Jump to content

Toggle Scoreboard
ibProArcade Scoreboard

Dracula KuttappaN has obtained a high score of 10740 Yesterday, 10:10 PM Playing 9 Dragons Hexa Play Now!                KD DexteR has obtained a high score of 10 Yesterday, 08:35 PM Playing Atomica Play Now!                Shaji PappaN has obtained a high score of 1900 Yesterday, 08:27 PM Playing Atomica Play Now!                Ambros Attambomb has obtained a high score of 30930 Yesterday, 04:58 PM Playing CrashDown Play Now!                Major Purushu has obtained a high score of 60 Yesterday, 03:00 PM Playing Harry Potter`s Ghoul Attic Play Now!                
Photo

"ഇസങ്ങള്‍ക്കപ്പുറത്തെ ലാല്‍

Mohanl Lal Lal Malayala Cinema

 • Please log in to reply
3 replies to this topic

#1 Shaji PappaN

Shaji PappaN

  Thallukolli of PP

 • Administrator
 • 27,021 posts
21,371
Professional
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 30 September 2015 - 08:39 AM

"പിന്നിട്ടകാലത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ മനസ്സ് തുറക്കുന്നു. "

 

image.jpgകണ്ണിറുക്കിയുള്ള ഒരു ചിരിയും കള്ളനോട്ടവും 'ചുമ്മാ' എന്നൊരു മൊഴിയുമായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്ക് മോഹന്‍ലാല്‍. ചെരിഞ്ഞു നടത്തവും ഒറ്റക്കാലിലുള്ള നൃത്തച്ചുവടും കുട്ടിക്കരണം മറിച്ചിലും ഹരിമുരളീരവത്തിന് വഴിമാറിയപ്പോള്‍ അതിശയത്തോടെ ഉര്‍വശി ടാക്കീസിലെ ചെറിയ തുളകള്‍ വീണുതുടങ്ങിയ സ്‌ക്രീനിലേക്ക് വാ പൊളിച്ച് നോക്കിയിരുന്നിട്ടുണ്ട്. വശത്തേക്ക് അല്‍പ്പം ചെരിഞ്ഞുള്ള നടത്തം നാട്ടുനടപ്പായി. പിന്നെ പിരിച്ചുവെച്ച മീശയും മാടിക്കെട്ടിയ മുണ്ടും കാലു മടക്കിയുള്ള അടിയും 'മോനേ ദിനേശാ' വിളിയുമായി ലാലേട്ടനായി പുനരവതരിപ്പിച്ചു. ബാല്യകാലം തൊട്ടേ കണ്ടു തുടങ്ങിയ ഈ മോഹന്‍ലാല്‍ ഒരാള്‍ തന്നെയോ എന്ന് അതിശയിക്കാന്‍ പോന്നത്ര രൂപാന്തരങ്ങളുണ്ട്. ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ലാല്‍ ഫാന്‍ ആയി മാറാത്ത എത്ര മലയാളികളുണ്ടാവും? ഇന്ന് പതിനൊന്നാം ക്ലാസുകാരനായ മകന്‍ ഫെയ്‌സ്ബുക്കില്‍ ലാല്‍ ഫാന്‍ എന്ന് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ ആ അതിശയം വര്‍ധിക്കുന്നേയുള്ളൂ. 

