Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 2806 Today, 09:20 PM Playing Extreme Blast Billiards 6 Play Now!                Ottaka BaalaN has obtained a high score of 1134 Yesterday, 08:32 PM Playing Extreme Blast Billiards 6 Play Now!                SooryappaN has obtained a high score of 31240 Yesterday, 05:40 PM Playing Dog Fight Play Now!                Dracula KuttappaN has obtained a high score of 1302 Feb 21 2018 02:11 PM Playing Speedy Thief Play Now!                Dracula KuttappaN has obtained a high score of 1150 Feb 20 2018 10:37 PM Playing Jungle Monkeys Play Now!                
Photo
 • Please log in to reply
1 reply to this topic

#1 C.Chinchu MoL

C.Chinchu MoL

  Retired Secretrary of Chayakkada

 • Super Moderator
 • 39,680 posts
28,460
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 18 January 2016 - 12:20 PM

കുചേലവൃത്തം വഞ്ചിപ്പാട്ട്

 

രാമപുരത്തു വാരിയർ

 

 

കെല്പോടെല്ലാ ജനങ്ങൾക്കും കേടു തീരത്തക്കവണ്ണ-
മെപ്പോഴുമന്നദാനവുംചെയ്തു ചെഞ്ചെമ്മേ
മുപ്പാരുമടക്കി വാഴും വൈക്കത്തു പെരുംതൃക്കോവി-
ലപ്പാ! ഭഗവാനേ! പോറ്റീ! മറ്റില്ലാശ്രയം.
നിന്തിരുവടിയുടെ നിത്യാന്നദാനമില്ലെങ്കിലും,
ചെന്തിരുപ്പാദം പണിയും വഞ്ചിവാസവൻ
സന്തതവും ധർമ്മംചെയ്യുന്നില്ലെങ്കിലുമാരും കലി-
സന്താപംകൊണ്ടിപ്പൊഴെരിപൊരി കരുതും.
മൂർത്തി മൂന്നും മുപ്പത്തുമുക്കോടിദേവന്മാരുമൊരു
മൂർത്തിയായി മുപ്പാരിന്നു വിളക്കുമായി 
മാർത്താണ്ഡാഖ്യയായിരിക്കും പ്രത്യക്ഷദേവതയുടെ
മാഹാത്മ്യമോർത്തിട്ടു മനസ്സലിഞ്ഞീടുന്നു.
സർവദേവതകളും പ്രസാദിച്ചിട്ടനുഗ്രഹിക്കും
സന്തതമെന്നുള്ളിലുള്ള വികാരമോർപ്പൂ!
ഗുർവിയായ ഭക്തിവേണ്ടുന്നേരത്തൊരേടത്തുറച്ചു
ഗുരുവിന്റെ കടാക്ഷംകൊണ്ടെന്നു തോന്നുന്നു.
വഞ്ചനമനുജനായിട്ടവതരിച്ചിരിക്കുന്ന
വഞ്ചിവലവൈരിയുടെ കൃപയ്ക്കിരപ്പാൻ
വഞ്ചികയായ് വന്നാവൂ ഞാ,നെന്നിച്ഛിച്ചു വാഴും കാലം
വഞ്ചിപ്പാട്ടുണ്ടാക്കേണമെന്നരുളിച്ചെയ്തു. 
വേദശാസ്ത്രപുരാണേതിഹാസകാവ്യനാടകാദി
വേദികളായിരിക്കുന്ന കവികളുടെ
മേദുരങ്ങളായ ഗദ്യപദ്യങ്ങളെ ശ്രവിക്കുന്ന
മേദിനീന്ദ്രനജ്ഞനോടാജ്ഞാപിച്ചതോർപ്പൂ!
വാനവർക്കു നിറവോളമമൃതമർപ്പിച്ച ഭഗ-
വാനു കുചേലകുചിപിടകമെന്നോണം
വാണീഗുണംകൊണ്ടാരെയും പ്രീണിപ്പിക്കും വഞ്ചിവജ്ര-
പാണിക്കെൻ പാട്ടിമ്പമാവാനടിതൊഴുന്നേൻ.
ബന്ധംവന്ന കുചേലോദന്തത്തെത്തന്നെ പാട്ടായിട്ടു
ബന്ധിപ്പേനതിനിനിയും സംഗതി വരും,  
ബന്ധുരതിരുവനന്തപുരത്തെയും ഭക്തജന-
ബന്ധുവായ പദ്മനാഭനെയും തൊഴുന്നേൻ.
യാനം ദൂരത്തിങ്കലെളുതല്ലെന്നിരിക്കിലും മമ
സ്യാനന്ദൂരത്തിങ്കലോളം ചെന്നീടുവാനും
ആനന്തരൂപിയാമനന്തശായിയെ ദർശിപ്പാനു-
മാ നന്ദഗോപകുമാരൻ കൃപചെയ്യണം.
കഷ്ടമായ കലിയുഗകാലവും കലികളായ
ദുഷ്ടരും മുഴുക്കമൂലമനന്തപുരം
പ്ലുഷ്ടമായിപ്പോകകൊണ്ടും, പുണ്യശീലന്മാരായുള്ള
ശിഷ്ടന്മാർക്കു പുലർച്ചയില്ലാത്തതുകൊണ്ടും  
നവമവതാരമൊന്നുകൂടി വേണ്ടിവന്നു നൂനം
നരകാരിക്കൻപതിറ്റാണ്ടിന്നപ്പുറത്ത്.
നവമായിട്ടോരോകൂട്ടമത്യാശ്ചര്യം നാളുതോറും
നരലോകേ കണ്ടും കേട്ടും വരുന്നീലയോ?
സ്വാമിദ്രോഹികടെ വംശവിച്ഛേദം വരുത്തിയതും
സ്വാമിത്രമന്നവന്മാരെ ദ്രവിപ്പിച്ചതും
ഭൂമിയിങ്കലാരും സാധിക്കാത്ത കാര്യം പല കൂട്ടം
ഭൂമാവുകൊണ്ടു സാധിച്ചു സമർപ്പിച്ചതും
കോട്ടപ്പടി പലതുറപ്പിച്ചു നന്നായൊരേടത്തും
കോട്ടംകൂടാതെകണ്ടുത്സാഹിച്ചു ചെഞ്ചെമ്മേ 
നാട്ടിനെ നന്നാക്കിയതുമോർത്താലെങ്ങും ജയസ്തംഭം
നാട്ടുമീ നവാവതാരമെന്നു തോന്നുന്നു.
കാർത്തവീര്യൻ കഴിച്ചോണം ഭദ്രദീപപ്രതിഷ്ഠയും
കാശിരാമസ്വാമിപ്രതിഷ്ഠയും കഴിച്ചു.
മാർത്താണ്ഡമഹീപതീന്ദ്രൻ വെറുതെയോ ജയിക്കുന്നു!
മാലോകരേ മന്നരായാലീവണ്ണം വേണ്ടൂ
അന്നവസ്ത്രാഭരണാദിവർഷമർത്ഥികളിലിന്നും
മന്നവരിലാരാനേവം ചെയ്തീടുന്നുണ്ടോ?
അന്യായംചെയ്യുന്നവനേ ദണ്ഡമനുഭവിക്കേണ്ടൂ
മന്യേ മനോദോഷം മഹാരാട്ടിനില്ലൊട്ടും.  
ചൊൽകൊണ്ട പണിപ്രകാരം ചൊല്ലുകെളുതല്ലാരാലു-
മിക്കണ്ട പാരിലീവണ്ണമില്ലിപ്പൊഴെങ്ങും
ഉൽക്കണ്ഠമായുടനനന്തപുരശില്പവും കേട്ടാൽ
ഉൽക്കണ്ഠയും കാണാഞ്ഞുണ്ടാം കരളിലാർക്കും.
ഒറ്റക്കല്ലിങ്ങോ‍ടിവന്നു മുഖമണ്ഡപം ഭവിച്ചു
മറ്റൊന്നിതിൽപ്പരം മന്നർക്കാജ്ഞകൊണ്ടാമോ?
കുറ്റമറ്റ തിരുക്കാപ്പു,മകത്തെ മുറ്റവും തിരു-
മുറ്റത്തുള്ള മണ്ഡപവു,മമ്പലം നാലും,
ചുറ്റിനകത്തും പുറത്തും ബലിശിലകളും വെണ്മ-
പെറ്റ വേദികയും പൊന്നിൻ‌കൊടിമരവും  
അറ്റത്തിങ്കലന്തരീക്ഷം പൊക്കിക്കളഞ്ഞാത്മപീഠം
പറ്റിയോരു പക്ഷിരാജപരിഷ്കാരവും
ഇന്ദ്രനീലശിലയാ നിർമ്മിതമാം ശീവേലിപ്പന്തൽ,
ഇന്ദ്രിയങ്ങൾക്കാനന്ദമാമങ്കണങ്ങളും,
ചന്ദ്രശാലാശതങ്ങളും, ചാരുതരഹർമ്മ്യങ്ങളും,
ചന്ദ്രികാചർച്ചിതങ്ങളാം പ്രാസാദങ്ങളും,
ഗോപുരം നാലും, വളർന്ന വാമനന്റെ വട്ടമേറും
നൂപുരം‌പോലെ വിളങ്ങും പൊൻപ്രാകാരവും
ദീപിക്കുന്നു ദിവ്യരത്നമയം, ചൊല്ലപ്പെട്ടതെല്ലാം
പാപദൃക്കുക്കൾക്കേ കല്ലും മരവുമാവൂ 
ഭുവി ഭവിച്ചിട്ടനന്തതല്പേ ശയിക്കുമാനന്ദ-
രൂപിയാം പദ്മനാഭന്റെ പുരി, സഹസ്രം
സ്തൂപികളെക്കൊണ്ടാകാശം തുളയ്ക്കുന്ന ഭാസാ വിശ്വം
വ്യാപിക്കുന്ന വിശാലത പുകഴിത്തിക്കൂടാ.
വാടകളുമെല്ലാനാളു വാസന്തശ്രീ വിളയാടും
വാടികളും വണ്ടേറും പൂങ്കാവുകളുടെ
വാടകളും വാപികൂപതടാകാദികളും ചുറ്റും
വീടുകളും മഠങ്ങളും വിളങ്ങീടുന്നു.
അത്രയല്ലരികത്തമരാവതിയെക്കാട്ടിലതി-
ചിത്രമായ വഞ്ചിരാജരാജധാനിയും 
പത്രിവാഹനന്റെ പുരി പെറ്റിട്ടു പിറന്നുണ്ടായ
പുത്രിയെന്നപോലെ പരിലസിച്ചീടുന്നു.
ഭൂലോകവൈകുണ്ഠലോകഭൂതാനന്തപുരത്തിങ്ക-
ലാലോകിക്കപ്പെടുമഖിലാണ്ഡങ്ങളുടെ
മൂലകന്ദത്തിന്റെ ജന്മകർമ്മങ്ങൾക്കില്ലന്തം; കർമ്മ-
ജാലങ്ങളിലിന്നുമൊരു കർമ്മവും ചൊല്ലാം.
എങ്കിലെല്ലാവരും കേട്ടുകൊള്ളൂ തിരുമനസ്സിന്നും
എങ്കലുള്ള പരമാർത്ഥം പാട്ടുകൊണ്ടുണ്ടാം:
 
