Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 20 Today, 07:12 PM Playing Dino Thunder Cascade Play Now!                Appukutt@N has obtained a high score of 91 Yesterday, 10:42 PM Playing 2D Knock-Out Play Now!                Neelanjana has obtained a high score of 6700 Yesterday, 09:08 PM Playing Quarterback Carnage - Full Play Now!                Neelanjana has obtained a high score of 4359 Yesterday, 08:59 PM Playing Grand Prix 2 Play Now!                Neelanjana has obtained a high score of 730 Yesterday, 08:50 PM Playing Drift Runners 3D Play Now!                
Photo
 • Please log in to reply
1 reply to this topic

#1 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Premium Member
 • 9,838 posts
5,722
Professional
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 03 November 2015 - 11:05 PM

അനന്തം - 
 
‘ I want to do with you
What spring does with cherry trees’
Pablo Neruda 
 
 
 
ജനലിന്നുവെളിയില്‍ 
കാത്തു കൊഴിഞ്ഞുകിടക്കുന്ന മാവിലയുടെ മീതേ
വേനലൊടുവിലെ മഴത്തുള്ളി വീഴുന്നു.
വിരല്‍പ്പാടുകളും റോസാദലങ്ങളും
വിഷക്കുപ്പിയും പ്രണയലേഖനങ്ങളും കൂട്ടിവെച്ച്
ഷെര്‍ലക്‌ഹോംസ് ഒരൈതിഹ്യത്തിന്റെ
ചുരുളഴിക്കുംപോലെ
നിന്റെ അക്ഷരങ്ങളും നഖപ്പാടുകളും
സൗരഭ്യങ്ങളും കൂട്ടിവെച്ച്
ഞാന്‍ നിന്റെ രഹസ്യത്തിലേക്കുള്ള
വഴി തേടുന്നു.
മദ്യപിച്ചു കാറോടിക്കുന്നവന്‍
ദൂരത്തിന്റെ പളുങ്കിലൂടെ
റോഡിലൊരു മഴവില്ലു കാണുംപോലെ
നിന്റെ വടിവുകള്‍
ഞാന്‍ നിരൂപിച്ചു നിരൂപിച്ചെടുക്കുന്നു
ഒടുവില്‍ അസഹ്യമായ ആവേശത്തോടെ
കണ്ടുമുട്ടുന്നതിനെയൊക്കെ
ഞാന്‍ മാറോടടുക്കുന്നു:
തുലാമാസത്തിന്റെ മദജലം പുരണ്ട ഉടുപ്പുകള്‍,
രജനീഗന്ധയുടെ പാതി മാത്രം വിടര്‍ന്ന പൂങ്കുല
, കാഫ്ക മിലേനായ്‌ക്കെഴുതിയ കത്തുകള്‍,
ലോര്‍ക്കയുടെ നാടോടിഗീതങ്ങള്‍,
രമണന്‍,
മോണാലിസ.
 
 
വേനലിലൊരു സായന്തനത്തില്‍
ദൈവം ഒരു മഴവില്ലു തുടച്ചെടുത്ത്
തെളിവാനില്‍വെയ്ക്കുംപോലെ
നിശ്ശബ്ദയായി നീ നിന്റെ കൈ
എന്റെ കൈത്തലത്തില്‍ ചേര്‍ത്തുവെച്ചു.
എന്തായിരുന്നു
ആ വാഗ്ദാനത്തിന്റെ അര്‍ത്ഥം?
നാം പങ്കിടാന്‍ മറന്ന കുട്ടിക്കാലത്തിന്റെ
അരളിപൂത്ത ഇടവഴികളിലൂടെ
മഴയില്‍ കുതിര്‍ന്ന്, ചോലവെള്ളം തട്ടിത്തെറിപ്പിച്ചു
നാം കൈകോര്‍ത്തു നടക്കുമെന്നോ?
നമ്മുടെ പൂര്‍വസഹനങ്ങളുടെ
അസ്വസ്ഥചരിത്രം മുഴുവന്‍
ഒരൊറ്റ ആകസ്മിക ചുംബനത്തിലൂടെ
നാമന്യോന്യം നാഡികളിലേക്കു പകരുമെന്നോ?
'പ്രേമം ഒരു മാലാഖയുമായുള്ള
അനന്തമായ കലഹമാണെ1ന്നുരുവിട്ട്'
എന്റെ ചുണ്ടുകള്‍
തീക്ഷ്ണമാരുതനായി മാറുമ്പോള്‍
നിന്റെ കാതുകള്‍ ഉതിര്‍മുല്ലകളായി
സുഗന്ധം പൊഴിക്കുമെന്നോ?
രാത്രി മുഴുവന്‍
ലജ്ജയുടെ ആവരണങ്ങള്‍
ഉരിഞ്ഞു തീയിലെറിഞ്ഞ്
നമ്മുടെ നാവുകള്‍ ആ നിശാപുഷ്പങ്ങളുടെ
കാട്ടുതേന്‍ നുണയുമെന്നോ?
 
