Jump to content

Toggle Scoreboard
ibProArcade Scoreboard

Ambros Attambomb has obtained a high score of 1400 Today, 10:18 AM Playing Atomica Play Now!                Dracula KuttappaN has obtained a high score of 10740 Yesterday, 10:10 PM Playing 9 Dragons Hexa Play Now!                KD DexteR has obtained a high score of 10 Yesterday, 08:35 PM Playing Atomica Play Now!                Shaji PappaN has obtained a high score of 1900 Yesterday, 08:27 PM Playing Atomica Play Now!                Ambros Attambomb has obtained a high score of 30930 Yesterday, 04:58 PM Playing CrashDown Play Now!                
Photo
 • Please log in to reply
1 reply to this topic

#1 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Royal Member
 • 10,063 posts
5,841
Professional
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 03 November 2015 - 11:27 PM

മലയാളം- സച്ചിദാനന്ദന്‍

 

 
 
ഭൂമിയുടെ പുഴകള്‍ക്കും കനികള്‍ക്കും മുന്‍പേ
എന്നെ അമൃതൂട്ടിയിരുന്ന പൊക്കിള്‍ക്കൊടി
വേദനയുടെ ധന്യമൂര്‍ച്ഛയില്‍ സ്വയം പിളര്‍ന്ന്
എന്നെ ഉലുവയുടേയും വെളുത്തുള്ളിയുടെയും
തീക്ഷ്ണ സുഗന്ധങ്ങളിലേക്കാനയിച്ചവള്‍
വെളിച്ചത്തിന്റെ അപ്പൂപ്പന്‍താടികള്‍കൊണ്ട്
ഉണ്ണിയുടലിലെ ഈറ്റുചോര തുടച്ച്
മാമ്പൂമണത്തില്‍ സ്‌നാനപ്പെടുത്തിയവള്‍
പൊന്നും വയമ്പുംകൊണ്ട് എന്റെ നാവിന്‍തുമ്പില്‍
ഖനികളുടെ ആഴവും വനങ്ങളുടെ സാന്ദ്രതയും പകര്‍ന്നവള്‍
ഇരയിമ്മന്റെ താരാട്ടും ഉണ്ണായിയുടെ പദങ്ങളുംകൊണ്ട് 
എന്നെ സ്വപ്നങ്ങളിലേക്കുറക്കിക്കിടത്തിയവള്‍
വിരല്‍ത്തുമ്പില്‍പ്പിടിച്ച് മണലിന്റെ വെള്ളിക്കൊമ്പില്‍
ഹരിശ്രീയുടെ രാജമല്ലികള്‍ വിടര്‍ത്തിയവള്‍
അച്ഛനോടും സൂര്യനോടുമൊപ്പം കിഴക്കുപുറത്തുദിച്ച്
വ്യാകരണവും കവിതയും കാട്ടി
എന്നെ ഭയപ്പെടുത്തി പ്രലോഭിപ്പിച്ചവള്‍
എന്റെ സ്‌ളെയിറ്റില്‍ വിടര്‍ന്ന വടിവുറ്റ മഴവില്ല്
എന്റെ പുസ്തകത്താളില്‍ പെറ്റു പെരുകിയ മയില്‍പ്പീലി
എന്റെ ചുണ്ടുകളിലെ മധുരച്ചവര്‍പ്പുറ്റ ഇലഞ്ഞിപ്പഴം
വഴിയരികില്‍ ഞാന്‍ കേട്ടുവളര്‍ന്ന നിരന്തര ഖരഹരപ്രിയ.
സ്വരങ്ങളിലൂടെ തേനും വ്യഞ്ജനങ്ങളിലൂടെ ഇരുമ്പുമൊഴുക്കുന്ന 
അമ്പത്തൊന്നു കമ്പികളുള്ള വീണ
ഞാറ്റുവേലയില്‍നിന്നു ഞാറ്റുവേലയിലേക്കു പോകുന്ന
കിളിപ്പാട്ടിന്റെ കുലുങ്ങുന്ന തൂക്കുപാലം
അറിവും ആടലോടകവും മണക്കുന്ന
പഴമൊഴികളുടെ നിറനിലാവ്
പാമ്പിന്‍മാളങ്ങള്‍ നിറഞ്ഞ കടങ്കഥകളുടെ 
നൂണുപോകേണ്ട മൈലാഞ്ചിവഴികള്‍
 