പങ്കജനാഭാവതാരം പത്തിലുമാധിക്യമേറും
പങ്കഹരനായ കൃഷ്ണനെന്നറിഞ്ഞാലും.  
മത്സ്യകച്ഛപാദികളി,ലെഴും വ്യാജാൽ ബലിയോടു
മത്സരിച്ച വടു തുലോം വലുതുപോലും.
മത്സ്വാമി രാ‌മപുരത്തു ഭഗവാനാം ഗോവിന്ദനും
ചിത്സ്വരൂപം പരബ്രഹ്മം മുഴുവൻതന്നെ.
മയാമോഹമേറും മൂന്നു രാമന്മാർ‌ക്കും, കൃഷ്ണസംജ്ഞ-
മായ മുഴുബ്രഹ്മത്തിനും മറുമൂർത്തിക്കും
ആയതൊട്ടു‌മല്ല; മൂലമൂർത്തിയിലും ശൌരിക്കേറും
ആയതു പിത്രധികനാം പുത്രനെന്നോണം.
ബ്രഹ്മാദികളർത്ഥിച്ചിട്ടു പരിപൂർണ്ണമായിരിക്കും
ബ്രഹ്മം മുഴുവൻ ദേവകിയുടെ ജഠരം  
ജന്മഭൂമിയാക്കീട്ടാ‌മ്പാടിയിലെട്ടൊൻപതു വർഷം
നന്മയോടെ നാളുതോറും വളർന്നീലയോ
ദേവകിയുടെ വയറ്റിൽ പിറന്ന പിള്ള നന്ദന്റെ
ജീവനാഥയാകും യശോദയ്‌ക്കുമാത്മാനം
പാവാനാംഗം പത്തുമാസം ചു‌‌മന്നു ഞാൻ പെറ്റുണ്ടായ
ഗോപാലനെന്നുറപ്പിച്ച പുതുമയോർപ്പൂ!
രണ്ടമ്മയും രണ്ടച്ഛനു‌മൊരുത്തനുണ്ടായിട്ടുണ്ടോ
പണ്ടെങ്ങാനു,മീ‌ശ്വരന്റെ കളിയാശ്ചര്യം!
ചെണ്ടകൊട്ടിക്കു‌മാരെയും, ചതിക്കയില്ലാദ്യനൻപു-
കൊണ്ടു ചിലേടത്തു വേണ്ടിവരും കൈതവം.  
പിള്ളയായിട്ടു പിറന്നുവീണപ്പോഴേ തുടങ്ങിയ
കള്ളവിദ്യ ശബരന്റെ ശരമേല്പോളം
ഉള്ളുയർന്ന ഭക്തിയോടെ ചിന്തിപ്പോരെക്കാത്തുകൊള്ളും
ഉള്ളതുരചെയ്യുന്നേരം പുഞ്ചിരിതൂകും
വീരോദാരത്വവും നല്ല നേരും നടിച്ചെന്നേരവും
ശ്രീരാമന്റെ കൂട്ടിരുന്നാലൊരുകാര്യവും
തീരുന്ന കാലമല്ലിപ്പോളെന്നായിട്ടിരിക്കും കൃഷ്ണൻ
തീരറ്റ കാപട്യംകൊണ്ടു കളിച്ചതെല്ലാം.
 മണ്ണുതിന്നു മകനെന്നു കേട്ടിട്ടമ്മ കോപിച്ചപ്പോൾ
ഉണ്ണിക്കൃഷ്ണൻ വാ പിളർന്നിട്ടുലകീരേഴും  
കണ്ണിൽ കാട്ടി മായകൊണ്ടു മോഹിപ്പിച്ചന്നേരംതന്നെ
കണ്ണൻ കെട്ടിക്കേറിക്കൊണ്ടു മുലകുടിച്ചു.
വെണ്ണ കട്ടുതിന്നും വേശ്യമാർക്കു കൂലിവേല ചെയ്തും
വിണ്ണോടൊക്കും വ്രജേ വീടുതോറും നടന്നു.
തർണ്ണകതസ്കരംകൊണ്ടു നാന്മുഖനെക്കരയിച്ചു
വർണ്ണിപ്പാനിന്നിതിൽപ്പരമുണ്ടോ വൈഭവം?
കുന്നെടുത്തു കുടയാക്കീട്ടേഴഹോരാത്രം മുഴുവൻ
നിന്നു കുഞ്ഞിക്കൃഷ്ണൻ നിജ പശുപശുപാൻ
ഒന്നൊഴിയാതെ പാലിച്ചു, കല്പാന്തമേഘങ്ങളിന്ദ്രൻ
ചൊന്നവണ്ണം വർഷിച്ചവരൊതുങ്ങിവാങ്ങി  
“എന്നേക്കുമെൻ ഗർവംവെച്ചു വട്ടംവഴുക്കൊല്ല കൃഷ്ണ!
കൊന്നേക്കൊല്ല ഭഗവാനേ! ഭജേ ഭവന്തം!”
എന്നീവണ്ണമാവലാതി പറവൂതും ചെയ്തു വജ്രി
വന്നു വണങ്ങീട്ടു വീണു നമസ്കരിച്ചു.
കണ്ടാലെത്രയും നന്നായിട്ടെണ്ണമറ്റിട്ടമ്പാടിയി-
ലുണ്ടായിരുന്നൊരു ഗോപിമാരിലുണ്ണിയാം
തണ്ടാരമ്പമ്പിതാവിനെത്തെണ്ടിച്ചെന്നു പുണരാതെ
രണ്ടോ നാലോ നാരിമാരുണ്ടായിരിക്കിലാം.
പാട്ടിലിന്നിക്കഥയൊട്ടും പറയാതെകണ്ടൊഴിച്ചാൽ
പാപവും ഗോപസ്ത്രീയുടെ ശാപവുമുണ്ടാം  
പാട്ടിലുള്ള കുലവിദ്യകൊണ്ടു പരമാത്മാവിന്റെ
പാദംപ്രാപിച്ച കൂട്ടത്തെ മറന്നെന്നാമോ?
ത്രിവിക്രമൻ മഥുരയ്ക്കു ചെല്ലുന്നേരമഗതിയാം
ത്രിവക്രയെക്കണ്ടു കൂനും നിവർത്തു വേഗാൽ
അവക്രയാ‍ക്കിയെന്നല്ല മാറത്തേ മങ്കയെക്കാളു-
മവൾക്കഴകേറ്റിവെച്ചതെന്തിന്നിരിപ്പൂ!
കംസനെ മഞ്ചത്തീന്നുന്തിക്കാതംവഴി ദൂരത്തിട്ടു
ഹിംസിച്ചിട്ടും വൈരമൊടുങ്ങാഞ്ഞിട്ടൊടുക്കം
സംസത്തിങ്കലിട്ടിഴച്ചു, സർവസാക്ഷിയായിരിക്കും
പുംസാം ഭക്തിചെയ്താലില്ല കൃപയ്ക്കു മാറ്റം.  
മാതുലനെക്കൊന്നവന്റെ താതനെ നാടു വാഴിച്ചു
മാതാ‍പിതാക്കന്മാരെയുമഴിച്ചുവിട്ടു
മാധവനുഗ്രസേനന്റെ ഭൃത്യനെന്ന ഭാവം, ഭക്ത-
ബാന്ധവനതമ്മാവനെ മറപ്പാൻ മൂലം
അന്തകനെജ്ജയിച്ചിട്ടു ചത്ത പുത്രനെക്കൊണ്ടന്നു
സന്തൊഷിപ്പിച്ചിട്ടു സാന്ദീപനിക്കു ചെമ്മേ
ചെന്താമരക്കണ്ണൻ ഗുരുദക്ഷിണചെയ്തതാർക്കാനും
ചിന്തിക്കാവുന്ന കാര്യമോ നിരൂപിച്ചാലും
പതിനെട്ടുവട്ടം ജരാസന്ധനോടു പടവെട്ടി
പടിഞ്ഞാറെജ്ജലധിയിൽ പാളയം കെട്ടി  
പതിനാറായിരത്തെട്ടു പതിവ്രതമാരെ വേട്ടു,
പരനിതൊക്കെയും പാരിൽ പരക്കെക്കേട്ടു,
ബാണരണത്തിങ്കൽ കൃഷ്ണൻ പ്രമഥന്മാരേയും പുഷ്പ-
ബാണപുരാന്തകനാകും ഭഗവാനേയും
ബാണങ്ങളെക്കൊണ്ടു ജയിച്ചതും ബാല്യേ കഴിഞ്ഞൊരു
വാണീജാനിജയത്തെക്കാളതികഠിനം.
ധർമ്മപുത്രനുടെ കാര്യക്കാരനോ കാരണമർത്യൻ
ധർമ്മദൈവമോ ദൂതനോ ഞാനറിഞ്ഞില്ല.
സന്മതിയാമർജ്ജുനന്റെ സഖിയോ സൂതനോ പര-
ചിന്മയൻ ഗുരുഭൂതനോ ഞാനറിഞ്ഞില്ല.  