3
 
വിയറ്റ്‌നാമിലെ ആ
മെലിഞ്ഞ പതിനൊന്നുകാരിയാണു നീ
ബോംബില്‍നിന്നു നിലവിളിച്ചോടുന്നവള്‍
നീ ഓടി, നഗ്നയായി, പൊള്ളുന്ന ഉടല്‍
വെയിലിനും മുടി കാറ്റിനും വിട്ടുകൊടുത്ത്,
പാഴിലമൂടിയ നിന്റെ നാട്ടിന്‍പുറത്തെരുവുകള്‍ക്കു
തീ പിടിച്ചപ്പോള്‍.
ദാരിദ്ര്യത്തെക്കിടത്തി താരാട്ടിയ
എന്റെ മാറിലേക്കായിരുന്നു നീ ഓടിയണഞ്ഞത്.
അവിടെ പല യുദ്ധങ്ങളുടെ വടുക്കള്‍ക്കിടയില്‍
ഞാന്‍ നിനക്കായി സൂക്ഷിച്ചിരുന്നു,
തീ കെടുത്തുന്ന ഒരു കുടം വാക്ക്
പൊള്ളിയ ഹൃദയത്തില്‍ പുരട്ടാന്‍
ഒരു തുള്ളി തേന്‍, നാളത്തേക്ക്
ഒരു സൂര്യകാന്തിയുടെ വിത്ത്.
പറയരുതേ, നാം രണ്ടു ഗ്രഹങ്ങളിലൊന്നണെന്ന്
ചങ്ങലയിട്ട കാലുകള്‍കൊണ്ടാണ്
നാം നൃത്തച്ചുവടുകള്‍വെയ്ക്കുന്നതെന്ന്
പറയരുതേ, ശിലകള്‍ക്കകത്തിരുന്നാണ്
നാം ഇലകളേയും പറവകളേയും സ്വപ്നം കാണുന്നതെന്ന്.
 
നീ പിറന്ന മുതലേ എന്റേതായിരുന്നു
നിന്നെക്കാത്തിരുന്നാണ് എനിക്ക്
മുള്ളുകള്‍ മുളച്ചത്
എങ്കിലും ഈ മണലിന്റെ ആഴത്തിലുണ്ട് 
ഈന്തപ്പഴക്കാടുകളുടെ ഉറവകള്‍
 
 
ഒരു കൂറ്റന്‍ മയില്‍പീലിപോലെ കിടന്ന
തടാകത്തിന്നരികിലൂടെ ഇളം തണുപ്പിന്റെ
പനിനീര്‍ത്തലോടലേറ്റു നടക്കുമ്പോള്‍
നിന്റെ ഹൃദയം എന്റെ കയ്യിലിരുന്നു മിടിച്ചു,
തേനും അമ്ലവും പങ്കിട്ട ഒരു രാത്രിയുടെ 
തുടുത്ത ഓര്‍മ്മയില്‍ 
 
എന്റെ ചുണ്ടില്‍ നാലു മഴവില്ലുകളായിരുന്നു.
നിന്റെ ഉടലില്‍ നാലു മേഘങ്ങള്‍.
നിന്റെ മുടിയിഴകള്‍ എന്റെ തലയിണയില്‍
കുറിച്ചിട്ടു : ' നിന്റെ ഗന്ധം, പ്രിയാ,
ഞാനെന്റെ ഉദ്യാനത്തിലേക്കു കൊണ്ടുപോകുന്നു.'
നിന്റെ കൊച്ചുദരത്തോട് എന്റെ നാവു മന്ത്രിച്ചു:
' എനിക്കിതിനുള്ളില്‍ വീണ്ടും തളിര്‍ക്കണം,
എനിക്കു യുദ്ധമില്ലാത്ത ലോകത്തേക്കു പിറന്നുവീഴണം'
 