സന്ധ്യകളില്‍ അഗ്നിവിശുദ്ധിയായി
കനകപ്രഭ ചൊരിഞ്ഞ എഴുത്തച്ഛന്റെ സീതാമാതാവ്
പച്ചയും കിരീടവുമണിഞ്ഞ് അരമണിയും ചിലമ്പും കിലുക്കി
ഞങ്ങള്‍ നേടിയ വാടാത്ത കല്യാണസൗഗന്ധികം
ഉത്സവപ്പിറ്റേന്നത്തെ പുലരിമയക്കത്തില്‍
ചേങ്കിലമുഴക്കത്തോടൊപ്പം കാതുകളില്‍ പൂത്തുനിന്ന
സാമ്യമകന്നോരുദ്യാനം
ക്ഷീരസാഗരശയനന്റെ നാഭിയില്‍ മുളയെടുത്ത
സ്വാതിയുടെ സംഗീത സരോരുഹം
ആലിന്‍ചോട്ടിലെ എണ്ണമറ്റ മേളത്തിരകളില്‍
ആലിലയില്‍ പൊന്തിക്കിടന്ന ചൈതന്യം
സോളമന്റെ താഴ്‌വരയിലെ ഹംസശുഭ്രയായ ലില്ലി
മോശയ്‌ക്കൊപ്പം പ്രവചിച്ചവള്‍, ദാവീദിനോടൊത്ത്
കാളക്കൂറ്റന്‍മാരുടെ കൊമ്പില്‍നിന്നു കരഞ്ഞവള്‍,
പുറപ്പെട്ടവള്‍, ക്രൂശിക്കപ്പെട്ടവള്‍, ഉയിര്‍ത്തെഴുന്നേറ്റവള്‍,
മലയാളം.
 
 
ഓര്‍മ്മിപ്പിക്കരുതേ, ഓര്‍മ്മിപ്പിക്കരുതേ,
ഉണ്ണിക്കണ്ണന്റെ കാലടികള്‍ പതിഞ്ഞ
ചെറുശ്ശേരിയുടെ വ്യാകുലചെമ്പുകം പൂത്ത
നടുമുറ്റത്തെക്കുറിച്ചെന്നെ ഓര്‍മ്മിപ്പിക്കരുതേ.
ഓര്‍മ്മിപ്പിക്കരുതേ, പൂന്താനത്തിന്റെ പാനകളില്‍
പൂവിട്ട ചന്ദനമരങ്ങളുടെ ഗതസൗരഭ്യം
ഓരോ സ്ത്രീയും ലാളിക്കാന്‍ കൊതിച്ച
വള്ളത്തോളിന്റെ മുക്തശിരസ്സിന്റെ സഹ്യശൃംഗം
വിജനപുളിനങ്ങളുടെ പൊള്ളിക്കുന്ന നിലാവില്‍
ശുഭ്രവസ്ത്രമണിഞ്ഞ മറ്റൊരുര്‍വ്വശിയെത്തേടി
ഏകാകിയായലഞ്ഞ ആശാനെ വിഴുങ്ങിയ
വിചാരത്തിന്റെ ആഴച്ചുഴികള്‍
ഓര്‍മ്മിപ്പിക്കരുതേ.
മേഘലോകത്തുനിന്നു ഭ്രഷ്ടനാക്കപ്പെട്ട ഒരു ഗന്ധര്‍വ്വനെപ്പോലെ
പാലപൂക്കുന്ന പുഴത്തീരങ്ങളിലരുന്ന്
കുഞ്ഞിരാമന്‍നായര്‍ കുടിച്ചുതീര്‍ത്ത
രാത്രികളുടെ അമ്ലചഷകങ്ങള്‍
 