സുരാസുരനരന്മാരെജ്ജയിച്ച സവ്യസാചിയെ
ജരാനരജിതനായ നദീതനയൻ
ശരപരവശനാക്കി പോരിലപ്പോഴപ്പോളൊരു
ചരാചരപ്രപഞ്ചനാം പതി കോപിച്ച്
കമ്മട്ടമല്ലീ വൃദ്ധന്റെ കളിയെന്നിട്ടു കയറും
ചമ്മട്ടിയും വച്ചിട്ടനായുധത്വം സത്യം
കൈവിട്ടുകളഞ്ഞു ചക്രമെടുപ്പൂതുംചെയ്തു രാജ-
ക്കൺവെട്ടത്തിറങ്ങി ദേവവ്രതന്റെ നേരെ
വില്ലുംവെച്ചു തൃക്കൈവിളയാടി വേണമടിയനെ-
ക്കൊല്ലുവാനെന്നർത്ഥിച്ചിട്ടഞ്ജലിയും ചെയ്ത് 
വല്ലഭനാം ഭീഷ്മരരികത്തുവന്നു, വാസുദേവൻ
വല്ലാതായിട്ടു വാങ്ങീ പലവട്ടവും.
ദ്രോണരണേ ഭഗദത്തനയച്ച നാരായണാസ്ത്രം
ചാണൂരാരി തേരിൽനിന്നു ചാടിച്ചെന്നേറ്റൂ:
കാണപ്പെട്ടു മാറിലതു മാലയായിട്ടെല്ലാരാലും,
പ്രാണഹാനി വരാതെ ജിഷ്ണുവും ജീവിച്ചു.
അഞ്ചാറുനാഴികപ്പകലുള്ളപ്പോഴാദിത്യബിംബം
അഞ്ചാതെ തൃച്ചക്രംകൊണ്ടു മറച്ചു കൃഷ്ണൻ
വഞ്ചിച്ചു ജയദ്രഥനെ വധിപ്പിക്കകൊണ്ടർജ്ജുനൻ
വഞ്ചെന്തീയിൽ ചാടിച്ചാമ്പലാകാഞ്ഞുപോലും 
ഗാണ്ഡീവശരകൂടം തീർത്തിന്ദ്രന്റെ വർഷം തടുത്തു
ഖാണ്ഡവത്തെക്കൊണ്ടഗ്നിക്കു വിശപ്പുതീർത്ത
പാണ്ഡവനവനെ വഹ്നി തിന്നുമെങ്കിൽ ഭഗവാനാം
താണ്ഡവപ്രിയന്റെ തൃക്കണ്ണൻപുകോലുമോ?
പാർത്ഥനഗ്നിപ്രവേശം പ്രതിജ്ഞചെയ്തതും തം പാതും
തീർത്ഥപാദനർക്കതിരസ്കാരം ചെയ്തതും
ചീർത്ത പുത്രഭാഗിനേയവിനശാർത്തികൊണ്ടതീത-
വാർത്തയോർത്തിട്ടല്ലെന്നുണ്ടെനിക്കു തോന്നുന്നു.
കർണ്ണന്റെ നാഗാസ്ത്രമർജ്ജുനന്റെ മഹാകിരീടത്തെ
മണ്ണിലാക്കി, കഴുത്തറുത്തില്ല, സൂതനാം  
കണ്ണനൂഴിതാഴ്ത്തുകൊണ്ടീവണ്ണമെന്തെല്ലാംകൂ‍ട്ടം
കർമ്മം പാർത്ഥന്മാർക്കുവേണ്ടീട്ടച്യുതൻ ചെയ്തു.
എളിയപുറത്തെ നിൽപ്പു കൃഷ്ണനെല്ലാവറ്റേക്കൊണ്ടും;
ഞെളിയുന്ന ജനങ്ങളെ ഞെരിപ്പാൻകൂടും.
കളിയല്ലേ കർണ്ണന്റെയും ദുര്യോധനന്റെയും വധം
എളുതാമോ പാണ്ഡവർക്കീ ബന്ധുവില്ലാഞ്ഞാൽ?
ദീനദീനനാകകൊണ്ടും ഹീനനാകകൊണ്ടുമേറ്റം
ജ്ഞാനമില്ലാഴികകൊണ്ടുമെനിക്കീശ്വരൻ
താനേകൂടത്തുണയ്ക്കകൊണ്ടീവണ്ണം ഗാനംചെയ്യുന്നു
ഞാനല്ലാതെ മതിയാകയില്ലെന്നു നൂനം.  
എത്രയും ഭക്തവാത്സല്യമേറിയ ഭഗവാൻ കൃഷ്ണ-
നത്ര പാരിലവതാരകാര്യം മിക്കതും
സത്രിക്കാതെ സാധിച്ചിട്ടു സർവ്വമഹിഷിമാരോടും
പുത്രപൗത്രാദികളുടെ സാകല്യത്തോടും
പിത്രാദികളോടും പ്രീതനായ ബലഭദ്രനോടും
മിത്രമിഥുനങ്ങളോടും മന്ത്രികളോടും
തത്ര സമുദ്രമധ്യസ്ഥമഹാരാജധാനിയിങ്കൽ
സുത്രമാവിനെക്കാട്ടിലും സുഖിച്ചിരുന്നു.
അക്കാലത്തൊന്നിച്ചു ഗുരുകുലവാസം ചെയ്കമൂലം
ചിൽക്കാതൽക്കു സതീർത്ഥ്യനായിരുന്ന വിപ്രൻ  
ചൊൽക്കൊണ്ട കുചേലൻ ഭക്തികൊണ്ടു ദാരിദ്ര്യദുഃഖവു-
മുൾക്കൊള്ളാതെകണ്ടില്ലത്തു ഭജിച്ചിരുന്നു.
ഭക്തിയേറും ഭഗവാങ്കലെങ്കിലുമവന്റെ ഭാര്യ
ഭർത്താവോളം വിരക്തയായില്ല; ഭക്ഷിച്ചേ
ശക്തിയുള്ളൂ ശുശ്രൂഷിപ്പാനെന്നായിട്ടേകദാ സതീ-
സക്തിയോടുകൂടെ പതിയോടു പറഞ്ഞു:
“ചില്ലീനമാനസ! പതേ! ചിരന്തനനായ പുമാൻ
ചില്ലിചുളിച്ചൊന്നു കടാക്ഷിപ്പാനോർക്കണം.
ഇല്ല ദാരിദ്ര്യാർത്തിയോളം വലുതായിട്ടൊരാർത്തിയും
ഇല്ലം വീണു കുത്തുമാറായതു കണ്ടാലും.  
വല്ലഭ! കേട്ടാലും പരമാത്മമഗ്നനായ ഭവാൻ
വല്ലഭയുടെ വിശപ്പുമറിയുന്നില്ല.
സർവ്വവേദശാസ്ത്രപുരാണജ്ഞൻ ഭവാൻ ബ്രഹ്മശക്ര-
ശർവ്വവന്ദ്യനായ ശൗരി തവ വയസ്യൻ
നിർവ്വാണദനായ ലക്ഷ്മീപതിയെച്ചെന്നു കണ്ടാലീ
ദുർവ്വാരദാരിദ്ര്യദുഃഖമൊഴിയും നൂനം.
ഗുരുഗൃഹത്തിങ്കൽനിന്നു പിരിഞ്ഞതിൽപ്പിന്നെ ജഗൽ
ഗുരുവിനെയുണ്ടോ കണ്ടു വെറുതേ ഗുണം
വരികയില്ലാർക്കും, ഭഗവാനെക്കാണ്മാൻ കാലേതന്നെ
വിരയെ യാത്രയാകേണമെന്നു തോന്നുന്നു.”
പറഞ്ഞതങ്ങനെതന്നെ, പാതിരാവായല്ലോ പത്നീ!
കുറഞ്ഞൊന്നുറങ്ങട്ടെ ഞാനുലകീരേഴും
നിറഞ്ഞ കൃഷ്ണനെക്കാണ്മാൻ പുലർകാലേ പുറപ്പെടാം
അറിഞ്ഞു വല്ലതും കൂടെത്തന്നയയ്ക്കേണം.
ത്രിഭുവനമടക്കിവാണിരുന്നരുളുന്ന മഹാ-
പ്രഭുവിനെക്കാണ്മാൻ കൈക്കലേതും കൂടാതെ
സ്വഭവനത്തിങ്കൽനിന്നു ഗമിക്കരുതാരും കൈക്ക-
ലിഭവുമാമിലയുമാം കുസുമവുമാം
അവലുമാം മലരുമാം ഫലവുമാം യഥാശക്തി
മലർക്കന്യാമണവാളനൊക്കെയുമാകും.  
മലംകള മനസ്സിലിന്നെന്തുവേണ്ടെന്നറിയാഞ്ഞു
മലയ്ക്കേണ്ട, ചൊന്നതിലൊന്നുണ്ടാക്കിയാലും.”
ഇപ്രകാരം ഭർത്താവിന്റെ വാക്കുകേട്ടിട്ടനന്തരം
വിപ്രഭാമിനി യാചിച്ചുകൊണ്ടന്ന ധാന്യം
