ഇർഫാൻ പഠാനേപ്പോലെ ഏറെ പ്രതീക്ഷ പകർന്ന് ടീമിലെത്തുകയും എവിടെയുമെത്താതെ പോകുകയും ചെയ്തതിന്റെ കാരണം ധോണിയാണെന്നും വിമർശനങ്ങളുണ്ട്.

Dhoni.jpg.image.784.410.jpg
 

ഇതിന്റെയൊക്കെ സത്യാവസ്ഥ എന്താണെന്ന് അറിയില്ലെങ്കിലും ധോണിയല്ല ഇവരുടെയൊക്കെ കരിയറിൽ സംഭവിച്ച പ്രശ്നങ്ങൾക്ക് കാരണക്കാരൻ എന്ന് ഇന്ത്യയുടെ മുൻ സെലക്ടർ സന്ദീപ് പാട്ടീൽ വ്യക്തമാക്കിയിരുന്നു. സത്യം മനസിലാക്കാൻ മറ്റു വഴിയില്ലെന്നിരിക്കെ പാട്ടീലിനേപ്പോലുള്ളവർ പറയുന്ന വാക്കുകൾ വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ.

∙ തനിക്ക് ഏറെ പ്രിയപ്പെട്ടവരെ മാത്രം ചേർത്തുനിർത്തി ടീം ഇന്ത്യയ്ക്കുള്ളിൽ ധോണിയൊരു ‘വൃത്തം’ തീർത്തിരുന്നു. രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, സുരേഷ് റെയ്ന തുടങ്ങി ധോണിയുമായി അടുപ്പം പുലർത്തിയിരുന്നവരെല്ലാം അദ്ദേഹത്തിന്റെ ടീമിൽ അവിഭാജ്യ ഘടകങ്ങളായി. ഫോമിലല്ലാത്ത കാലത്തും ഇവരെ കൈവിടാൻ തയാറാകാതിരുന്ന ധോണി, ഇതുമായി ബന്ധപ്പെട്ട് ഏറെ വിമർശനങ്ങൾക്ക് പാത്രമായി. ഇന്ത്യൻ പ്രീമിയർ ലീഗ് വന്നതോടെ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ചേർന്ന ധോണി, അവിടെയും ഇവരെയെല്ലാം കൂടെക്കൂട്ടി.

SP-DHONI-4-col-colour.jpg.image.784.410.
 

ഇടയ്ക്ക് ഫോം ഔട്ടായിട്ടും ഇവരെ കൈവിടാൻ ധോണി തയാറാകാതിരുന്നത് ഏറെ വിമർശനങ്ങൾക്കിടയാക്കിയെങ്കിലും അടുത്തിടെ സമാപിച്ച ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കോഹ്‍ലിക്ക് കീഴിൽ ഇന്ത്യയുടെ വിജയശിൽപികളായത് ധോണിയുടെ ‘സ്വന്തം’ അശ്വിനും ജഡേജയുമായിരുന്നുവെന്ന് ഓർക്കുക. പിന്നീട് ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങളെയും ടീമിന് സംഭാവന ചെയ്തത് ധോണിയാണ്. ഇവരുൾപ്പെടെയുള്ള യുവതാരങ്ങൾക്ക് ‘അസാധാരണ’ പിന്തുണ നൽകിയ ധോണി, കോഹ്‍ലിക്ക് കീഴിൽ വിജയങ്ങൾ ശീലമാക്കിയ ടീം ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ വഹിച്ച പങ്ക് നിസ്തർക്കമാണ്.