ഏറെക്കാലമായി ഹൃദയത്തിലേറ്റുന്ന മഹാനടന്റെ അഭിമുഖത്തിനായി അദ്ദേഹത്തിന്റെ സുഹൃത്ത് ശ്രീകാന്തിനും ഫോട്ടോഗ്രാഫര്‍ പ്രവീണിനുമൊപ്പം തേവരയിലെ വീട്ടില്‍ ചെല്ലുമ്പോള്‍ ശരീരത്തിലാകെ എണ്ണ തേച്ചുപിടിപ്പിച്ച് കസര്‍ത്ത് കഴിഞ്ഞുള്ള വരവാണ് കണ്ടത്. 'അയ്യോ, എനിക്കല്‍പ്പം സമയം വേണേ' എന്നു പറഞ്ഞ് അകത്തേക്ക് മറഞ്ഞ നൊമ്മ സ്വന്തം നടന്‍ കാല്‍ മണിക്കൂറിനകം വീതിക്കരയുള്ള മുണ്ടും പതിവു ശൈലിയില്‍ തെറുത്ത് കയറ്റിയ മുഴുക്കയ്യന്‍ ഷര്‍ട്ടുമിട്ട ് തിരിച്ചെത്തി. 'ഇന്റര്‍വ്യൂന്ന് പറഞ്ഞാ കുറേ സമയെടുക്കോ?'  അല്‍പ്പം ചമ്മലോടെയുള്ള (അതും ലാല്‍ സ്‌റ്റൈല്‍) ഒരു ചോദ്യം. വീടിന്റെ അകത്തളത്തില്‍ കസേരയില്‍ ലാല്‍ ഇരുന്നു. പുറത്ത് ഗ്ലാസിനപ്പുറത്ത് കായലില്‍ മഴപെയ്യുന്നു, കാറ്റുമുണ്ട്. 'ശ്ശോ നോക്ക് എന്തൊരു കാറ്റാ, നമ്മുടെ ആ മരം ഇന്നലെ വീണതാ, ചെരിഞ്ഞു കിടക്കുന്നത് കണ്ടില്ലേ ?' സംസാരത്തിന് 'തൂവാനത്തുമ്പികളി'ലെ ജയകൃഷ്ണന്‍ കോണ്‍ട്രാക്റ്ററുടെ സ്ലാങ്. ഒന്നര മണിക്കൂറിലധികം നീണ്ട അഭിമുഖത്തില്‍ തമാശയായും അതീവ ഗൗരവത്തോടെയും പറഞ്ഞത് വേര്‍തിരിച്ചെടുക്കാന്‍ പ്രയാസമാണ്. ആയതിനാല്‍ സംഭാഷണം അതേപടി കുറിക്കുന്നു.

image.jpg

 

വര്‍ഷങ്ങളേറെയായി മലയാളികള്‍ ലാലേട്ടനെ ഹൃദയത്തിലേറ്റാന്‍ തുടങ്ങിയിട്ട്. കാലം കഴിയും തോറും ആ ഇഷ്ടം കൂടി വരുന്നതേയുള്ളൂ. എന്തു തോന്നുന്നു?

 

അങ്ങനെയൊരു ഇഷ്ടം ഉണ്ടെങ്കില്‍ വളരെ സന്തോഷകരമാണ് അത്. കുട്ടികള്‍ തൊട്ട് വൃദ്ധന്‍മാര്‍ വരെ എന്നെ ലാലേട്ടന്‍ എന്നു വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ആഹ്ലാദം തോന്നാറുണ്ട്. ചിലപ്പോള്‍ വലിയ ആളുകളെ, വലിയ സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളുകളെ ഞാന്‍ ഫോണില്‍ വിളിക്കുമ്പോള്‍ പലപ്പോഴും അവരുടെ ഭാര്യയോ മക്കളോ ആവും എടുക്കുക. എന്റെ ശബ്ദം കേള്‍ക്കുമ്പോഴേ വിളിച്ചു പറയും, ദേ, ലാലേട്ടന്‍ വിളിക്കുന്നു. സ്വന്തം വീട്ടിലെ അംഗത്തെ പോലെ എന്നെ കാണുന്നതുകൊണ്ടാണതെന്നു തോന്നാറുണ്ട്. സത്യത്തില്‍ അവര്‍ക്കങ്ങനെ കരുതേണ്ട കാര്യമില്ല. എന്നില്‍ നിന്ന് അവര്‍ക്കൊന്നും കിട്ടാനില്ല. എന്നിട്ടും ഇങ്ങനെ സ്‌നേഹിക്കപ്പെടുമ്പോള്‍ വിചാരിക്കാറുണ്ട്; ഇതിനു മാത്രം ഞാനെന്തു പുണ്യമാണ് ചെയ്തതെന്ന്. സത്യത്തില്‍ ഞാന്‍ ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ടമാണത്. പലപ്പോഴും അതെനിക്ക് അനുഭവപ്പെടാറുമുണ്ട്. കഴിഞ്ഞ ദിവസം വിമാനത്തില്‍ വരുമ്പോള്‍ ഒരു ചെറിയ കുട്ടി എന്റെ അരികിലൂടെ 'ആറ്റു മണല്‍ പായയില്‍' എന്ന പാട്ടു പാടിക്കൊണ്ട് നടന്നു പോയി. നാലോ അഞ്ചോ വയസ്സേ ഉണ്ടായിരുന്നുള്ളൂ അവന്. പിന്നെ ഇടയ്ക്കിടെ പിന്നില്‍ നിന്ന് അവന്റെ പാട്ടു കേട്ടു. അപ്പോഴെല്ലാം അവന്റെ അമ്മ ഉള്‍പ്പെടെ എല്ലാവരും എന്നെ നോക്കി ചിരിക്കുന്നു. അതൊക്കെ ഒരു സന്തോഷമാണ്. ആ ഒരു സ്‌നേഹം ഇനിയും ഏറെക്കാലം നിലനില്‍ക്കട്ടെയെന്നാണ് എന്റെ പ്രാര്‍ത്ഥന. പത്തിരുപത്തെട്ട് വര്‍ഷമായി സിനിമ ചെയ്യാന്‍ തുടങ്ങിയിട്ട്. അത്രയും കാലമായി മലയാളികള്‍ എന്നെ കാണാന്‍ തുടങ്ങിയിട്ട്. ഞാന്‍ സിനിമയില്‍ വരുമ്പോള്‍ ചെറിയ കുട്ടികളായിരുന്നവര്‍ ഇന്ന് വലിയ ആളുകളായി മാറി. യാത്രകള്‍ പോവുമ്പോള്‍ അമ്മമാരും അമ്മൂമമാരുമെല്ലാം വന്ന് കെട്ടിപ്പിടിക്കാറുണ്ട്. അവരുടെ സ്‌നേഹമാണത്. അത് വലിയ സൗഭാഗ്യമാണ്. 