ക്ഷിപ്രമിരുട്ടത്തിടിക്കകൊണ്ടു കല്ലും നെല്ലുമേറു-
മപ്പൃഥുകം പൊതിഞ്ഞൊരു തുണിയിൽക്കെട്ടി
കാലത്തെഴുന്നേറ്റു കുളിച്ചൂത്തുവന്ന പതിയുടെ
കാലടി വന്ദിച്ചു പൊതി കൈയിൽക്കൊടുത്തു.
കൂലംകഷകുതൂഹലം കുടയുമെടുത്തിട്ടനു-
കൂലയായ പത്നിയോടു യാത്രയും ചൊല്ലി.  
ബാലാദിത്യവെട്ടം തുടങ്ങിയ നേരം കൃഷ്ണനാമ-
ജാലങ്ങളെ ജപിപ്പൂതും ചെയ്തു കുചേലൻ.
ചാലേ വലത്തോട്ടൊഴിഞ്ഞ ചകോരാദി പക്ഷികടെ
കോലാഹലം കേട്ടുകൊണ്ടു വിനർഗമിച്ചു.
നാഴികതോറും വളരും ഭക്തിനൽകുമാനന്ദമാ-
മാഴിയിങ്കലുടനുടൽ മുഴുകുകയും
താഴുകയുമൊഴുകയും ചെയ്തു കാലമല്പം പോലും
പാഴാക്കാതെ പോയി വിപ്രൻ വിവിധങ്ങളാം
ഗ്രാമനഗരാദികളെക്കടന്നിട്ടു സജ്ജനനാം
ഗ്രാമണി ഗമിക്കുന്നേരമഗണ്യമായ  
രാമാനുജന്റെ ഹൃദയമറിവാൻ മേലയെന്നിട്ടു
രോമാഞ്ചമണിഞ്ഞീവണ്ണം വിചിന്ത ചെയ്തു.
നാളെ നാളേയെന്നായിട്ടു ഭഗവാനെക്കാണ്മാനിത്ര
നാളും പുറപ്പെടാഞ്ഞ ഞാനിന്നു ചെല്ലുമ്പോൾ
നാളീകനയനനെന്തു തോന്നുന്നോയിന്നു നമ്മോട്!
നാളികം കരിമ്പനമേലെയ്തപോലെയോ?
ദേശികദക്ഷിണ കഴിഞ്ഞതിൽപ്പിന്നെക്കാണാഞ്ഞ ഞാൻ
ദേവദേവനാലർത്ഥിക്കപ്പെടുമെങ്കിലും
ദാശാർഹനെൻ ദാരിദ്ര്യമൊഴിച്ചയപ്പാൻ ബന്ധം വേണ്ട,
ദാസ്യസഖ്യാദികളോ നിത്യന്മാർക്കുണ്ടാമോ?  
താണു പണ്ടുണ്ടായ സാപ്തപദീനം തന്നേ പറഞ്ഞു
കാണുമ്പോളഖിലേശനോടിരപ്പനിവൻ.
ദ്രോണർ ദ്രുപദാനാലെന്നപോലെ നിന്ദിക്കപ്പെടുക-
വേണമെന്നില്ലാദ്യനല്ലേ? പ്രഭുവല്ലല്ലോ.
മാനിയാമർജ്ജുനനോളം വലിപ്പമില്ലുണ്ടെങ്കിലും
കുനിയായ കുബ്ജയേക്കാളിളപ്പം കൊണ്ടും
മാനനീയത്വം വലിപ്പം കൊണ്ടുമെനിക്കേറും നൂനം
ദീനബാന്ധവൻ ബ്രാഹ്മണ്യദേവനല്ലയോ.
അന്തണരിലേകനെന്നാൽ കുനിഞ്ഞു കൃഷ്ണനെത്രയും
ജന്തുവായ ജളനെയും പ്രസാദിപ്പിക്കും. 
എന്തായാലും ചെന്താമരക്കണ്ണനെന്നെക്കാണുന്നേരം
സന്തോഷിക്കും സൽക്കരിച്ചയയ്ക്കയും ചെയ്യും.”
ഈവണ്ണമാക്ഷേപസമാധാനങ്ങളെച്ചെയ്തു ചിത്തം
കാർവർണ്ണങ്കലുറപ്പിച്ചു ചെഞ്ചെമ്മേ ചെല്ലും
ഭൂവിണ്ണോരിലഗ്രഗണ്യനായ കുചേലനാലഗ്രേ
സൗവർണ്ണയാം ദ്വാരവതി ദർശിക്കപ്പെട്ടു.
ഇപ്പാരിലിന്നില്ലീവണ്ണമൊരു മഹാരാജധാനി
മുപ്പാരിലുമില്ല, മന്യേ മുകുന്ദപദം
അൽപ്പവുമില്ലാതങ്ങുർവിയിങ്കൽൽപ്പോയി വാസുദേവൻ
ചിൽപ്പുരുഷനോടുകൂടിപ്പരമപദം  
പശ്ചിമപയോധിയുടെ നടുവിന്നാഭരണമാം
കശ്ചന പൊന്നുന്തുരത്തുമതിന്റെ മീതേ
ദുശ്ച്യവനനഗരിയെ നാണിപ്പിച്ച രത്നപുരി
നിശ്ചലയായിട്ടുനിന്ന നിലയുമോർപ്പൂ.
ഭോഗവതിയായ പുരി പൊക്കംകൊണ്ടു നഭസ്സിന്റെ
ഭാഗത്തെയുമതിക്രമിച്ചനേകകാലം
ഭോഗവതീപുരിയുടെ തലയിലിരുന്നുപോലും,
ഭോഗശായിയോടുകൂടിപ്പോകയും ചെയ്തു.
ചുറ്റുമംബരം ചുംബിക്കും പൊന്നും പുറംകോട്ടയ്ക്കക-
ത്തൊറ്റരത്നക്കൽത്തളം ചെയ്തിരിക്കമൂലം  
മുറ്റമെല്ലാം മിനുങ്ങീട്ടു തെറ്റുതെളുതെളെ മിന്നും
മുറ്റമെവിടെയുമാർക്കുംകണ്ണാടികാണാം
മുകളിലാകാശംമുട്ടുമകമതിലുകടേയും
മുകപ്പുകടേയുമെണ്ണം ഗണിച്ചുകൂടാ.
മുകുന്ദന്റെ പദമെന്റെ മനോമയമായിരിക്കും
മുകുരത്തിൽ കണ്ടപോലെ പറഞ്ഞുകൂടാ.
സാലംതോറും നന്നാലു ഗോപുരങ്ങളുണ്ടത്രയല്ല
സാലങ്കാരപുരദ്വാരങ്ങളുടെ നേരെ,
നാലുദിക്കിലോട്ടുമോരോ മഹാമാർഗ്ഗങ്ങളുണ്ടതിൽ
നാലിന്റെയും പാർശ്വങ്ങളിലാപണങ്ങളും  
അങ്ങാടികളിലൊക്കെയുമാപണങ്ങളിലൊക്കെയും
മങ്ങീടാതെ മഹാലക്ഷ്മിയുടെ കടാക്ഷം
തങ്ങീടുകകൊണ്ടു ധനധാന്യാദികൾക്കിടംപോരാ,
പൊങ്ങീടുന്ന നാനാ മണിഹേമാദികൾക്കും
ഇന്ദിര രണ്ടെണ്ണായിരത്തെട്ടായിട്ടിരുന്നരുളും
മന്ദിരങ്ങളുമത്രയുമുണ്ടെന്നു വെപ്പൂ.
നന്ദഗോപപുത്രപൗത്രാദി ഗൃഹഗണനം
ദന്ദശൂകേശനുമെളുതല്ല നിർണ്ണയം
പ്രദ്യോതനകോടിപ്രകാശന്മാരായി വിളങ്ങീടും
പ്രദ്യുമ്നാനിരുദ്ധാദിസത്മങ്ങളും, സദാ  
മദ്യമത്തനായ മാധവാഗ്രജന്റെ മന്ദിരവും
വിദ്യാവൃദ്ധനാമുദ്ധവരുടെ ഗൃഹവും
സാത്യകികൃതവർമ്മാദി മഹാരഥന്മാരുടെയും
സാത്വതസംഘത്തിന്റെയും കുടികോടികൾ
സാദ്ധ്യസംഖ്യാദികളെല്ലാം സഹസ്രാനുസഹസ്രവും
സാധ്വസത്തേ ഗമിച്ചിട്ടു മടങ്ങിവാങ്ങും
ചിന്മയന്റെ പുരിക്കുള്ളിൽ ഗൃഹമില്ലാത്തിടമില്ല
പൊന്മയമല്ലാതെയില്ല ഗൃഹത്തിലെങ്ങും.
നിർമ്മലമായ പൂങ്കാവും പൊയ്കയും വേണ്ടുന്നതെല്ലാം
നർമ്മാലയം തോറും വെവ്വേറെയുണ്ടെല്ലാർക്കും.  