നീ ബസ്ലാനിലെ കുട്ടികളുടെ
കൂട്ടക്കുരുതിയെക്കുറിച്ചു തേങ്ങി
ഞാന്‍ ബാഗ്ദാദിലെ തകര്‍ന്ന മേല്‍ക്കൂരയില്‍നിന്ന്
അവസാനത്തെ മുന്തിരിത്തോപ്പിലേക്കു ചിതറിവീണു.
 
അവിടെ ദൈവം വലിച്ചിട്ട ഒരു സിഗരറ്റുകുറ്റി
എന്നെ നോക്കി കണ്ണിറുക്കി:
' അതിജീവിച്ചതില്‍ അഹ്ലാദിക്കാന്‍
ഇനിയുമുണ്ട് മൂന്നു രാത്രികള്‍'.
 
5
 
നീ ഒരു മഞ്ചാടിക്കുരു
എന്റെ നെറ്റിയില്‍വയ്ക്കുന്നു
ഞാന്‍ ഒരു ഗോട്ടിക്കായ
നിന്റെ പൊക്കിളിലൂടെ ഉരുട്ടുന്നു
നിന്റെ മുലക്കണ്ണുകളില്‍ ഞാന്‍
വാഴക്കുടപ്പനിലെ തേന്‍ പുരട്ടുന്നു.
എന്റെ അരക്കെട്ടില്‍ നീ
ഒരു മാങ്ങനാറിപ്പൂ ചാര്‍ത്തുന്നു
നീ തുക്കാറാമിന്റെ ഒരു ഈരടി
എന്റെ നെഞ്ചിലേക്കൂതി വിടുന്നു
ഞാന്‍ എഴുത്തച്ഛന്റെ ഒരു താള്‍
നിന്റെ കണ്ണുകള്‍ക്കു സമര്‍പ്പിക്കുന്നു.
 
ഞാന്‍ പറയുന്നു:മത്തീസ്
നീ പറയുന്നു: ബീഥോവന്‍
ഞാന്‍ പറയുന്നു: വാന്‍ഗോഗ്
നീ പറയുന്നു: മൊസാര്‍ത്
ഞാന്‍ പറയുന്നു :പികാസ്സോ
നീ പറയുന്നു: സ്ട്രാവിന്‍സ്‌കി
ഞാന്‍ പറയുന്നു: ബ്രെഹ്റ്റ്
നീ പറയുന്നു: കുമാര്‍ ഗന്ധര്‍വ്
ഞാന്‍ പറയുന്നു: വയെഹൊ
നീ പറയുന്നു: രാമനാഥന്‍
ഞാന്‍ പറയുന്നു: പ്രണയം
നീ പറയുന്നു : പ്രണയം
പിന്നെ നാം ചുംബിക്കുന്നു
നിന്നെ ഞാന്‍ ചന്ദ്രനിലേക്കുയര്‍ത്തുന്നു.
ഒരു വീഞ്ഞുചഷകത്തെയെന്നപോലെ,
പ്രപഞ്ചത്തിന്നു മുഴുവന്‍ ആരോഗ്യം നേര്‍ന്നുകൊണ്ട് .
 