 

മിക്ക മലയാളികളുടെ വീടുകളിലും ലാലേട്ടന്റെ ഫോട്ടോയുണ്ട്.  

 

ജപ്പാനില്‍ നിന്നു വരുമ്പോള്‍ മലയാളികളായ ദമ്പതികളെ കണ്ടു. ഭര്‍ത്താവ് എന്റെ അരികില്‍ വന്ന് സംസാരിച്ചു. അപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഗര്‍ഭിണിയായ ഭാര്യ അദ്ദേഹത്തോട് എന്തോ പറയുന്നു. എന്താണ് എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അയാള്‍ ഫോണെടുത്ത് കാണിച്ചു തന്നു. അദ്ദേഹം ഫോണില്‍ വരച്ച എന്റെ ചിത്രം. അതെല്ലാം സിനിമയുടെ മാജിക്കാണ്. കേരളത്തിന് പുറത്തു പോവുമ്പോള്‍ കണ്ടുമുട്ടുന്ന മലയാളികള്‍ പലരും എന്നോട് പറയാറുണ്ട്. 'ഞങ്ങള്‍ മലയാളം പഠിച്ചത്, വളര്‍ന്നത് ലാലേട്ടന്റെ സിനിമകള്‍ കണ്ടാണ്' എന്ന്. ഇങ്ങനെയൊരു ജന്‍മം തന്നതിന് വീണ്ടും വീണ്ടും ദൈവത്തോട് നന്ദി പറഞ്ഞു പോവുന്ന സന്ദര്‍ഭങ്ങളാണിവയെല്ലാം. 

 

ഇങ്ങനെ കൂടുതല്‍ പ്രശസ്തനാവും തോറും  പ്രതിസന്ധികളും വെല്ലുവിളികളും ഉണ്ടാവും. അത്തരം ഘട്ടങ്ങളില്‍ റിക്കവര്‍ ചെയ്യാന്‍ പ്രത്യേകിച്ച് എന്തെങ്കിലും മെക്കാനിസം ഉണ്ടോ?

 