∙ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ ടീമെന്ന ഖ്യാതിയോടെ വിരാട് കോഹ്‍ലിക്കു കീഴിൽ വിജയക്കുതിപ്പു നടത്തുന്ന ടീമിനെ കെട്ടിപ്പടുക്കുന്നതിൽ ധോണിയെന്ന ക്യാപ്റ്റന്റെ പങ്ക് വിസ്മരിക്കാനാകില്ല. കോഹ്‍ലിയുൾപ്പെടെ ഈ ടീമിനായി തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങളെല്ലാം തന്നെ ധോണിയെന്ന വൻമരത്തിന്റെ തണലിൽ വളർന്നുവന്നവരാണ്. ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങി ഒരുപിടി യുവതാരങ്ങളെ ഏകദിന, ട്വന്റി20 ടീമിനായി വളർത്തിയെടുത്ത ശേഷമാണ് പരിമിത ഓവർ ക്രിക്കറ്റ് മൽസരങ്ങളിലെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ധോണി പടിയിറങ്ങുന്നത്. കോഹ്‍ലിക്കു കീഴിൽ ഏകദിന, ട്വന്റി20 മൽസരങ്ങളിലും ടീം ഇന്ത്യ വിജയക്കുതിപ്പു തുടരുമ്പോൾ, ധോണിയെന്ന ക്യാപ്റ്റന്റെ വിയർപ്പിന്റെ മൂല്യം ആരാധകർ മറന്നുകൂടാ.#3 Lt.Colonel Purushu

Lt.Colonel Purushu

  Retired President of Chayakkada

 • Super Moderator
 • 31,705 posts
9,950
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 05 January 2017 - 02:14 PM

ക്യാപ്റ്റൻ കൂൾ പടിയിറങ്ങുന്നതും കൂളായി

 

ന്യൂഡൽഹി∙ ക്രിക്കറ്റ് കളത്തിൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകൻ എന്ന പദവി വിട്ടു മഹേന്ദ്ര സിങ് ധോണി പടിയിറങ്ങുന്നു. ടീമിൽ അംഗമായി തുടരാൻ തയാർ എന്ന സന്ദേശം നൽകി ധോണി നായകന്റെ തൊപ്പിയൂരുമ്പോൾ ഓർമയിൽ നിറയുന്നത് ഈ കൂൾ ക്യാപ്റ്റൻ രാജ്യത്തിനായി കൈവരിച്ച നേട്ടങ്ങളുടെ ആരവമാണ്.
 
രണ്ടു ലോക കിരീടങ്ങൾ ഇന്ത്യയ്ക്കു സമ്മാനിച്ച ഏക നായകൻ എന്ന തലയെടുപ്പോടെയാണു ധോണി പദവിയൊഴിയുന്നത്. 2007 ട്വന്റി20 ലോകകപ്പും 2011 ഏകദിന ലോക കിരീടവും 2013 ഐസിസി ചാംപ്യൻസ് ട്രോഫിയും നേടിയ ടീമിനെ ധോണി മുന്നിൽ നിന്നു നയിച്ചു. 2014 ഡിസംബറിൽ ഓസ്ട്രേലിയൻ പര്യടനത്തിനിടെ ടെസ്റ്റിൽ നിന്ന് അപ്രതീക്ഷിതമായി രാജിവച്ചു വിരാട് കോഹ്‍ലിക്കു വഴിയൊരുക്കിയ ധോണി, ഇപ്പോൾ വീണ്ടും കോഹ്‌ലിക്കായി വഴിമാറിയിരിക്കുന്നു.
 
ടെസ്റ്റിൽ തുടർച്ചയായ വിജയങ്ങൾ സ്വന്തമാക്കി, തകർപ്പൻ ഫോമിലുള്ള ടീമിനെ നയിക്കുന്ന കോഹ്‍ലി ഏകദിന, ട്വന്റി20 നായകത്വവും ഏറ്റെടുക്കണമെന്ന ആവശ്യം സമീപകാലത്തു ശക്തമായിരുന്നു. എന്നാൽ, ബിസിസിഐ നേതൃത്വത്തിൽ ആരും രാജി ആവശ്യം ധോണിയോടു സൂചിപ്പിച്ചുപോലുമില്ല. നായകപദവിയിൽ ഇനിയും അങ്കത്തിനു ബാല്യമുണ്ടെന്നു വിമർശകർ പോലും സമ്മതിക്കുമ്പോഴാണ്, ഏവരെയും ഞെട്ടിച്ചു ക്യാപ്റ്റൻ കൂൾ പടിയിറങ്ങുന്നത്. ചടുലനീക്കങ്ങളിലൂടെ എതിരാളിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന മൈതാനത്തെ അതേ ശൈലി, രാജി അറിയിപ്പിലും ധോണി തുടർന്നു. ആർക്കും ഒരു സൂചനയും നൽകാതെ, അപ്രതീക്ഷിതമായ വിടവാങ്ങൽ.
 