Edited by Malar, 18 January 2016 - 12:31 PM.


#2 C.Chinchu MoL

C.Chinchu MoL

  Retired Secretrary of Chayakkada

 • Super Moderator
 • 39,680 posts
28,460
Professional
 • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
 • Interests:Music,Rain,Music
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 18 January 2016 - 12:21 PM

ജ്യേഷ്ഠനെ മുമ്പിട്ടുചെല്ലും പ്രപഞ്ചപ്പെരുമാളുടെ
കോട്ടയ്ക്കകത്തകപ്പെട്ട പുരുഷന്മാർക്കും
കേട്ടാലും പുരസ്ത്രീകൾക്കും കരിതുരഗാദികൾക്കും
വാട്ടംവിനാ വസിപ്പാനിപ്പാരിടം പോരാ
പട്ടിണികൊണ്ടു മെലിഞ്ഞ പണ്ഡിതനു കുശസ്ഥലീ
പട്ടണം കണ്ടപ്പോഴേ വിശപ്പും ദാഹവും
പെട്ടെന്നകന്നുവെന്നല്ല ഭക്തികൊണ്ടെന്നിയേ പണി-
പ്പെട്ടാലുമൊഴിയാത്ത ഭവാർത്തിയും തീർന്നു.
രാമാനുജാഞ്ചിതരാജധാനി സത്കരിച്ചേകിയ
രോമാഞ്ചക്കുപ്പായമീറണനായി ചെഞ്ചെമ്മേ  
സീമാതീതാനന്ദാശ്രുവിൽ കുളിക്കകൊണ്ടു കുചേല-
ചോമാതിരിക്കതു ചുമടായിച്ചമഞ്ഞു
ഭക്തിയായ കാറ്റു കൈകണാക്കിലേറ്റു പെരുകിയ
ഭാഗ്യപാരാവാരഭംഗപരമ്പരയാ
ശക്തിയോടുകൂടി വന്നു മാറിമാറിയെടുത്തിട്ടു
ശാർങ്ഗിയുടെ പുരദ്വാരം പൂകിക്കപ്പെട്ടു.
കല്പാന്തകാലത്തൊന്നിക്കും കടലുകളുടെ ഘോഷ-
മല്പമാക്കും പുരുഷാരപൂരങ്ങളുടെ
ചെല്പൊങ്ങുമിരപ്പുകേട്ടും പൂരിശീൾപ്പാംകണ്ടുംചെല്ലും
ചിത്പുംസഖൻ മഹാമാർഗ്ഗമലങ്കരിച്ചു  
ആഴിമകളുമൊരുമിച്ചൊരു കട്ടിലിന്മേലന്നേര-
മേഴാമ്മാളികമുകളിലിരുന്നരുളും
ഏഴുരണ്ടുലകുവാഴിയായ തമ്പുരാനെത്രയും
താഴെത്തന്റെ വയസ്യനെ ദൂരത്തു കണ്ടു.
കണ്ടാലെത്ര കഷ്ടമെത്രയും മുഷിഞ്ഞ ജീർണ്ണവസ്ത്രം-
കൊണ്ടു തറ്റുടുത്തിട്ടുത്തരീയവുമിട്ടു
മുണ്ടിൽപ്പൊതിഞ്ഞ പൊതിയും മുഖ്യമായ പുസ്തകവും
രണ്ടുംകൂടെക്കക്ഷത്തിങ്കലിടുക്കിക്കൊണ്ടു
ഭദ്രമായ ഭസ്മവും ധരിച്ചു നമസ്കാരകിണ-
മുദ്രയും മുഖരമായ പൊളിക്കുടയും  
രുദ്രാക്ഷമാലയുമേന്തി നാമകീർത്തനവും ചെയ്തു
ചിദ്രൂപത്തിങ്കലുറച്ചു ചെഞ്ചെമ്മേ ചെല്ലും
അന്തണനെക്കണ്ടിട്ടു സന്തോഷംകൊണ്ടോ തസ്യ ദൈന്യം
ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപംകൊണ്ടോ
എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു, ധീരനായ
ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ?
പള്ളിമഞ്ചത്തീന്നു വെക്കമുത്ഥാനംച്യ്തിരുപിക്ക-
മുള്ള പരിജനത്തോടുകൂടി മുകുന്ദൻ
ഉള്ളഴിഞ്ഞു താഴത്തെഴുന്നള്ളി, പൗരവരന്മാരും
വെള്ളംപോലെ ചുറ്റുംവന്നു വന്ദിച്ചുനിന്നു.  
പാരാവാരകല്പപരിവാരത്തോടുകൂടി ഭക്ത-
പരായണനായ നാരായണനാശ്ചര്യം
പാരാതെ ചെന്നെതിരേറ്റു കുചേലനെ, ദീനദയാ-
പാരവശ്യമേവം മറ്റൊരീശ്വരനുണ്ടോ?
മാറത്തെ വിയർപ്പുവെള്ളംകൊണ്ടു നാറും സതീർത്ഥ്യനെ
മാറത്തുണ്മയോടു ചേർത്തു ഗാഢം പുണർന്നു.
കൂറുമൂലം തൃക്കൈകൊണ്ടു കൈപിടിച്ചുകൊണ്ടുപരി
കേറിക്കൊണ്ടു ലക്ഷ്മീതല്പത്തിന്മേലിരുത്തി.
പള്ളിപ്പാണികളെക്കൊണ്ടു പാദം കഴുകിച്ചു പരൻ
ഭള്ളൊഴിഞ്ഞു ഭഗവതി വെള്ളമൊഴിച്ചു  
തുള്ളിയും പാഴിൽപ്പോകാതെ പാത്രങ്ങളിലേറ്റു തീർത്ഥ-
മുള്ളതുകൊണ്ടു തനിക്കുമാർക്കും തളിച്ചു.
നന്ദനും വസുദേവർക്കും യശോദയ്ക്കും ദേവകിക്കും
നന്ദനനാ‍യ മുകുന്ദൻ ഭക്തനെത്തന്നെ
ചന്ദനവും പൂയിപ്പിച്ചു പൂജിച്ചുപോലിത്ഥം ഹരി-
ചന്ദനയവകുസുമദീപാദികൊണ്ടും.
ഭർത്തൃഭാവമറിഞ്ഞിട്ടു ലക്ഷ്മീഭഗവതിതാനും
ഭദ്രമായ താലവൃന്ദമെടുത്തു ചെമ്മേ
ഭക്തനാമതിഥിക്കധ്വശ്രമം തളരുവാൻ വാസു-
ഭദ്രനോടുകൂടി നിന്നു വീശിത്തുടങ്ങി.  
ദക്ഷിണദിഗീശനെ ജയിച്ചുണ്ണിയെ വീണ്ടും ഗുരു-
ദക്ഷിണകഴിച്ച ദേവൻ ഗുണനിധിയാം
അക്ഷോണീസുരനൊന്നിച്ചിരുന്നരുളീട്ടനന്തരം
അക്ഷീണതരമാം വണ്ണമരുളിച്ചെയ്തു:
“എത്ര നാളുണ്ട് ഞാൻ കാണാഞ്ഞിട്ടു ചിത്തേ കൊതിക്കുന്നു
അത്രതന്നേ പോ‍ന്നുവന്നതസ്മാകം ഭാഗ്യം
ചിത്രം ചിത്രമങ്ങോട്ടുചെന്നാടേണ്ടുന്ന മഹാതീർത്ഥ-
മിത്രത്തോളമാഗമിക്കകൊണ്ടുനന്നായി
പാരദാരികത്വം വീരഹത്യ, മഹാവഞ്ചനാദി
പാപങ്ങളൊക്കെയുമിന്നു നമുക്കൊഴിഞ്ഞു. 
പാരീരേഴിനെയും പൂതമാക്കുന്ന സാധുക്കളുടെ
പാദതീർത്ഥമാകസ്മികമേൽപ്പാനെത്തുമോ?
സാന്ദീപനിഗൃഹേ പണ്ടു സാഹസാൽക്കഴിഞ്ഞതും നാം
സാദരം വേദശാസ്ത്രങ്ങളഭ്യസിച്ചതും
സാന്ദ്രസൌഹൃദബന്ധം നമ്മിലുണ്ടായതും സഖേ!
സാരനായ ഭവാനൊന്നും മറന്നില്ലല്ലീ!
ഗുരുപത്നീനിയോഗേന കദാചന നാമെല്ലാരും
ഒരുമിച്ചു വിറകില്ലാഞ്ഞിട്ടു പോയതും
പെരുങ്കാട്ടിൽ പുക്കിന്ധനമൊടിച്ചു കെട്ടിവെച്ചതും
അരുണനസ്തമിച്ചതും മറന്നില്ലല്ലീ? 