ഓ, ഞാന്‍ മറന്നുപോകട്ടെ.
കാത്തിരുന്ന ഹൈമവതിയുടെ കൈകളിലേക്കെന്നപോലെ
കൊലക്കയറിന്റെ സുവര്‍ണ്ണവലയത്തില്‍ ഉടലര്‍പ്പിച്ച്
നീലകണ്ഠനായ ഇടപ്പള്ളിയുടെ വ്യഥിതഗംഗ
അരളിപ്പൂവിന്റെ ശ്വാസകോശവും ആമ്പലിന്റെ ഹൃദയവുമായി
ശ്മശാനങ്ങളില്‍ തടവിലാക്കപ്പെട്ട ഒരു സംഗീതദേവതയെപ്പോലെ
തന്റെ തപ്തതന്ത്രികളില്‍ മറുലോകമാലപിച്ച ചങ്ങമ്പുഴയുടെ 
രക്തസ്‌നാതമായ പാതാളഗീതം
ഇനിയും വരാത്ത ഒരു തിരുവോണത്തിന്റെ,
കരുണയുടെ കരുത്താര്‍ന്ന മഹാബലിയെപ്പോലെ
ആറുമാസപ്പൂങ്കുലചൂടി മണ്ണിന്റെ നിനവുകളില്‍നിന്നുയര്‍ന്നുവന്ന്
മഞ്ഞത്തുമ്പികളെ ഓരോ ശിരസ്സിനു ചുറ്റും പറത്തിവിട്ട്
കടന്നുപോയ വൈലോപ്പിളളിയുടെ 
പ്രവചനനിര്‍ഭരമായ ഏകാന്തത
ഏഴു കടലുകളുടേയും ശബ്ദമുള്ള തന്റെ മുരളിയില്‍
ഒരദൃശ്യവിശുദ്ധിയുടെ ലയം നിറച്ച്
ആഷാഢമേഘത്തെപ്പോലെ മഴവില്‍പ്പാതകളിലൂടെ
കടന്നുപോയ ജീ.യുടെ സായാഹ്ന മൃദുലത
സഹനത്തിന്റെയും സമരത്തിന്റെയും ചീറിയടിക്കുന്ന
പെരുങ്കടലില്‍
ഒരൊറ്റ നക്ഷത്രത്തെ പിന്‍ചെന്ന്
ആരും കണ്ടെത്താത്ത സ്‌നേഹത്തിന്റെ നീലവന്‍കരയില്‍
തന്റെ ജനതയെ അണച്ച ഇടശ്ശേരിയുടെ കൊളംബസ് ഹൃദയം
ഓര്‍മ്മിപ്പികരുതേ
ഓര്‍മ്മിപ്പിക്കരുതേ
 
3
 
എവിടെയായിരുന്നു നിന്റെ പിറവി?
ആദിമനുഷ്യന്റെ ആംഗ്യങ്ങളിലും വരകളിലും നിന്ന്
ആദ്യത്തെ ഭാഷയോടൊപ്പം
നീയും വനാന്തരങ്ങളിലുദിച്ചുയര്‍ന്നുവോ?
കാസ്പിയന്‍ കടലിന്റെ ഗഹനതീരങ്ങളില്‍
മൃഗച്ഛായകള്‍ വീണ നിലാവിനെപ്പിളര്‍ന്ന
കുന്തങ്ങളുടെ സംഗീതത്തില്‍ നീയുണ്ടായിരുന്നോ?
നോഹയുടെ പെട്ടകത്തില്‍, അല്ലെങ്കില്‍ മനുവിനോടൊപ്പം
മീന്‍കൊമ്പില്‍ കെട്ടിയിട്ട തോണിയില്‍
പ്രളയത്തെ അതിജീവിച്ചവരില്‍ നീയുമുണ്ടായിരുന്നോ?
അത്‌ലാന്റിക്കില്‍ ആണ്ടുപോയ മെഡിറ്ററേനിയന്‍ നാടിന്റെ
ശിഷ്ടസ്മൃതികള്‍ തോളിലേറ്റി ഹിന്ദുക്കുഷ് കടന്ന്
തളരുന്ന കാലുകളുമായി നീ ഇന്ത്യയില്‍ പ്രവേശിച്ചുവോ?
നിന്റെ ഓര്‍മ്മയിലിരമ്പുന്നതെന്ത്?
ആഫ്രിക്കന്‍ കാടുകളുടെ ചിന്നംവിളിക്കുന്ന പെരുമ്പറകളോ,
അതോ മെസൊപ്പൊട്ടേമിയന്‍ സമതലങ്ങളുടെ
മുക്രയിടുന്ന കാറ്റുകളോ?
അസ്വസ്ഥമായിരുന്നു ഏലാം ഭാഷയുടെ വരള്‍ച്ചയില്‍
തെക്കന്‍മഴ കാത്തുകിടന്ന നിന്റെ വിത്തുകള്‍
അസ്വസ്ഥമായിരുന്നു കാമോദരികളായ ഹാരപ്പന്‍ ലിപികളില്‍
ഒളിച്ചിരുന്ന നിന്റെ പ്രാക്തനതൃഷ്ണകള്‍.
വേദങ്ങള്‍ക്കുംമുമ്പേ കാവേരിയില്‍ നിന്റെ
നൃത്തത്തിന്റെ നിഴല്‍ വീണുവോ?
പേരാറും പെരിയാറും നിന്റെ ശബ്ദങ്ങളെ
ഉരുട്ടിയുരുട്ടിയെടുത്തുവോ?
സൂര്യനസ്തമിക്കുന്ന തിനവയലില്‍ ചൂരലിന്റെ ഏറുമാടത്തിലിരുന്ന്
വാകപ്പൂ വിടരുന്നതു കാട്ടി നീ വിരഹിണികളെ ആശ്വസിപ്പിച്ചുവോ?
മിഴാവിന്റെ മുഴക്കത്തിനൊത്തു ചെങ്കൂവളുപ്പൂ തലയില്‍വച്ച്
തുമ്പമാലയിട്ട് ചിലമ്പണിഞ്ഞ് അടര്‍ വെന്നു വന്ന
ചേരലാതനോടൊപ്പം നടമാടിയ സുന്ദരിമാരില്‍
നീയുമുണ്ടായിരുന്നുവോ?
ഏലത്തിന്റെയും ഇലവര്‍ങ്ഗത്തിന്റെയും
സുഗന്ധം സഹിക്കാനാകാതെ
കടല്‍കടന്നെത്തിയ ഓരോ വിദേശിയും
സുഗന്ധികള്‍ക്ക് പകരം നിന്റെ ഖജനാവില്‍
വാക്കുകളുടെ തങ്കനാണയങ്ങള്‍ നിക്ഷേപിച്ചുവോ?
വട്ടെഴുത്തിന്റെ താഴികക്കുടങ്ങളിലും
കോലെഴുത്തിന്റെ കനകഗോപുരങ്ങളിലും
സൂര്യനെപ്പോലെ നീ വെട്ടിത്തിളങ്ങിയോ?
ശോകനാശിനിയുടെ തീരത്തെ സീതാസ്മൃതി നിറഞ്ഞ
പനയോലഞരമ്പുകളില്‍ നീ നിന്റെ ജാതകം കുറിച്ചുവെച്ചുവോ?
ഗൊയ്‌ഥേയുടെ നാട്ടില്‍നിന്നെത്തിയ ഒരു പാതിരിക്ക്
നിന്റെ തപസ്സിളക്കുന്ന സൗന്ദര്യം
ഉറക്കമില്ലാത്ത രാത്രികള്‍ നല്കിയോ?
ആബേലിന്റെയും ഇയ്യോബിന്റെയും യേശുവിന്റെയും
കഥ പറയുമ്പോള്‍ അലിഞ്ഞുപോകാതിരിക്കാനായി
നീ ലോഹഹൃദയരായ അച്ചുകളായി അവതരിച്ചുവോ?
 