ധോണിയുടെ രാജിയോടെ, ടീം ഇന്ത്യയിൽ തലമുറമാറ്റത്തിനു വേദിയൊരുങ്ങി. ഇംഗ്ളണ്ട് പരമ്പരയ്ക്കുള്ള ടീമിനെ നാളെ തിരഞ്ഞെടുക്കാനിരിക്കേ അതിൽ അംഗമായി തുടരാൻ തയാർ എന്നു ധോണി വ്യക്തമാക്കുമ്പോഴും, അത് എത്രനാൾ കൂടി എന്ന ചോദ്യം ഉയരുന്നു. ഇരുപത്തിയാറാം വയസ്സിൽ ഏറ്റെടുത്ത നായകവേഷം മുപ്പത്തിയഞ്ചാം വയസ്സിൽ അഴിച്ചുവയ്ക്കുമ്പോൾ, എംഎസ്ഡി എന്ന മൂന്നക്ഷരം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കുന്നു.
 
ക്യാപ്റ്റൻ ധോണി
 
ടെസ്റ്റ്: 60 മൽസരങ്ങൾ, 27 വിജയം, 18 തോൽവി, 15 സമനില
 
ഏകദിനം: 199 മൽസരങ്ങൾ,110 വിജയം, 74 തോൽവി, 4 സമനില, ഫലമില്ലാതെ 11
 
ട്വന്റി20: 72 മൽസരങ്ങൾ, 41 വിജയം, 28 തോൽവി, 1 സമനില, ഫലമില്ലാതെ 2
 
ക്യാപ്റ്റൻസി റെക്കോർഡുകൾ
 
∙ ഏറ്റവുമധികം രാജ്യാന്തര മൽസരങ്ങളിൽ ക്യാപ്റ്റനായി. മൂന്നു ഫോർമാറ്റുകളിലുമായി 331 മൽസരങ്ങളിൽ‌ ഇന്ത്യയെ നയിച്ചു.
 
∙ ക്രിക്കറ്റിലെ മൂന്നുഫോർമാറ്റുകളിലും അൻപതിലേറെ മൽസരങ്ങളിൽ ക്യാപ്റ്റനായ ഏകതാരം
 
∙ ട്വന്റി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ നായകനായി: 72
 
∙ ട്വന്റി20യിൽ കൂടുതൽ രാജ്യാന്തര വിജയങ്ങളുടെ റെക്കോർഡും ധോണിക്ക്. ധോണിയുടെ കീഴിൽ 41 മൽസരങ്ങൾ ഇന്ത്യ ജയിച്ചു.
 
∙ ട്വന്റി20, ഏകദിന ലോകകപ്പ് കിരീടങ്ങൾ നേടിയ ഏകനായകൻ, 2007ൽ പ്രഥമ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ ചാംപ്യൻമാരാക്കിയ ധോണി 2011ൽ ഏകദിന ലോകകപ്പിലും കിരീടത്തിലേക്കു നയിച്ചു.
 
∙ ബാറ്റിങ്ങിൽ ഏഴാം സ്ഥാനത്തിറങ്ങി സെഞ്ചുറി നേടിയ ഏക ക്യാപ്റ്റൻ, 2012ൽ ചെന്നൈയിൽ പാക്കിസ്ഥാനെതിരെയായിരുന്നു നേട്ടം.


#4 Lt.Colonel Purushu

Lt.Colonel Purushu

  Retired President of Chayakkada

 • Super Moderator
 • 31,705 posts
9,950
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 06 January 2017 - 12:04 PM

ഓ ക്യാപ്റ്റൻ, മൈ ക്യാപ്റ്റൻ!