നീ മഴവില്ലെടുത്തണിയുന്നു.
മുടികള്‍ക്കിടയിലൊരു നക്ഷത്രവുമായി
തിരിച്ചുവരുന്നു
നീ പറയുന്നു: ആകാശം
ഞാന്‍ പറയുന്നു: സമുദ്രം
നീല നമ്മെപ്പൊതിയുന്നു
നീലസ്സംഗീതം, നീലനിലാവ്.
നീല നീ. നീല ഞാന്‍
നീല മൂര്‍ച്ഛ.
6
 
ഞാന്‍ നിന്നെ റിറ്റ്‌സോസിന്റെ
വരികള്‍ കേള്‍പ്പിക്കുകയാണ്:
'ഏറെ ഞാന്‍ വൈകി; അറി.യാമെനി,യ്ക്കത്ര-
യേകാകിയായിരുന്നൂ ഞാന്‍...
എങ്കിലും കൂടെ വരട്ടെ ഞാ,നത്രമേല്‍
സുന്ദരമീ മുഴുത്തിങ്കള്‍'...2
നീ റീല്‍ക്കേയുടെ സിംഹത്തെക്കുറിച്ചോ
മല്ലാര്‍മേയുടെ അരയന്നത്തെക്കുറിച്ചോ
പറയുമെന്നു ഞാന്‍ കരുതി
പക്ഷേ, നീ ആലോചിച്ചത്
ദൈവങ്ങളിലും വെച്ചു സുന്ദരനായ
പ്രേമത്തെക്കുറിച്ചായിരുന്നു.
എന്തിനാണ് നീ
ജനിക്കാനിത്ര വൈകിയത്?
ഏതു നക്ഷത്രത്തിലായിരുന്നു നീ?
ഏതു ജലത്തില്‍? ഏതുദയത്തില്‍?
മനുഷ്യരാശിയുടെ ഏതു ഭയത്തില്‍?
 
7
 
ഇല്ല, പ്രേമം ഒരിക്കലും വൈകിവരുന്നില്ല
അതു സംവത്സരങ്ങളെയും യുഗങ്ങളെയും
ഉന്മൂലനം ചെയ്യുന്നു, ഇടിത്തീപോലെ
കാലത്തിനു നടുവില്‍ നിപതിക്കുന്നു
എന്നിട്ട് ശ്മശാനശിലകളിലിരുന്ന്
പോള്‍ സെലാന്റെ ആതുരമായ വരികളുരുവിടുന്നു.
'നിന്റെ സ്വര്‍ണത്തലമുടി, മാര്‍ഗററ്റ്
നിന്റെ ചാരത്തലമുടി ഷൂലാമിത്ത്...'3
 
ഓ നിന്റെ ചുരുളാത്ത മുടി
എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു
യുദ്ധം കഴിഞ്ഞു തിരിച്ചുവന്ന്
തന്റെ നാട്ടിന്‍പുറത്തിന്റെ ഇടവഴികളിലൂടെ
വീണ്ടും വീണ്ടും വണ്ടിയോടിക്കുന്ന
കൊതിയന്‍ സൈനികരെപ്പോലെ
എന്റെ വിരലുകള്‍ ആ കരിവഴികളില്‍
കൊതിയോടെ പരതി നടക്കുന്നു
ഒരു വളപ്പൊട്ടു തേടി, ഒരു പലംനിലാവും
ഒരു താരാട്ടും തേടി
 
നിന്റെ നുരയുന്ന ചുണ്ടുകള്‍
എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു
ഞാന്‍ വീണ്ടും വീണ്ടും അവിടെ തിരിച്ചെത്തുന്നു
മദ്യപന്‍ പാതി കുടിച്ചുവെച്ച
വീഞ്ഞുകോപ്പയിലേക്കെന്നപോലെ
നിന്റെ ഉറച്ച മുലകളിലേക്കു ഞാന്‍ തിരിച്ചെത്തുന്നു
ഭക്തന്‍ ഇഷ്ടദേവതയുടെ
വെണ്ണക്കല്‍ വിഗ്രഹത്തിലേക്കെന്നപോലെ.
നിന്റെ കത്തുന്ന നാഭിയിലേക്കു ഞാന്‍ തിരിച്ചെത്തുന്നു,
ഹവിസ്സ് ഹോമകുണ്ഡത്തിലേക്കെന്നപോലെ.
ഞാനാകുന്നു ഹവിസ്സ്, ആദ്യത്തെ പുരുഷന്‍,
നീ ആദ്യത്തെയും അവസാനത്തെയും സ്ത്രീ, അഗ്നി,
അതിരില്ലാത്തവള്‍, കാലമില്ലാത്തവള്‍
നീ ഗൗരി, അരുണ, ഭാര്‍ഗവി, മേദിനി
ഞാന്‍ നിന്റെ മടിയിലെത്താന്‍ കഴച്ച്
സഹസ്രനാമമുരുവിടുന്ന
കുറിച്യക്കുടിയില്‍ വിടര്‍ന്ന ചെമ്പരത്തിപ്പൂ.
 