രാമകഥകള്‍ പാടിപ്പാടി നീ
കാണെക്കാണെ പുതുകിപ്പുതുകി വളര്‍ന്നുവോ?
ആയിരത്തൊന്നു രാവുകള്‍ കഥപറഞ്ഞ്
നീ മൃതിയെ അതിജീവിച്ച് സന്തതികളെ നേടിയോ?
കുറവക്കുടിയും പുലയത്തറയും നാലുകെട്ടും കോവിലകവും
കുന്തിരിക്കം പുകയുന്ന കൊവേന്തയും
കെസ്സുപാട്ടു മുഴങ്ങുന്ന മരയ്ക്കാന്‍കുടിയും ഒരൊറ്റ വീടെന്നപോലെ
നിന്നെ താലോലിച്ചൂട്ടിയുണര്‍ത്തി.യോ?
എനിക്കറിയില്ല ഹേ, വേതാളമേ,
എനിക്കിതു മതി, ഈ മണ്ണിന്റെ
നിലയ്ക്കാത്ത മരതകപ്രവാഹം.
ശബ്ദങ്ങളുടെ ഈ അനശ്വരസമുദ്രം
ധ്വനികളുടെ അക്ഷയമായ ആകാശം.
 Users Awards

#2 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Royal Member
 • 10,063 posts
5,841
Professional
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 03 November 2015 - 11:28 PM