 

sakshi-dhoni.jpeg.image.784.410.jpg
 

ക്രിക്കറ്റിന്റെ വേദപുസ്തകമായ വിസ്ഡണിൽ വായിച്ചത്: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മൈക് ബ്രെയർലിയുടെ ‘ആർട്ട് ഓഫ് ക്യാപ്റ്റൻസി’യിൽ പറയുന്ന കഥയാണിത്. വലിയൊരു യുദ്ധം ഇതിഹാസതുല്യമായി ജയിച്ചുവന്ന ഒരു ഫ്രഞ്ച് ജനറലിനോട് ഒട്ടും കരുണയില്ലാതെ ആരോ ചോദിച്ചു: ‘അഭിനന്ദനങ്ങൾ. പക്ഷേ, സത്യത്തിൽ ഈ വിജയത്തിന്റെ അവകാശി താങ്കളുടെ ഉപനായകനല്ലേ?’ പ്രകോപിപ്പിക്കുന്ന ആ ചോദ്യത്തിനു ഭാവഭേദങ്ങളൊന്നുമില്ലാതെ ജനറലിന്റെ ഉത്തരം: ‘ആയിരിക്കാം... പക്ഷേ, ഇതു തോറ്റിരുന്നെങ്കിൽ ഞാൻ തന്നെയാകുമായിരുന്നു ഉത്തരവാദി.’ ക്യാപ്റ്റൻസിയുടെ അവസാന കാലങ്ങളിൽ മഹേന്ദ്ര സിങ് ധോണി ഈ ഫ്രഞ്ച് ജനറലിനെപ്പോലെയായിരുന്നില്ലേ?  

വിരാടിന്റെ മികവിൽ ടീം ഇന്ത്യ തുടരെ വിജയങ്ങൾ നേടിക്കൊണ്ടിരിക്കുമ്പോൾ വിചാരണ ചെയ്യപ്പെട്ടതു ധോണിയാണ്. ക്രിക്കറ്റ് ചരിത്രത്തിൽ തുല്യതയില്ലാത്തൊരു സിക്സറിലൂടെ ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റൻ അതോടെ തുഴച്ചിലുകാരനായി. ഏതു സമ്മർദത്തിലും ഭാവഭേദമില്ലാത്ത ക്യാപ്റ്റൻ അഗ്രസ്സീവ് അല്ല എന്ന പരാതിയായി. പൂർണമായും ക്യാപ്റ്റൻ സ്ഥാനം വിട്ടൊഴിയാൻ ധോണിയെ പ്രേരിപ്പിച്ചത് ഇത്തരം വിമർശനങ്ങളായിരിക്കില്ല എന്നു പറയാമെങ്കിലും പലതും ധോണി അർഹിച്ചിരുന്നോ എന്ന ചോദ്യവുമുണ്ട്.

റാഞ്ചിയിലെ കോഹിനൂർ

ഖനികൾ കൊണ്ടു സമ്പന്നമായ സംസ്ഥാനമാണു ജാർഖണ്ഡ്. രാജ്യത്തിന്റെ നാൽപതു ശതമാനം ധാതു ഉൽപാദനവും അവിടെ നിന്നാണ്. കൽക്കരി മുതൽ യുറേനിയം വരെ ജാർഖണ്ഡിൽ നിന്നു കുഴിച്ചെടുക്കുന്നുണ്ടെങ്കിലും ഒറ്റത്തവണ അവിടെ നിന്നു കിട്ടിയ ‘കോഹിനൂർ രത്ന’മാണു മഹേന്ദ്ര സിങ് ധോണി. പിൽക്കാലത്തു ജാർഖണ്ഡിന്റെ തലസ്ഥാനമായി മാറിയ റാഞ്ചിയിൽ ജനിച്ച്, ഖരക്പുർ റയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് എക്സാമിനറായി ജോലി നോക്കി, പെട്ടെന്നൊരു ദിവസം യങ് സെൻസേഷനായി ഇന്ത്യൻ ക്രിക്കറ്റിൽ അവതരിച്ച്, സച്ചിനു ശേഷം എന്തായിരിക്കും ഇന്ത്യൻ ക്രിക്കറ്റ് എന്ന ആന്തലുമായി നിന്ന ആരാധകർക്കു മുന്നിൽ ഒരു പോസ്റ്റർ ബോയ് ആയി രൂപാന്തരപ്പെട്ട്, പിന്നീടു വിരാട് കോഹ്‌ലി ആ സ്ഥാനത്തേക്കു വന്നപ്പോൾ ഒരു ഗോഡ്ഫാദർ എന്ന നിലയിലേക്കു മാറി, അവസാനം യാതൊരുവിധ നാടകീയതകളുമില്ലാതെ ക്യാപ്റ്റൻ പദവിയും വിരാടിനു നൽകി ടീമിലെ ഒരംഗം മാത്രമായി തുടരാൻ തീരുമാനിച്ച ധോണിയുടെ ജീവിതം ഇന്ത്യയിലെ ചെറുപട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും ലോകത്തോളം വളരാനാഗ്രഹിക്കുന്ന ഏതൊരാൾക്കും പാഠപുസ്തകമാണ്.

