വെറും 68 രൂപക്ക് ഐഫോണ്‍ 5 എസ് ! ; സ്നാപ്ഡീലിനെ കുടുക്കി ബിടെക് വിദ്യാര്‍ഥി
ആപ്പിളിന്റെ ഐഫോണ്‍ 5 എസ് ഗോള്‍ഡ് വാങ്ങണമെങ്കില്‍ കുറഞ്ഞത് 23,000 രൂപയെങ്കിലും മുടക്കണം. എന്നാല്‍ കഴിഞ്ഞദിവസം സ്നാപ്ഡീല്‍ വഴി പഞ്ചാബ് സ്വദേശിയായ ബിടെക് വിദ്യാര്‍ഥി 5 എസ് ഫോണ്‍ വാങ്ങിയത് വെറും 68 രൂപക്ക്. പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ ബിടെക് വിദ്യാര്‍ഥിയായ നിഖില്‍ ബന്‍സാലിനാണ് ഈ ലോട്ടറി അടിച്ചത്. 24,000 രൂപയുടെ ഐഫോണ്‍ 5 എസ് ഗോള്‍ഡ് നിഖില്‍ വാങ്ങിയെന്നല്ല, 68 രൂപക്ക് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ സ്നാപ്ഡീല്‍ വില്ക്കാന് നിര്‍ബന്ധിതരാകുകയായിരുന്നു എന്ന് പറയുന്നതാണ് ശരി. ഫോണ്‍ ഓര്‍ഡര്‍ ചെയ്താല്‍ ഇഷ്ടികയും സോപ്പുമൊക്കെ അയച്ചുനല്‍കി ഇതുവരെ സ്നാപ്ഡീലാണ് ഉപഭോക്താക്കള്‍ക്ക് പണി കൊടുത്തിട്ടുള്ളത്. എന്നാല്‍ നിഖില്‍ എന്ന വിദ്യാര്‍ഥി കൊടുത്ത തിരിച്ചടിയില്‍ സ്തംഭിച്ചിരിക്കുകയാണ് സ്നാപ്ഡീല്‍ അധികൃതര്‍.
സ്നാപ്ഡീലില് വമ്പന്‍ ഡിസ്കൗണ്ട് ഓഫര്‍ കണ്ടാണ് നിഖില്‍ 68 രൂപയ്ക്ക് ഫെബ്രുവരി 12 ന് 16 ജിബി ഐഫോണ്‍ 5 എസ് ഓര്‍ഡര്‍ ചെയ്തത്. ഓഫര്‍ പ്രകാരം 24,000 രൂപയുടെ സ്മാര്‍ട് ഫോണ്‍ വെറും 68 രൂപയ്ക്ക്. ഏകദേശം 99 ശതമാനത്തില്‍ കൂടുതല്‍ സൌജന്യമെന്ന് കണ്ടതോടെ രണ്ടാമതൊന്ന് ആലോചിക്കാതെ നിഖില്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഫോണിന് നല്കിയ ഓഫര്‍ സാങ്കേതിക പിശക് ആയിരുന്നു എന്ന് കാണിച്ച് ഈ ഓര്‍ഡര്‍ സ്നാപ് ഡീല്‍ പിന്‍വലിച്ചു. എന്നാല്‍ ഉറക്കത്തില്‍ നിന്നു വിളിച്ചെഴുന്നേല്‍പ്പിച്ചിട്ട് ചോറില്ലെന്ന് പറഞ്ഞ അവസ്ഥയിലായ നിഖില്‍ ഇതങ്ങനെ വെറുതെ വിടാന്‍ ഒരുക്കമായിരുന്നില്ല. സ്നാപ്ഡീലിനെതിരെ പരാതിയുമായി നിഖില്‍ ബന്‍സാല്‍ പഞ്ചാബിലെ സംഗ്രൂര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചു. കച്ചവടത്തില്‍ മാന്യത കാണിച്ചില്ലെന്ന് നിരീക്ഷിച്ച കോടതി സ്നാപ്ഡീലിനെതിരെ വിധി പുറപ്പെടുവിച്ചു. നിഖില്‍ ഓര്‍ഡര്‍ ചെയ്ത 68 രൂപ വിലയ്ക്ക് തന്നെ ഐഫോണ്‍ അയച്ചു കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. ഒപ്പം 2000 രൂപ പിഴയടക്കാനും. എന്നാല്‍ വെറുമൊരു വിദ്യാര്‍ഥിയുടെ മുന്നില്‍ തോറ്റു കൊടുക്കാന്‍ സ്നാപ്ഡീലും ഒരുക്കമായിരുന്നില്ല. കോടതി വിധിക്കെതിരെ സ്നാപ്ഡീല്‍ രംഗത്തെത്തിയെങ്കിലും വെബ്സൈറ്റ് ഉടമക്ക് 10,000 രൂപ കൂടി പിഴയിനത്തില്‍ നഷ്ടപ്പെട്ടതല്ലാതെ വെറെ ഗുണമൊന്നുമുണ്ടായില്ല.