4
 
അ അമ്മയ്ക്ക്, ഓര്‍മ്മയില്‍ അവിരാമം അലതല്ലുന്ന
ആ അമൃതവേദനയുടെ കടലിന്
ആ ആനന്ദത്തിന്, അപൂര്‍വ്വമായി മാത്രം ഞാന്‍ ദര്‍ശിച്ചിട്ടുള്ള
മദിരയും പനിനീര്‍പ്പൂക്കളുമേന്തിയ ആ വിദൂരദേവതയ്ക്ക്
ഇ ഇണയ്ക്ക്, എന്റെ ഹതാശയും ഉന്മത്തവുമായ മരുഭൂമിയില്‍
സ്വര്‍ണ്ണമത്സ്യങ്ങളും ലില്ലിപ്പൂക്കളുമായി
ഉറവെടുത്ത രജതസരിത്തിന്
ഈ ഈശ്വരന്, എന്റെ എല്ലാ കത്തുകളും
കൃത്യമായി തിരിച്ചയയ്ക്കുന്ന
സ്വര്‍ഗ്ഗത്തിന്റെ തപാലധികാരിക്ക്
ഉ ഉര്‍വ്വരതയക്ക്, മുത്തങ്ങാപ്പുല്ലുമുതല്‍
മനുഷ്യന്‍വരെ ജീവനിലുടനീളം
പെരുക്കത്തിന്റെ കിക്കിളി നിറയ്ക്കുന്ന കാമത്തിന്റെ ഉപ്പിന്,
ഊ ഊര്‍ജ്ജത്തിന്, അണുവിലും ആകാശത്തിലും
താണ്ഡവമാടുന്ന മഹാശിവാകാരത്തിന്
എ എതിര്‍പ്പിന്, സിരയില്‍നിന്നു സിരയിലേക്കു പകര്‍ന്ന്
ഭൂമിയുടെ രൂപം മാറ്റിയെടുക്കുന്ന ആ എഴുത്തഛന്‍ പൊരുളിന്
ഏ ഏകാന്തതയ്ക്ക്, വിഷം കുടിച്ചു പാടുന്ന കവിയുടെ
നിരാലംബമായ ചകിതഹൃദയത്തിന്
ഒ ഒരുമയ്ക്ക്, സഹിക്കുന്ന മനുഷ്യരുടെ ഒരേയൊരു പ്രത്യാശയ്ക്ക്
ഓ ഓര്‍മ്മയ്ക്ക്, ലോകത്തെ പൂവണിയിക്കുന്ന
പഴയ ലോകത്തിന്റെ തിരുവോണത്തിന്
ക കരുണയ്ക്ക്, കാലം ചെല്ലുന്തോറും കണ്ടെത്താന്‍
ആഴത്തിലാഴത്തില്‍
കുഴിച്ചുചെല്ലേണ്ടിവരുന്ന ആ അദൃശ്യസരസ്വതിക്ക്
ച ചലനത്തിന്, കാലമെന്നു നാം പേരിടുന്ന
ആ അനാദ്യന്തമായ മഹാഭാവനയ്ക്ക്
ത തനിമയ്ക്ക്, വ്യത്യാസത്തിന്റെ ഹര്‍ഷോത്സവത്തിന്
പ പരിണാമത്തിന്, ആത്മാവിന്റെ അറിയിപ്പില്ലാതെ വരുന്ന
ഋതുഭേദങ്ങള്‍ക്ക്
യ യത്‌നത്തിന്, പാറകളില്‍നിന്നു മുന്തിരി കൊയ്യുന്ന
മൂലതത്ത്വത്തിന്
ര രക്തസാക്ഷിത്വത്തിന്, മനുഷ്യനെ ദൈവതുല്യനാക്കുന്ന
വിശ്വാസത്തിന്റെ വിശുദ്ധശക്തിക്ക്,
ല ലയത്തിന്, കറുകനാമ്പിന്റെ നൃത്തത്തെ
ഗ്രഹരാശികളുടെ ഭ്രമണഗീതവുമായി 
ബന്ധിക്കുന്ന രഹസ്യപ്പൊരുളിന്
വ വചനത്തിന്, ആദിതമസ്സിലുരുവംകൊണ്ട 
സൃഷ്ടിയുടെ സ്‌ഫോടനത്തിന്,
ശ ശമനത്തിന്, തൃഷ്ണയുടെ അഗ്നിക്കു മുകളില്‍ വീഴുന്ന
യമജലത്തിന്റെ ശീതവര്‍ഷത്തിന്
സ സത്യത്തിന്, ' ഇതല്ല, ഇതല്ല' യെന്ന് നാം തേടുന്ന
നിര്‍വ്വചനാതീതമായ ബഹുരൂപിക്ക്
ഹ ഹരിതത്തിന്, ഭൂമിയെ വീണ്ടും വീണ്ടും
യൗവനദീപ്തമാക്കുന്ന തത്തച്ചിറകുകള്‍ക്ക്
 