മുംബൈ, ഡൽഹി, കൊൽക്കത്ത, ബെംഗളൂരു എന്നീ വലിയ മെട്രോ നഗരങ്ങളിൽ നിന്നുള്ളവർ പ്രതിനിധീകരിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ‘എലീറ്റ് സങ്കൽപ്പത്തെ’ തിരുത്തിയെഴുതി പാൻ–ഇന്ത്യൻ സ്വഭാവം നൽകിയതാണു ധോണി ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ ഏറ്റവും വലിയ സംഭാവന.

ധോണി എന്ന കളിക്കാരൻ

ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ കളി കൈമോശം വരുന്നു എന്നു തോന്നിയപ്പോഴാണു ടീമിൽ ഒരംഗമായി പോലും തുടരേണ്ടതില്ല എന്നു ധോണി തീരുമാനമെടുത്തത്. ലിമിറ്റഡ് ഓവർ ക്രിക്കറ്റർ എന്ന നിലയിൽ തന്റെ കഴിവുകളിൽ ധോണിക്ക് ഇപ്പോഴും നല്ല ആത്മവിശ്വാസമുണ്ട് എന്നതിന്റെ തെളിവാണു ക്യാപ്റ്റൻസി മാത്രം വിട്ടൊഴിയാനുള്ള തീരുമാനം. ക്രിക്കറ്റിന്റെ ടെക്സ്റ്റ് ബുക്ക് സങ്കേതങ്ങളനുസരിച്ചു ധോണി ഒരു കംപ്ലീറ്റ് ക്രിക്കറ്ററല്ല. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യയ്ക്കു വിശ്വസിക്കാവുന്ന ഒരു ബാറ്റ്സ്മാനായിട്ടാണ് അദ്ദേഹത്തിന്റെ രംഗപ്രവേശം. ധോണിയുടെ അടിസ്ഥാന ക്രിക്കറ്റ് ഗുണവും അതു തന്നെയാണ്.

പക്ഷേ, രാജ്യാന്തര ക്രിക്കറ്റിൽ നിലനിൽക്കാനായി പലഘട്ടങ്ങളിലായി ധോണി സ്വയം നവീകരിച്ചു. റയിൽവേക്കു കളിച്ചിരുന്ന കാലത്തു പയറ്റിയിരുന്ന ‘സ്ട്രീറ്റ് സ്മാർട്നെസ്സ്’ തന്ത്രങ്ങൾ തന്നെയാണു ധോണി അതിനും സ്വീകരിച്ചത്. എല്ലായ്പോഴും വൻഷോട്ടുകൾക്കു ശ്രമിക്കുന്നത് അവസാനിപ്പിച്ചു വിക്കറ്റിനിടയിലെ ഓട്ടത്തിൽ അദ്ദേഹം സമർഥനായി. വിക്കറ്റ് കീപ്പിങ്ങിലും സ്റ്റംപിങ്ങിലും ആരും സ്വീകരിക്കാത്ത തന്ത്രങ്ങൾ പരീക്ഷിച്ചു വിജയിപ്പിച്ചു. ഇനി, ക്യാപ്റ്റൻ സ്ഥാനം വിട്ടൊഴിഞ്ഞു ടീമിലെ ഒരംഗം മാത്രമായി തുടരുമ്പോൾ ധോണി സ്വയം നവീകരിക്കുന്നതെങ്ങനെയാകാം..?#5 C.Chinchu MoL

C.Chinchu MoL

  Retired Secretrary of Chayakkada

 • Super Moderator
 • 40,619 posts
29,165
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 07 January 2017 - 03:28 PM

നല്ലൊരു ക്യാപ്റ്റന്‍ ആയിരുന്നു :chey:Also tagged with one or more of these keywords: Dhoni, India, Cricket, Team, Captain, T20, Resign, 2017, Punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users