8
 
എത്ര ജന്മങ്ങളുടെ പാതിവെളിച്ചത്തിലൂടെയാണ്
ഞാന്‍ നിന്നിലേക്കു യാത്ര ചെയ്തത്!
രാധയെന്നും ഉര്‍വശിയെന്നും നിനക്കു പേര്
ലൈലയെന്നും ചന്ദ്രികയെന്നും.
ഓരോരുത്തരും സൂര്യകാന്തി, പക്ഷേ,
പണി തീരാത്തവ
എനിക്കു വേണ്ടാ ജൂലിയറ്റ്, ക്ലിയോപാട്രയും വേണ്ടാ
എനിക്കു വേണ്ടത് എന്നെപ്പോലെ മുള്ളുള്ളവളെ
മണലില്‍ പൂക്കുന്നവളെ
എല്ലാം ഓര്‍ക്കുന്നവളെ, എല്ലാം പകുക്കുന്നവളെ
വേദന, ഉന്മാദം, വാക്ക്, വിചാരം, ശരീരം, ആത്മാവ്
- എല്ലാം
 
ഇതിഹാസങ്ങളുടെ മകളേ,
എന്നെ കൊണ്ട് പോകൂ, കണ്ണു തുറന്നു നടക്കുന്നവര്‍ക്ക്
അനുദിനം ഭീകരമായി വരുന്ന
ഈ ലോകത്തുനിന്ന്, ആരും മരിക്കാത്ത കഥയിലേക്ക്,
രഞ്ജിനിയുടെ കൗമുദിയിലേക്ക്,
പിയാനോകളുടെ താഴ്‌വരയിലേക്ക്
നോക്കൂ പുറത്ത്:
ബോബ് ഡിലന്‍ : നിലാവായി
കാറ്റിലിളകുന്ന ഓരോ വൃക്ഷവും
അവന്റെ ഗിഥാര്‍
 

 
Users Awards

#2 VIncenT GomeZ

VIncenT GomeZ

  Best Boy of PP - 2012

 • Premium Member
 • 9,838 posts
5,722
Professional
 • Location:root
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 03 November 2015 - 11:06 PM

. 9
 
നിന്റെ വലത്തേ മുലയില്‍
എന്റെ പല്ലുകള്‍ ഇന്നലെ ഏല്‍പ്പിച്ച ചുകപ്പ്,
അതു നീ എവിടെ മറവുചെയ്തു?
നീ അത് സന്ധ്യാകാശത്തിനു പകര്‍ന്നു നല്‍കിയോ?
ആകാശത്തിലൂടെ കടന്നുപോകുന്ന
കിളികളെല്ലാം ചുകപ്പാകുന്നുവല്ലോ.
ഇലകള്‍, പൂക്കള്‍, അരുവികള്‍, കുന്നുകള്‍
എല്ലാം ചുകപ്പാകുന്നുവല്ലോ
ചുകന്ന കടലിന്നു മീതേ കുനിഞ്ഞുനില്‍ക്കുന്ന
ഒരു ചുകന്ന ചന്ദ്രന്‍
നാളെ ഉദിച്ചുയരുന്ന
സൂര്യനും ചുകപ്പായിരിക്കും.
ഒരൊറ്റ രാത്രികൊണ്ട് വെറുമൊരു വിരിപ്പ്
എങ്ങനെ വാല്‍സ്യായനനാകുന്നു!
പ്രണയവും പല നിലകളുള്ള ഒരു തപസ്സാണ്.
10
 