നിന്റെ ഓരോ താരസ്വരത്തിലും ഞാന്‍ വിരലോടിക്കട്ടെ
നിന്നെ ഞാന്‍ മടിയിലെടുത്തു മീട്ടട്ടെ
നിന്റെ ചുകന്ന ആരോഹണങ്ങളില്‍ ഞാനുണരട്ടെ
നീലയായ അവരോഹണങ്ങളില്‍ ഊളിയിടട്ടെ.
നിന്റെ താളങ്ങളുടെ ജലോദ്യാനത്തില്‍നിന്ന് ഒരു താമരയിതള്‍
നിന്റെ ലയങ്ങളുടെ പുറ്റില്‍നിന്ന് ഒരു പവിഴപ്പൊട്ട്,
മതി.
 
5
 
ഓരോ യാത്രയിലും
നീ എന്റെകൂടെയുണ്ടായിരുന്നു
എന്റെ പ്രതിച്ഛായയായി, അപരചേതനയായി.
എന്റെ മനസ്സിലും ശരീരത്തിലും
വസന്തത്തിലെ പുതുമുളകള്‍പോലെ
പ്രണയം കിരുകിരുത്തപ്പോള്‍ നീ വന്നു,
വാക്കുകളുടെ തുളുമ്പുന്ന കോപ്പയുമായി.
എനിക്കറിഞ്ഞുകൂടാ ഞാനാരെയാണ് കൂടുതല്‍ ഓമനിച്ചതെന്ന്
എന്റെ ക്ഷണിക കാമിനിമാരുടെ
നശ്വരകപോലങ്ങളെയോ,
വീണ്ടും വീണ്ടും യൗവ്വനം നേടി ഉണരുന്ന വാക്കുകളുടെ
അസ്തമിക്കാത്ത ഉടലുകളെയോ,
എവിടെനിന്നോ അവ വന്നു,
നാട്ടിന്‍പുറത്തെ പച്ചവെയിലില്‍നിന്നോ
മുക്കുറ്റിപ്പൂക്കളുടെ സൂക്ഷമസ്വര്‍ണ്ണത്തില്‍നിന്നോ
കിണറ്റുവക്കിലെ നീരിറ്റുന്ന കുളിരില്‍നിന്നോ
പാടത്തെ വെള്ളരിവള്ളികളുടെ ക്ഷണിക്കുന്ന വളവുകളില്‍നിന്നോ
കുന്നിന്‍ചെരിവിലെ കാരപ്പഴത്തിന്റെ
മിനുത്തു കറുത്ത മധുരത്തില്‍നിന്നോ
വെറ്റിലക്കൊടിയുടെ മദഗന്ധത്തില്‍നിന്നോ
നെല്ലിപ്പൂക്കളുടെ ആകാശം നിഴലിക്കുന്ന കൃഷ്ണമണികളില്‍നിന്നോ
വെള്ളിലപ്പൂങ്കുലയുടെ, കൈനിറയുന്ന
മൃദുലമായ മുഴുപ്പില്‍നിന്നോ
ഉഴുതുമറിച്ച പുതുമണ്ണിന്റെ നനവുറ്റ വിടവുകളില്‍നിന്നോ
നാടോടിപ്പാട്ടുകളുടെ മഴയില്‍നിന്നോ
മഴയില്‍നിന്നോ.
 
അവയുടെ തിളക്കം മാത്രമേ എനിക്കോര്‍മ്മയുള്ളൂ
ആ പ്രണയങ്ങള്‍ കൊഴിഞ്ഞു വീണിട്ടും പൂത്തുനിന്ന
വാക്കുകളുടെ തീവ്രസമ്മിശ്രസൗരഭം മാത്രം
അവ ഇന്നുമെന്നോടൊപ്പമുണ്ട്
വിലാപങ്ങളുടെ മുഖംപൊത്തിയ വിരലുകള്‍ക്കിടയിലൂടെ
അവ ഇന്നുമെന്നെ വിളിക്കുന്നു
നല്ല ഹൈമവതഭൂവിലെ പുഷ്യരാഗങ്ങളുടെ താഴ്‌വാരത്തിലേക്ക്
മലരണിക്കാടുകളുടെ ഘനമരതകത്തിലേക്ക്,
അളകയിലെ ദേവതാരുത്തണലുകളില്‍
കരിമേഘം കാത്തുനില്ക്കുന്ന ഗന്ധര്‍വ്വവിരഹത്തിലേക്ക്,
ശകുന്തങ്ങളുടെ നടുവില്‍ രാഗലിപികള്‍ സ്വപ്നം കണ്ട്
വിടരുന്ന താമരയിലകളിലേക്ക്,
ഗന്ധമാദനസാനുവിലെ വനലതകളിലേക്ക്,
കടലില്‍ ചിറകെട്ടുന്ന പ്രണയശക്തിയിലേക്ക്
 
എന്റെ മുതുകിലുമുണ്ട് മൂന്നു വരകള്‍.
 