കൂരിരുട്ടുമാകസ്മികമായൊരു മഹാമഴയും
കൂടിവന്നു കൊടുങ്കാറ്റും കൂ‍ടീട്ടസ്മാകം
മോഹമേറെ വളർത്തതുമുഷസ്സോളം തകർത്തതും
ഊഹിച്ചെടുത്തു നാമെല്ലാമൊരുമിച്ചതും
പാർത്തിരിയാതെ പറന്നുപോമിക്കാറ്റത്തെന്നുൾക്കാമ്പി-
ലോർത്തൊരു തുരപ്പിനുള്ളിലൊളിച്ചന്യോന്യം
കോർത്തുകൈകൾ പിടിച്ചതും പിന്നെപ്പേടിതീരുംവണ്ണം
മാർത്താണ്ഡനുമുദിച്ചതും മറന്നില്ലല്ലീ
താപസനന്തിക്കു നമ്മെക്കാണാഞ്ഞിട്ടു പത്നിയോടു
കോപിച്ചതും പുലർകാലേ തിരഞ്ഞു കാണ്മാൻ  
താപം പൂണ്ടു താനേ പുറപ്പെട്ട നേരം കുളുർന്നു നാം
പേടിച്ചു വിറകുംകൊണ്ടരികിൽ ചെന്നതും,
ചെമ്മേ വീണു നമസ്കരിച്ചതും മഹാമുനിമോദാൽ
നമ്മെയെല്ലാമനുഗ്രഹിച്ചതും തോന്നുന്നോ?
നന്മ നമുക്കതേയുള്ളൂ; ഗുരുകടാക്ഷംകൂടാതെ
ജന്മസാഫല്യം വരുമോ ജനിച്ചാലാർക്കും?
ദന്തിയുമാം പുഷ്പവുമാമിടയിലെന്തുമാം ഗുരു-
ദക്ഷിണ തനിക്കൊത്തോണം ചെയ്യേണമാരും
അന്തകനോടുണ്ണിയെ മേടിച്ചുകൊണ്ടന്നർപ്പിച്ചു നാ-
മത്രമാത്രം ചെയ്തിട്ടിന്നും ഭക്തിചെയ്യുന്നു.  
ആചാര്യനിഷ്ക്രയം ചെയ്തിട്ടാലയം ഗമിച്ചശേഷ-
മാശു സമാവർത്തനമതീതമായില്ലേ?
വാചാ കിം ബഹുനാ തവ വേളിയും കഴിഞ്ഞുവല്ലോ
വാരിജാക്ഷി ഭവാനനുരൂപയല്ലയോ?
വിശേഷങ്ങളിനിയും പറഞ്ഞുകൊള്ളാം ബന്ധംവിനാ
വിശക്കുന്നു നമുക്കതു സഹിച്ചുകൂടാ
വിശുദ്ധനായ ഭവാന്റെ ഭവപീഡ തീർന്നുപോമീ
വശക്കേടു ശമിക്കുമ്പോളതിനെന്തുള്ളൂ?
പൊതിയിങ്ങോട്ടുതന്നാലും ലജ്ജിക്കേണ്ട ഗോപിമാരും
കൊതിയനെന്നിജ്ജനത്തെപ്പറവൂ ഞായം.”  
ഇതി യദുപദി മുദാ സതതമിരന്നു സദാം
ഗതിയതു കൈക്കലാക്കീട്ടഴിച്ചുകൊണ്ട്
കല്ലും നെല്ലുമെല്ലാമവലെന്നുവെച്ചിട്ടൊരുപിടി
നല്ലവണ്ണം വാരി വേഗം വയറ്റിലാക്കി.
മല്ലരിപു പിന്നെയും വാരുവാനാഞ്ഞ നേരം വീശും
വല്ലഭ വന്ദിച്ചു തന്റെ കരം പിടിച്ചു.
മതിമതി പതിയോടു പറവൂതും ചെയ്തു “കാന്താ,
മതിമതി കദശനമതീവമൂല്യം.
മതിപ്പാനും കൊടുപ്പാനുംതന്നെ ഞാനിന്നൊന്നുകൊണ്ടും
മതിയാകയില്ലെന്നായിവന്നിരിക്കുന്നു.  
പിറന്നന്നുതുടങ്ങീട്ടു പിരിയാതെ പാർക്കുമെന്നെ
മറന്നെന്നു തോന്നീടുന്നിതധുനാ, ബന്ധം
മുറിച്ചയച്ചീ വിപ്രന്റെ പത്നിക്കു ദാസിയാക്കുവാ-
നുറച്ചിതോ തിരുമനസ്സിലിതെന്തയ്യോ?”
“പരിഭ്രമിക്കേണ്ട പത്നീ! പറഞ്ഞതു കൊള്ളാന്താനും
പരമഭക്തന്മാരെക്കണ്ടിരിക്കുന്നേരം
പരവശനായ് കൃപകൊണ്ടെന്നെയും മറന്നുപോം ഞാൻ
പരിചയിച്ചിട്ടും നീയതറിഞ്ഞിട്ടില്ലേ?
നിറഞ്ഞുകഴിഞ്ഞു നമുക്കൊരു മുഷ്ട്യാ നിന്റെ ഭാവ-
മറിഞ്ഞുകൊൾവതിനായിപ്പുനരുദ്യോഗം  
കുറഞ്ഞോരു ചിപിടകം ശേഷിച്ചതിതാ, ഭവതി!
പറഞ്ഞതും മറക്കാമോ ഭക്തയായ നീ?”
വിവിധചരാചരാണാം പിതാക്കന്മാരേവം കാര്യം
സവിധഗനാം ദ്വിജനെ ശ്രവിപ്പിക്കാതെ
ചെവിയിലന്യോന്യമോതീ,ട്ടമൃതമാകിയ ശേഷം
അവലമ്മകൊണ്ടുപോയി പിന്നെയും വീശി.
നിഖിലാണ്ഡകോടിനിഗമാദികളെക്കൊണ്ടും നിറ-
യാത്ത കൃഷ്ണകുക്ഷി ഭുക്തിപൂരിതമായി
സഖിദത്തപൃഥുകൈകമുഷ്ടീയാൽ നിറയ്ക്കപ്പെട്ടു
സഖി മുകുന്ദനാലേവം വദിക്കപ്പെട്ടു, 
“പണ്ടൊരിക്കൽ പാണ്ഡവമഹിഷിയുടെ ശാകോദന-
മുണ്ടുനാമിന്നു ഭവാന്റെ പൃഥുകം തിന്നു;
രണ്ടുകൊണ്ടുമുണ്ടയോണം സുഖവും തൃപ്തിയും കീഴി-
ലുണ്ടായിട്ടില്ലൊരിക്കലുമെനിക്കു സഖേ.
കൈക്കലർത്ഥമൊന്നുമില്ലാഞ്ഞെന്റെ ഭക്തന്മാരർപ്പിച്ചാൽ
കയ്ക്കും കാഞ്ഞിരക്കുരുവുമെനിക്കമൃതം;
ഭക്തിഹീനന്മാരായ ഭക്തന്മാരമൃതംതന്നാലും
തിക്തകാരസ്കരഫലമായിട്ടു തീരും.
ഗർവ്വഹീനന്മാരായ ഭവാദൃശന്മാരണുമാത്രം
ചർവ്വണമിന്നു വല്ലതും കൊണ്ടെന്നുതന്നാൽ  
പർവ്വതത്തിലുമധികമെനിക്കെന്നു പറയാതെ
സർവ്വതത്ത്വവിത്തേ, ഭവാനറിയാമല്ലോ
കായഭേദമുണ്ടെങ്കിലും രണ്ടല്ലാവാമുഭൌ, ജീവൻ
പോയാലുമിരിക്കുമ്പോഴുമെന്നറിഞ്ഞാലും.
ശ്രീയും തവ സ്ത്രീയുമൊന്നെന്നുള്ള പദംതന്നെ ചെന്ന-
ജ്ജായയോടു പറഞ്ഞേപ്പൂ മമ വചനം.”
ഇത്തരം സത്കാ‍രവാക്യങ്ങളെക്കൊണ്ടു സമർപ്പിച്ചോ-
രുത്തമപൂരുഷനോടുണർത്തിപ്പാനേതും
ഉത്തരമില്ലാഞ്ഞിട്ടു വിചാരിച്ചിരുന്നു കുചേലൻ
ചിത്തരസം വരുമാറീവണ്ണം വചിച്ചു:  
“ഭുക്തിമുക്തിദാതാവേ, ഭുവനനാഥ! ഭഗവാനേ!
ഭക്തികൊണ്ടു ഭക്തന്മാരും, നിന്നാലദ്ഭുതം
ശക്തികൊണ്ടു ശക്തന്മാരും ജയിക്കപ്പെടുന്നതിനാൽ
യുക്തം രണ്ടജിതാഖ്യയ്ക്കുമന്തരം വേണ്ടാ.
കപ്പവുംകൊണ്ടല്ലോ ലോകപാലന്മാരും ദ്വാരംതോറു-
മെപ്പോളവസരമൊന്നു നോക്കിപ്പാർക്കുന്നു.
കുപ്പയിൽ കിടന്നവനേപ്പൂജിക്കുന്നു; കീഴി-
ലിപ്പുതുമ കണ്ടിട്ടില്ലേ കേട്ടിട്ടുമില്ല.
ചെറുപ്പത്തിൽ പരിചയംകൊണ്ടു തവ രൂപത്തെ ഞാൻ
മനോദർപ്പണത്തിൽ കണ്ടിതവയെപ്പേരും.  
അപ്പോഴപ്പോൾ കേട്ടു ഭവാനെ സ്മരിച്ചിരുന്നു ഞാനും:
ഇപ്പോഴിവിടേക്കു വന്നു കാൺകയും ചെയ്തു.
കല്പന ലംഘിപ്പാൻമേലാഞ്ഞേഴാം മാളികമുകളിൽ
അല്പനിവൻ രാ മുഴുവനീശ്വരിയുടെ
തല്പത്റ്റിന്മേലിരുന്നിട്ടു വിഷ്ണുപദം വാണുവല്ലോ
മല്പരനാം ധന്യനില്ലീ മന്നിരേഴിലും.
ദിവ്യരത്നപ്രകാശംകൊണ്ടത്ര രാത്രിയില്ലെങ്കിലും
നവ്യമാമരുണോദയമടുത്തു നൂനം.
ഭവ്യയതാം ഭക്തി ഭവിക്കേണം മമ, പോകട്ടെ ഞാൻ
അവ്യാജമനോജ്ഞമംഘ്രിചേരുവോളവും”  
മാത്രപോലും ധനഹീനനായ വിപ്രൻ മുകുന്ദനെ
മാനസംകൊണ്ടെടുത്തിട്ടു കൂടെക്കൊണ്ടുപോയ്,
യാത്രചൊല്ലി നടന്നുടനശ്രുപൂർണ്ണനേത്രമനു-
യാതനായ മുകുന്ദനെപ്പുണർന്നു നിർത്തി.
മല്ലരിപുവിന്റെ മന്ദഹാസസൌന്ദര്യാതിശയ-
സല്ലാപാനുകമ്പ, മഹാമാനസത്കാരം
എല്ലാമുള്ളിലോർത്തു തന്നെ വിസ്മരിച്ചുതാനേ ചെന്നോ-
രില്ലമടുപ്പാറായപ്പോഴേവം ചിന്തിച്ചു:
“ആശ്ചര്യമാശ്ചര്യമിദമോർത്തുകാണുംതോറും; പാരി-
ലാരിലുമസാരനായ ഞാനെവിടത്തു!  
ഈശ്വരേശ്വരനായുള്ള കൃഷ്ണനെവിടത്തു! മൈത്രി-
യീവണ്ണമാർക്കുമാരിലും കാൺകയില്ലെങ്ങും
ത്രയത്രിംശത്കോടി ത്രിദേവേശന്മാർക്കുമല്ല മൂർത്തി-
ത്രയത്തിനുമത്രയല്ലിത്രിജഗത്തിന്നും
ത്രയിക്കും തമ്പുരാനായ പുമാനെന്നെക്കണ്ട നേരം
തെരിക്കെന്നു താഴത്തുവന്നെതിരേറ്റതും
വിയർത്തൊലിച്ചിട്ടു പൂതിഗന്ധമേറും വിരൂപനെ
വയസ്യനെന്നിട്ടു, രതിപതിപിതാവാം
ശ്രിയഃപതി മാറത്തുചേർത്തതിഗാഢം പുണർന്നതും
ഭയപ്പെട്ടിട്ടാരുമൊന്നും പറയാഞ്ഞതും  
അൽപ്പനാമിവനെക്കേറ്റിക്കൊണ്ടുപോയിപ്പൊക്കമേറും
സപ്തമസൌധസ്യോപരി രത്നപര്യങ്കേ
തൃപ്തിവരുമാറിരുത്തിപ്പൂജിച്ചതും രാത്രൌ രമാ-
സുപ്തിസുഖമുപേക്ഷിച്ചു വീശിനിന്നതും,
ഹാസ്യബ്രാഹ്മണനഖിലബ്രഹ്മാണ്ഡനായകൻ ചെയ്ത
ദാസ്യത്തിനില്ലവസാനമതെല്ലാംകൊണ്ടും
ശാസ്യന്മാരാം ഭൃത്യന്മാരുമാശിക്കാത്ത കുപൃഥുക-
മാസ്യത്തിലിട്ടമൃതാക്കീട്ടിറക്കിയതും
ഓർത്താലെന്റെ ദാരിദ്ര്യം തീർത്തയച്ചേനേ അർത്ഥിച്ചെങ്കിൽ
ആർത്തപാരിജാത,മതൊന്നയർത്തുപോയി.  
പേർത്തങ്ങോട്ടു ചെല്ലുകയും കഷ്ടം! വഴിക്കണ്ണുംതോർത്തു
കാത്തിരിക്കും പത്നിയോടെന്തുരചെയ്യേണ്ടു.
ജന്മം വ്യർത്ഥമാക്കിപ്പതിവ്രതയെപ്പട്ടിണിക്കിട്ട
കൽമഷവാനുണ്ടോ ഗതി മുക്തനായാലും?
ചിന്മയനാം കൃഷ്ണൻ ചെയ്ത സത്കാരമിവന്നുവേണ്ടും
മന്മതിമന്ദതാദോഷം മായനും പറ്റി”
ഭാര്യയുടെ ദുഃഖമോർത്തിട്ടതിവിരൂപനായ താൻ
കാര്യമാനുഷനോളം സുന്ദരനായതു,
സൂര്യപ്രകാശനായതുമറിയാതെ പോയിച്ചെല്ലു-
മാര്യനായ വിപ്രനാത്മദിക്കിനെക്കണ്ടു.  
കണ്ടാലച്യുതന്റെ കണക്കായ കുചേലനാലില്ല-
മുണ്ടായിരുന്ന ദേശവുമടുത്ത ദിക്കും,
രണ്ടാംദ്വാരകാപട്ടണമായിട്ടഗ്രേ കാണപ്പെട്ടു
തണ്ടാർമാനിനീശന്റെ കാരുണ്യമാശ്ചര്യം?
പൊക്കംകൊണ്ടും ലക്കുകൊണ്ടും പണികൊണ്ടും മണിഹേമ-
മുഷ്ക്കുകൊണ്ടും ധനധാന്യസമൃദ്ധികൊണ്ടും
മുഷ്ക്കൊഴിഞ്ഞ നരകരിരഥതുരഗാദികടെ
തിക്കുകൊണ്ടും തിമിർത്ത കോലാഹലംകൊണ്ടും
എല്ലാംകൊണ്ടും കുശസ്ഥലീപട്ടണത്തോടൊത്തിരിക്കു-
മില്ലംകണ്ടീശ്വര! വഴിപിഴച്ചു ഞാനും  
മല്ലരിപുവിന്റെ മഹാരാജധാനിക്കു പിന്നെയും
ചെല്ലുകയോ എന്നവിടെ നിന്നു കുചേലൻ.
അപ്പോളകത്തൂന്നു ലക്ഷ്മീകല്പയായ പത്നി വെക്ക-
മപ്സരസ്ത്രീകളോടൊത്തെ സഖിമാരോടും,
നൽപ്പുരവാസികളോടും നാനാവാദ്യഘോഷത്തോടും
കെൽപ്പോടഷ്ടമംഗല്യാദ്യസാകല്യത്തോടും
കൂടെവന്നെതിരേറ്റകംപൂകിച്ചു പതിയെ മിത്ര-
കോടിപ്രഭപൂണ്ട പുത്തൻ പുരി കാണിച്ചു:
നാടകക്കൊട്ടിലും കക്ഷ്യാപ്രകാരഗോപുരങ്ങളും
ഘോടകപംക്തിയുമാനക്കൊട്ടിലുകളും 
പാടേ കാട്ടിപ്രസാദിപ്പിച്ചിട്ടു കേറ്റിക്കൊണ്ടുപോയി
പാടീരശ്രീതുംഗമഞ്ചത്തിന്മേലിരുത്തി.
വെൺകൊറ്റാതപത്രം, തഴ, വെഞ്ചാമരം, താലവൃന്തം,
തങ്കക്കോളാമ്പി, താംബൂലചർവ്വണക്കോപ്പും
മങ്കമാരെടുത്തുകൊണ്ടു വേണ്ടെങ്കിലും ചുറ്റുംകൂടീ,
പങ്കജാക്ഷകൃപകൊണ്ടു മുട്ട് കുചേലൻ.
അൻപതിനായിരത്താണ്ടു കഴിഞ്ഞാലും ലയമില്ല
സമ്മതം മുകുന്ദനാജ്ഞാപിച്ച മന്ദിരേ
സംഭ്രമമകന്നു തല്പത്തിന്മേലിരുന്നു കുചേലൻ
സമ്പ്രസാദം നിജപത്നിയോടു ചോദിച്ചു:  
എന്തീവണ്ണമിപ്രദേശേ മന്ദിരങ്ങൾ വിളങ്ങുവാൻ
ബന്ധമെന്തെന്നുരചെയ്ക മംഗലശീലേ!”
വിപ്രവാക്യമേവംകേട്ടു പത്നിതാനുമുരചെയ്താൾ
സുപ്രസന്നനായ മഹീദേവനോടപ്പോൾ:
ചിത്രതരമിന്നലേയങ്ങിത്രനേരമായിവിടെ
ചിത്രദീപ്തിപൂണ്ടൊരുത്തി മുറ്റത്തുവന്നു.
ഇന്ദിരയ്ക്കു നേരായുള്ള ചന്ദ്രബിംബമുഖിതന്റെ
സുന്ദരത്വം കണ്ടാൽ കണ്ണിന്നമൃതായുള്ളൂ.
പങ്കജകോരകമവൾ കരങ്ങളിലുണ്ടു രത്ന-
ക്കൊങ്കകളിലിളകുന്ന മുത്തുമാലയും  
കുന്ദമന്ദസ്മിതം തൂകീട്ടെന്നെനോക്കിയുരചെയ്തു