'ചെമ്മണ്ണും പെരുമഴയും പോലെ...'
കുറുന്തൊകൈയുടെ താളുകളില്‍ നിന്ന്
പെട്ടെന്നൊരുപമ ഇറങ്ങിവരുന്നു.
നാം അത്രമേല്‍ കൂടിക്കുഴഞ്ഞു,
ഒരു വരള്‍ച്ചയ്ക്കും നമ്മെ വേര്‍പെടുത്താനാവില്ല.
നിന്റെ ഓരോ തുള്ളിയിലും ഞാനുണ്ട് 
എന്റെ ഓരോ തരിയിലും നീ
നീ ഒരു മുളങ്കാടാണ്,
നിന്നിലൂടെ ഞാന്‍ വീശുമ്പോള്‍
നിന്റെ ഓരോ തുളയില്‍ നിന്നും
ചൗരസ്യയുടെ സംഗീതം പ്രവഹിക്കുന്നു
നീ ഒരു വര്‍ണ്ണത്തട്ടാണ്
എന്റെ ഉന്മത്തമായ വിരലുകള്‍
നിന്നെ പോള്‍ ക്ലേയുടെ ഒരു ചിത്രംപോലെ
ക്യാന്‍വാസ്സില്‍ നിറയ്ക്കുന്നു
എന്റെ എല്ലാ ലോകങ്ങളിലും
നിന്റെ ചിലങ്കയുടെ കിലുക്കം
എന്റെ എല്ലാ കാലങ്ങളിലും
നിന്റെ ചിറകടിയുടെ മുഴക്കം.
നീ തുറന്നുവെച്ചിരിക്കുന്ന
ഈറന്‍ പുസ്തകം
ഗീതഗോവിന്ദമോ, അതോ
ഗാഥാ സപ്തശതിയോ?
11
 
നിന്റെ തൊണ്ടയില്‍ അനേകം പക്ഷികളുണ്ട്
അവയിലൊന്ന് ഒരു തത്ത,
മറ്റൊന്ന് മൈന
നീ ഉറങ്ങുമ്പോള്‍ അവ 
സ്വന്തം കാടുകളിലേക്കു മടങ്ങിപ്പോകുന്നു
ഉറക്കത്തില്‍ നിന്റെ നഗ്നമായ ഉടല്‍ കാണുമ്പോള്‍
ഞാന്‍ ഹിറോഷിമയെ ഓര്‍ക്കുന്നു
നിന്നെ വേദനിപ്പിക്കാതെ ഞാന്‍
അതില്‍നിന്നു ചില്ലുകള്‍ വലിച്ചെടുത്ത്
ചോര തുടച്ചു കളയുന്നു
നീ എല്ലാ സ്ത്രീകളുമാണ്
കാട്ടിലുപേക്ഷിക്കപ്പെട്ടവള്‍
കായലില്‍ കെട്ടിത്താഴ്ത്തിയവള്‍
തെരുവില്‍ കല്ലെറിയപ്പെട്ടവള്‍, ജീവനോടെ ദഹിപ്പിക്കപ്പെട്ടവള്‍,
വിഷം നല്‍കപ്പെട്ടവള്‍, കൈമാറ്റം ചെയ്യപ്പെട്ടവള്‍,
കാമുകി, വധു, വിധവ, വേശ്യ.
 
നിന്റെ ശമിച്ച ഉടലില്‍
ഞാന്‍ ഒരുമ്മവെയ്ക്കട്ടെ
ഭൂമിയില്‍ വിടരാതെപോയ എല്ലാ പൂക്കള്‍ക്കും 
കാമുകന്മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടി,
എന്റെ മഗ്ദലനമേ,
യേശുവല്ലാത്ത ഞാന്‍
12
 