6
 
നിനക്കു മറ്റു സിരകളുണ്ട് .,
ലാവ പ്രവഹിക്കുന്നവ.
കൊടുങ്കാറ്റുകളിരമ്പുന്ന മറ്റു ഞരമ്പുകളുണ്ട്,
കടത്തനാടന്‍ വീര്യമുള്ള മറ്റൊരു ഹൃദയമുണ്ട്
അതെനിക്കു നീ തന്നു
കുരുമുളകു തിരിനീട്ടിയ നാളുകളില്‍,
വയനാട്ടു പാറകളില്‍ ഗോത്രമുക്തിയുടെ
സൂര്യന്‍ ജ്വലിച്ച നട്ടുച്ചകളില്‍ 
ഒതേനന്റെ വാള്‍ക്കിലുക്കം കേട്ടുണര്‍ന്ന പാതിരാകളില്‍
മരണമുണ്ടായിരുന്നു വായുവില്‍
മരണവും വെടിമരുന്നും കാട്ടുപൂക്കളും.
ഞങ്ങള്‍ അമൃതു തേടിപ്പോയി
കൈക്കുടന്ന നിറയെ മൃതിയുമായി തിരിച്ചുവന്നു.
ഞങ്ങള്‍ നക്ഷത്രത്തെപ്പിന്‍ചെന്നു,
രാത്രിയുടെ തടവുകാരായി
ഞങ്ങളുടേത് ഒരൂടുവഴിയായിരുന്നു
അതില്‍ രക്തം തളംകെട്ടിനിന്നു
രക്തത്തില്‍നിന്ന് ഒരു കണ്ണു ഞങ്ങളെ നോക്കി,
അതു നിന്റേതായിരുന്നു.
ഓടക്കുഴല്‍ പകരം വാങ്ങി നീ ഞങ്ങള്‍ക്ക്
കണ്ണനാരുടെ പെരുമ്പറ തന്നു
വേദന പെരുകുന്തോറും പെരുമ്പറകളുടെ 
ശബ്ദവും വര്‍ദ്ധിച്ചു.
പെട്ടെന്നു ഞങ്ങള്‍ കണ്ടു; വഴി വിജനമാണെന്ന്.
 
പന്തങ്ങള്‍ വിഴിയിലെറിഞ്ഞ്
ഘോഷയാത്ര പിരിഞ്ഞുപോയിരുന്നു.
ചിലര്‍ വെളിച്ചം നിറഞ്ഞ പെരുവഴികളിലേക്ക്
ചിലര്‍ നിഗൂഢമായ കാലവര്‍ഷത്തിലേക്ക്
ചിലര്‍ പച്ചയുടെ വീണ്ടെടുപ്പിലേക്ക്
ചിലര്‍ കറിക്കത്തികളുടെ പുറപ്പാടിലേക്ക്
ചിലര്‍ സ്വര്‍ണ്ണത്തിന്റെ പ്രലോഭനങ്ങളിലേക്ക്.
 
നീ ഞങ്ങളുടെ ഉടലുകളിലൂടെ പാടിയ
പാട്ടുകള്‍ മാത്രം ബാക്കിയായി
അവ മറ്റൊരു തലമുറയുടെ വരവ് കാത്ത്
വഴിയില്‍, മഴയില്‍, ചിതല്‍പ്പുറ്റു മൂടി തപസ്സിരുന്നു.
 