സന്ദർശനസംഗതിക്കു മഞ്ജുളവാണി:
“ദ്വാരകയിൽനിന്നഹമിങ്ങാഗമിച്ചു നിൻ കണവ-
നാരണൻ നൽകിയ പ്രാഭൃതമെന്തെന്നോർപ്പു!
ശ്രീപതി അവൽ ഭുജിച്ചകാരണം ഞാൻ വന്നിവിടെ
ശ്രീസമ്പദം നിങ്ങൾക്കെന്നുമനുഭവിക്കാം.
നാളിൽനാളിൽ സുഖിച്ചതിമോദമോടു വസിച്ചാലും
നാളീകലോചനൻതന്റെ നാമമാഹാത്മ്യാൽ“
ഇത്ഥമവൾ ഗിരം കേട്ടു സത്വരം ഞാൻ ചെല്ലുന്നേരം
സത്യം പത്മപത്രാക്ഷിയും ചെറ്റകത്തോട്ടു  
ചെന്നുകേറുന്നതും കണ്ടു, പിന്നെയുള്ള വിസ്മയങ്ങൾ
പന്നഗനാഥനും വാഴ്ത്തിക്കൂടാ ചെഞ്ചെമ്മേ”
ഇപ്രകാരം പത്നിതന്റെ മംഗലവാണികൾ കേട്ടു
വിപ്രനേറ്റം പ്രസാദിച്ചിട്ടിങ്ങനെ ചൊന്നാൻ:
“കാമക്രോധലോഭമോഹമഹങ്കാരമദഡംഭം
താമിസ്രമത്സരം പൈശൂന്യത്തിലജ്ഞരാം
സാധുക്കളെപ്പരിപാലിച്ചാധികളഞ്ഞഖിലർക്കു-
മാധാരഭൂതനാം കൃഷ്ണനെന്നറിഞ്ഞാലും.
ബോധരൂപാത്മകൻതന്റെ പാദഭക്തികൊണ്ടു ദുഃഖ-
വാരിധിയെക്കടക്കുന്നു സമചിത്തന്മാർ 
വാമദേവവിരിഞ്ചാദി വാനവർ യോഗിവൃന്ദങ്ങൾ
കാമദശ്രീകൃഷ്ണപദം ഭജിച്ചിരിപ്പൂ.
താമരപ്പൂമകളായ കോമളപ്പെണ്മണിയുടെ
പോർമുലക്കോരകം പുൽകും പുരുഷോത്തമൻ
ദേവദേവൻ ജഗന്നാഥൻ കേവലൻ ജ്യോതിസ്വരൂപൻ
ദേവകീപുത്രൻ ശ്രീവാസുദേവൻ മുകുന്ദൻ
ശ്രീരമണൻ ശ്രീധരൻ ശ്രീനീലകണ്ഠപ്രിയൻ ശൌരി
ക്ഷീരസലിലേ ഭുജങ്ഗതല്പേ ശയിച്ചോൻ
കേശവൻ ഗോവിന്ദൻ മധുസൂദനൻ കൈടഭാന്തകൻ
ക്ലേശപാശവിനാശനൻ കേശീമഥനൻ  
അച്യുതനനന്തനമൃതാനന്ദൻ വിദ്യാവിനോദൻ
സച്ചിദ്ബ്രഹ്മാഖ്യൻ സകലലോകൈകനാഥൻ
നിശ്ചലൻ നിഷ്കളൻ നിത്യൻ നിർവ്വികല്പൻ ജനാർദ്ദനൻ
സ്വാത്മവരപ്രദൻ നിഗമാന്തനിവേദ്യൻ
അദ്വയനജനരൂപനാദിമദ്ധ്യാന്തവിഹീനൻ
വിദ്വജ്ജനചിത്തഹംസൻ വിധിജനകൻ
എത്രയും കനിഞ്ഞനുഗ്രഹിക്കനിമിത്തം ശ്രീദേവി
ചിത്തസന്തോഷമ്പൂണ്ടു ശ്രീസമ്പദം നൽകി
കാരണപൂരുഷൻ മുന്നം മീനകൂർമ്മകോലമായി
ഭൂരമേശൻ നരസിംഹവാമനമൂർത്തി  
ക്രൂരകർമ്മം ചെയ്തിട്ടുള്ള ഘോരപാപന്മാരേക്കൊന്നു
ആരണരെപ്പാലിച്ച ശ്രീപരശുരാമൻ
സൂര്യവംശതിലകനാം ഭൂപതി ദശരഥന്റെ
ആര്യപുത്രനയോദ്ധ്യയിൽ ശ്രീരാമചന്ദ്രൻ
താപസരെപ്പീഡിപ്പിച്ച രാവണനെക്കൊന്നു രാമൻ
താപശാന്തി ജഗത്തിനു ഭൂപതി ചെയ്തു.
സീരപാണിയായിട്ടുരഗകുലേശൻ ജ്ഞാനരാശി
നാരദമുനിയഭിജ്ഞബൌദ്ധാവതാരം
മുഷ്കരന്മാരായ മ്ലേച്ഛനിവഹത്തെ നിഗ്രഹിപ്പാൻ
കൽക്കിവേഷം ധരിച്ചീടും ജഗന്നിവാസൻ  
ദശവിധരൂപങ്ങളുമൊന്നായവതരിച്ചെന്നു
ദശമത്തിലുപാഖ്യാതം കൃഷ്ണാവതാരം
നാരായണൻതന്റെ തിരുനാമം ജപിച്ചിഹലോകേ
പാരം ഭക്തിപൂണ്ടു നമ്മൾ വസിക്കാം ദൈതെ”
ഇത്ഥം കുചേലോക്തി പതിവ്രതയാകും പത്നി കേട്ടു
സത്യസ്വരൂപപദം ഭജിച്ചു സുചിരം
ചിത്രമണിഗേഹം തന്നിൽ പുത്രമിത്രഭൃത്യവൃന്ദം
ചിത്തരമ്യം കുചേലനും പത്നിയും വാണു.
അമ്പതിനായിരം ജനം ഞാൻഞാനെന്നിട്ടുണ്ടാം വിപ്ര-
ദമ്പതിമാരെ ശുശ്രൂഷചെയ്‌വാനെപ്പോഴും  
അന്നതിനുമാത്രം പുരസ്ത്രീപുമാന്മാരൊക്കെ വന്നു
സമ്പതിച്ചതാരുടെ കടാക്ഷമെന്നോർപ്പൂ!
ഇരന്നവലുണ്ടാക്കിയ വിപ്രകുടുംബിനി ചിത്രം
വരുന്നവർക്കെല്ലാം വസ്ത്രാഭരണങ്ങളും
വിരുന്നൂട്ടും വേണ്ടുന്നതൊക്കെയും കഴിച്ചുതുടങ്ങി
പരന്നന്നു ദിനന്തോറുമതിരസവും.
നിർമ്മലകുശസ്ഥലീപുരത്തിങ്കലും കൃഷ്ണകൃപാ-
നിർമ്മിതമാം കുചേലപട്ടണത്തിങ്കലും
ധർമ്മപുത്രരിരിക്കുന്ന ഹസ്തിനപുരത്തിങ്കലും
ധർമ്മമൊരുപോലെയായി ദിവസംതോറും. 
വിപ്രപുരിയിലെപ്പോഴുമുള്ള വാദ്യഘോഷങ്ങളും
അപ്രമേയസ്ത്രീപുരുഷസംരാവങ്ങളും,
ചൊൽപൊങ്ങിയ ഹയഹേഷാശബ്ദങ്ങളുമത്രയല്ല
കെൽപ്പേറിയ ഗജവരഗർജ്ജിതങ്ങളും,
രാമകൃഷ്ണ! ഗോവിന്ദ! ഗോപാല! ബലഭദ്രരാമ!
രാമാനുജ! രമാപതേ! പരശുരാമ!
വാമന! ശിവശങ്കര! ശംഭോ! മഹാദേവേത്യാദി
നാമകോലാഹലങ്ങളിലന്തർഭവിച്ചു.
കുചേലനും പ്രേയസിക്കും സമ്പത്തുണ്ടായാൽ തത്ര
കുശേശയലോചനിങ്കൽ പത്തിരട്ടിച്ചു  
കുചേലീയയായ ഭക്തി, കൃഷ്ണനൈക്യം കൊടുത്താലും
കുശേതരതരമായിക്കടം ശേഷിച്ചു.
ദാനധർമ്മങ്ങളും ചെയ്തു ദമ്പതിമാരിരുവരു-
മാനന്ദിച്ചിട്ടാലയത്തിലനേകം കാലം
മാനേതരഹരിരതിയോടുകൂടി വാണിട്ടവ-
സാനത്തിങ്കൽ കൈവല്യം ലഭിക്കയും ചെയ്തു.
 
ഇന്നിക്കഥ ചൊല്ലുന്നോർക്കും ഭക്തിയോടെ കേൾക്കുന്നോർക്കും
മന്ദമെന്യേ ധനധാന്യസന്തതിയുണ്ടാം.
എന്നതുതന്നെയുമല്ല,യിജ്ജന്മത്തുതന്നെ വിഷ്ണു-
തന്നുടെ സായൂജ്യവും വന്നുകൂടുമേ.  

Edited by Malar, 18 January 2016 - 12:26 PM.


Also tagged with one or more of these keywords: Kuchelavrutham Vanchippaattu, Ramapurathu Warrier, കുചേലവൃത്തം വഞ്ചിപ്പാട്ട്, രാമപുരത്തു വാരിയർ, Malayalam Lyrics, Punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users