നാമിപ്പോള്‍ ഉറക്കച്ചടവോടെ
കബീര്‍ കേള്‍ക്കുകയാണ്:
അധികാരമുപേക്ഷിച്ച രാമന്‍
നമ്മുടെ ചുമലില്‍ കയ്യിട്ട്
അടയാളങ്ങള്‍ ചുമക്കാത്ത ശരീരത്തെയും
അഭേദമായ പ്രണയത്തെയുംകുറിച്ചു പാടുന്നു
അവന്‍ നമ്മെ അനന്തതയിലേക്കു ക്ഷണിക്കുന്നു.
ഞാന്‍ നിന്റെ മിഴികളുടെ
നിശാകാശത്തിലേക്കുറ്റു നോക്കുന്നു.
അവിടെ ഒരു പാതിച്ചന്ദ്രന്‍ വയലിന്‍ വായിക്കുന്നു.
വരൂ, എനിക്കിപ്പോള്‍ നിന്റെ മടിയില്‍ കിടക്കണം,
കുമാര്‍ഗന്ധര്‍വ് തുക്കാറാമിന്റെ അഭംഗുകള്‍
പാടുംപോലുള്ള കടലിരമ്പം കേള്‍ക്കണം.
കടല്‍ ചരിത്രമാണ്
നിന്റെ മുടിയുടെ കാട്
എന്റെ മുഖത്തു പരത്തിയിടൂ:
അതിന്റെ മുപ്പത്തിയാറു പൂക്കളുടെ
തീവ്രസുഗന്ധം എന്റെ സിരകളെ
സ്വര്‍ഗത്തിലെ മുല്ലവള്ളികളാകും വരെ,
സ്വാമിനാഥന്റെ ക്യാന്‍വാസിലെ പക്ഷി
അതിന്മേല്‍ പറന്നു വന്നിരുന്നാടുംവരെ.
നാമും മരിച്ചാല്‍ മതമില്ലാത്ത പനിനീര്‍പ്പൂക്കളായി മാറും
 
13
 
നീയാകുന്നു മല്‍ഹാര്‍.
ഞാന്‍ നിന്നെ മീട്ടിയുണര്‍ത്തുകയാണ്
സ്‌നിഗ്‌ദ്ധേ, പെയ്യൂ, എന്റെ ഉള്ളും ഉടലും
കവിഞ്ഞൊഴുകട്ടെ
അതില്‍ ഒരു കുട്ടി
ശാന്തസമുദ്രത്തിലേക്ക്
ഒരു തോണി ഇറക്കിവിടട്ടെ:
നമ്മുടെ കുട്ടി
14
 
നീ വേദിയില്‍നിന്നു കവിത വായിക്കുകയാണ്,
ഞാന്‍ താലോലിച്ച അതേ ചുണ്ടുകള്‍കൊണ്‍#്
എന്റെ കൈകള്‍ കാറ്റായിവന്ന്
നിന്റെ മുടി തഴുകുന്നു.
പുറത്തുവരുന്ന ഓരോ വാക്കിലും
എന്റെ ചുംബനത്തിന്റെ ഈറന്‍ മുദ്രയുണ്ട് .
സദസ്സിലുള്ളവരെ ഞാനോ നീയോ
കാണുന്നതേയില്ല
ലോകത്തോടു പോകാന്‍ പറയൂ
നിന്റെ വാക്കുകള്‍ എനിക്കുവേണ്ടി
മാത്രമാണ്.
എല്ലാവരുടേതുമായ ഭാഷ
എങ്ങിനെ ചില മുഹൂര്‍ത്തങ്ങളില്‍
നമ്മുടേതു മാത്രമായി മാറുന്നു!
അപ്പോള്‍ ഓരോ നാമവും നീ എനിക്കു നീട്ടുന്ന
ഓരോ ഒലീവിലയായി മാറുന്നു.
ഓരോ വിശേഷണവും ചിറകാവുന്നു.
ഓരോ ക്രിയയും പ്രണയത്തിന്റെ
ദൈര്‍ഘ്യമളക്കുന്ന ഘടികാരമായി മിടിക്കുന്നു.
പര്യായങ്ങളോട് നമ്മെ വെറുതെ വിടാന്‍ പറയൂ.
നമുക്കു നേര്‍ക്കു നേര്‍ സംസാരിക്കാം
 
സൗരഭങ്ങളുടെ ഉന്മാദത്തില്‍
ഞാന്‍ നിന്നിലേക്കെടുത്തു ചാടുന്നു
നീയാകുന്നു ഏറ്റവും വന്യയായ നദി
എന്നും തിരയടിക്കുന്ന സമുദ്രം
ബാബേലിന്നപ്പുറത്തുള്ള
ഉപ്പിന്റെ യാത്ര
ചാരത്തിന്നടിയില്‍ 
കനലിന്റെ ഉറക്കമൊഴിപ്പ്.
 