ആ തലമുറ വന്നില്ല,
ഈ വഴിയില്‍, ഈ മഴയില്‍
 
7
 
ഇവിടെ പക്ഷികളില്ല.
കൊഴിഞ്ഞ ഇലകള്‍ക്കും അന്യഗന്ധങ്ങല്‍ക്കും കീഴില്‍
ഒരു പനിക്കും ഒരു ഭ്രാന്തിനുമിടയിലുള്ള സന്ധ്യയില്‍
ഒറ്റയ്ക്കിരുന്നു ഞാന്‍ നിന്നെ ധ്യാനിക്കുന്നു.
ഞാന്‍ നിന്നെക്കാണുന്നു: പഴകിക്കാതലുറച്ച തടിയും
ഭൂമി മുഴുവന്‍ പടരുന്ന കൊമ്പുകളുമായി ഒരു മഹാവൃക്ഷം
നിന്റെ തടിനിറയെ പ്രണയികള്‍ ആഴത്തില്‍ കോറിയിട്ട
അമ്പേറ്റിയ ഹൃദയചിഹ്നങ്ങള്‍,
ബാധകയറിയവര്‍ ശിരസ്സുകൊണ്ടടിച്ചു കയറ്റിയ
നീണ്ട ഇരുമ്പാണികള്‍,
ഭക്തര്‍ ചാര്‍ത്തിയ കുങ്കുമത്തിന്റെ നടുവിലൂടെ
തറച്ചുകയറിയ കമ്പികള്‍, ബ്ലെയ്ഡിന്‍ കഷണങ്ങള്‍,
ചങ്ങലപ്പാടുകള്‍, കുപ്പിച്ചില്ലുകള്‍
അടര്‍ന്ന തൊലിക്കിടയിലൂടെ തുറിച്ചുനില്ക്കുന്ന മാംസം.
എന്നിട്ടും നീ പൂവണിയുന്നു, പൂവണിയുന്നു
കാണാത്തത്ര ഉയരത്തില്‍.
ഉയരത്തില്‍നിന്നു നീയെന്നെ വിളിക്കുന്നു,
 
ആത്മാവിന്റെകൂടെ നടക്കുവാന്‍.
ആയിരം മറുശബ്ദങ്ങള്‍ക്കിടയിലും കുട്ടി
അമ്മയുടെ ശബ്ദം തിരിച്ചറിയുംപോലെ ഞാന്‍
നിന്റെ ശബ്ദം തിരിച്ചറിയുന്നു
നിന്റെ തൊണ്ടയില്‍നിന്ന് ദൈവം സംസാരിക്കുന്നതു ഞാന്‍ കേള്‍ക്കുന്നു
വനാന്തരത്തിലെ ജലപാതത്തിന്റെ ശബ്ദം
ധ്രുവഹിമം പിളരുന്ന ശബ്ദം
ഇനിയും സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത സ്‌നേഹനിര്‍ഭരമായ
ഗ്രഹങ്ങളുടെ സംഗീതം
 
ശൂന്യതയില്‍ ഭ്രമണം ചെയ്യുന്ന
ഒരു വലിയ പുഷ്പം ഞാന്‍ കാണുന്നു.
അതില്‍ രക്തക്കറ പുരളാത്ത ഒരു പ്രപഞ്ചത്തിന്റെ
തിളങ്ങുന്ന വിത്തു ഞാന്‍ കാണുന്നു
നീ കൂടെ വരുന്നു, നീ കാണിച്ചു തരുന്നു
നീയാണെന്റെ ആകാശം, എന്റെ കാഴ്ചയുടെ ചക്രവാളം
നീയാണെന്റെ ജലം, എന്റ രുചിയുടെ ധ്രുവസീമ,
എന്റെ ഭൂമി, എന്റെ സ്പര്‍ശത്തിന്റെ മഹാമൂര്‍ച്ഛ,
എന്റെ വായു, എന്റെ ഘ്രാണത്തിന്റെ ചുറ്റളവ്
നീയാണെന്റെ അഗ്നി, എന്റെ കേള്‍വിയുടെ തരംഗദൈര്‍ഘ്യം
ഒടുവില്‍ ഞാന്‍ അഴിഞ്ഞുതീരുമ്പോള്‍
എന്റെ പഞ്ചഭൂതങ്ങളും നിന്നിലേക്കു തിരിച്ചുവരുന്നു,
എന്റെ വീട്, എന്റെ അഭയം, അവസാനത്തെ താവളം,
എന്റെ സാദ്ധ്യതയുടെ അറ്റം, എന്റെ വാഗ്ദത്തഭൂമി
എന്നും ജീവിച്ചിരിക്കുന്ന അമ്മ,
മരണാനന്തര ജീവിതം
ജീവിതം
(1994) Users Awards

Also tagged with one or more of these keywords: മലയാളം, Malayalam, Malayalam Kavitha Lyrics, Sachidanathan Kavitha, Kavitha Lyrics, Sachidanathan Kavitha Lyrics, Malayalam Poem Lyrics, Malayalam Lyrics

0 user(s) are reading this topic

0 members, 0 guests, 0 anonymous users