15
 
സൂര്യനോടു പറയൂ
നാളെ ഉദിക്കേണ്ടെന്ന്.
വാതിലിനോടു പറയൂ
പുറത്തെ വേഗങ്ങളിലേക്കു
തുറക്കേണ്ടെന്ന്
കിടക്കയോടു പറയൂ, നമ്മെ
വെളിച്ചത്തിന് ഒറ്റിക്കൊടുക്കരുതെന്ന്.
 
തീപ്പിടിച്ച കുംഭഗോപുരംപോല
നിന്റെ കവിളുകള്‍ ചുവന്നിരിക്കുന്നു
വെളുത്ത ഉടുപ്പിട്ട് മുടി പിന്നിയിട്ട്
കയ്യില്‍ കുരുത്തോലയുമായി
അമ്മയുടെ കൈപിടിച്ചു പള്ളിയിലേക്കു
തുള്ളിച്ചാടിപ്പോകുന്ന ഒരു കുട്ടിയായി
ഞാന്‍ നിന്നെക്കാണുന്നു
പാവാടയുടുത്തു നീ നാട്ടിന്‍പുറക്കവലയില്‍
ബസ്സു കാത്തുനില്‍ക്കുന്നതു കാണുന്നു.
നിന്റെ ചുറ്റും ഞാനപ്പോള്‍
ഒരു തുമ്പിയായി പറന്നു നടന്നിരുന്നു.
 
കോളേജിലെ ക്ലാസ്സ്മുറിയിലും
ജനലിലൊരു കുരുവിയായി വന്ന്
ഞാന്‍ നിന്നെ നോക്കിക്കൊണ്ടിരുന്നു
നിന്റെ ഓരോ ചുവടുവെപ്പും
എന്നിലേക്കായിരുന്നു.
 
എനിക്കു ഭയമാകുന്നു
രാത്രി നാളെയുമുണ്ടാകും
ഓ, രക്തത്തിന്റെയും പിശാചുക്കളുടേയും രാത്രി,
നീയില്ലാത്ത നരകത്തില്‍.
 
പിരിയും മുമ്പ്
എന്റെ വാക്കുകളില്‍ പകരൂ:
നിന്റെ മാത്രമായ
ആമ്പല്‍പ്പൂവിന്റെയും കാന്താരിമുളകിന്റെയും
ആ മിശ്രഗന്ധം
കുത്തിയൊഴുകുന്ന മഴവെള്ളത്തിനു മുകളില്‍
ചിലയ്ക്കുന്ന തിത്തിരിപ്പക്ഷികളുടെ 
ആ അപൂര്‍വശബ്ദം
ഓരോ രോമകൂപത്തിനും
കൊടുങ്കാറ്റിന്റെ രഹസ്യം പകരുന്ന
ആ നീണ്ട വിരലുകളുടെ സ്പര്‍ശം
വിടര്‍ന്ന ചാമ്പപ്പൂങ്കുലകളുടെയോ
മാതളത്തിന്റെ തുടുത്ത അല്ലികളുടെയോ എന്ന്
എനിക്കിപ്പോഴും തീര്‍ച്ചയില്ലാത്ത
നിന്റെ രഹസ്യങ്ങളുടെ രുചി.
എങ്കില്‍ ഞാന്‍
ഈ ഭീകരമായ നൂറ്റാണ്ടിന്റെ
സൂര്യഗ്രഹണത്തിലേക്ക്
നേരേ തുറിച്ചു നോക്കും:
അന്ധമായ എന്റെ കണ്ണുകളില്‍
നിന്റെ പ്രിയാകരം മാത്രം
അവശേഷിക്കുംവരെ
(2005)
കുറിപ്പുകള്‍
 
1. ചെക്ക് കവി യാരോസ്ലോവ് സീഫെര്‍ട്ടിന്റെ വരികള്‍. ' Struggle with the Angel ' ല്‍നിന്ന്
2. ഗ്രീക്ക് കവി യാനിസ് റിറ്റ്‌സോസിന്റെ വരികള്‍, 'Eroica' - യില്‍നിന്ന്
3. ജര്‍മ്മന്‍ കവി പോള്‍ സെലാന്റെ 'Death Fugue' - ല്‍നിന്ന്‌

Edited by Don Hari, 03 November 2015 - 11:08 PM.Users Awards

0 user(s) are reading this topic

0 members, 0 guests, 0 anonymous users