അങ്ങനെയൊരു സിസ്റ്റം ഇവിടെ ഇതാ (ഇടത് നെഞ്ചില്‍ കൈവെച്ചു കൊണ്ട്) ഉണ്ട്. പിന്നെ അത്ര ഭയങ്കരമായ പ്രതിസന്ധികളൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. പിന്നെ ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ക്ക് വേണ്ടി എത്രയോ വലിയ വികാരങ്ങള്‍ ഈ ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരിക്കുന്നു. കിരീടം എന്ന സിനിമയില്‍ സേതുമാധവന്‍ അനുഭവിച്ച ഇമോഷനോളം വരില്ലല്ലോ യഥാര്‍ഥ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചവയൊന്നും. എത്രയോ സിനിമകള്‍ക്ക് വേണ്ടി ഇത്തരം പകര്‍ന്നാട്ടങ്ങള്‍ നടത്തിയതാണ്. അതെല്ലാം അനുഭവിച്ചതു കൊണ്ടാവണം, ഇപ്പോള്‍ ഒരാള്‍ മുഖത്ത് നോക്കി പോടാ എന്നു പറഞ്ഞാല്‍, അങ്ങനെ ആയിക്കോട്ടെ എന്ന് പറയാന്‍ തോന്നും. പിന്നെ ജീവിതത്തില്‍ ചില പ്രതിസന്ധി  ഘട്ടങ്ങളില്‍ ചെന്നെത്തിപ്പെടുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കും നമ്മളെ പിന്തുണയ്ക്കാന്‍ ചിലരുണ്ടാവുമെന്ന്. എന്നാല്‍ സത്യത്തില്‍ അവരാരും ഉണ്ടാവില്ല. കാരണം അവര്‍ക്ക് പേടിയാണ്. എന്തിനാണ് പേടി എന്നു ചോദിച്ചാല്‍ അതിന് ഉത്തരവുമില്ല. സക്കറിയയുടെ ഒരു പ്രഭാഷണം ഈയിടെ കേട്ടു. ഒരാളെ നമ്മള്‍ തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ച് അയച്ചാല്‍ നമ്മളെന്തിനാണ് അയാളെ പേടിക്കുന്നത്, അയാള്‍ നമ്മളെയല്ലെ പേടിക്കേണ്ടത്?  പിന്നെ നമ്മളെക്കുറിച്ച് പറയുന്നവരെയെല്ലാം ചോദ്യം ചെയ്യാന്‍ പോയാല്‍ അതിനേ നേരമുണ്ടാവൂ. എനിക്ക് എന്റെ ജോലിയുണ്ട്. അതിന് സമയമില്ല. ഞാന്‍ പറയുന്നതെല്ലാം ശരിയെന്നല്ല പറഞ്ഞുവരുന്നത്. എന്റെ ഫിലോസഫിക്കൊത്തല്ലേ ഞാന്‍ ജീവിക്കേണ്ടത്? പിന്നെ നമ്മള്‍ പറയുന്ന ഒരു കാര്യം മറ്റുള്ളവര്‍ എങ്ങനെയാണ് ധരിക്കുന്നതെന്ന് നമുക്ക് പറയാനാവില്ല. ചില തമാശകള്‍കേട്ട് ചിലര്‍ വയലന്റാവുന്നത് കണ്ടിട്ടില്ലേ?  അയാള്‍ക്കത് മനസ്സിലാക്കാനുള്ള കഴിവില്ലാത്തതു കൊണ്ടാണെന്ന് കരുതിയാല്‍ മതി. മനഃപൂര്‍വം അയാളെ കളിയാക്കി കൊണ്ട് തമാശ പറയുമ്പോള്‍ മനസ്സിലാക്കിയില്ലെങ്കിലും മോശമാണ്. 

 

ജോലിയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍, പ്രതിസന്ധി എന്നതുകൊണ്ട് അതാണ് ഉദ്ദേശിച്ചത്.

 

ഇത്രയും വര്‍ഷം ഈയൊരു മേഖലയില്‍ തന്നെ പ്രവര്‍ത്തിച്ച എന്നെ പോലൊരാളോട് അങ്ങനെ ചോദിക്കുന്നതില്‍ എന്താണ് കാര്യം, അതിനൊക്കെയുള്ള സ്വാഭാവികമായ പ്രതിവിധി ഉണ്ടാവുമല്ലോ? ഒരു സിനിമ വിജയിച്ചു. അല്ലെങ്കില്‍ പരാജയപ്പെട്ടു എന്നു വെച്ച്  അങ്ങനെ ദുഃഖിച്ചിരിക്കാനാവില്ല. കുറേ സൂപ്പര്‍ ഫ്‌ളോപ്പ് സിനിമകളും എനിക്കുണ്ടായിട്ടുണ്ട്. പരമാവധി പരിശ്രമിച്ചു. കാണികള്‍ സ്വീകരിച്ചില്ല.- അല്ലാതെ എന്ത് പറയാനാ. പിന്നെ കാര്യങ്ങളെ നാം എങ്ങനെ കാണുന്നുവെന്നതാണ് പ്രധാനം. വലിയ പ്രതിസന്ധി എന്നു വിചാരിക്കുന്ന പല കാര്യങ്ങളേയും അനായാസം കടന്നുപോവാന്‍ മനസ്സുവെച്ചാല്‍ സാധിക്കും. അല്ലെങ്കില്‍ ഇത്രകാലം ഈ ഫീല്‍ഡില്‍ തുടരാനാവില്ല. 

 

പല ഭാവത്തിലുള്ള കൃഷ്ണ വിഗ്രഹങ്ങള്‍ ഇവിടെ കാണാനുണ്ട്. ലാലേട്ടന്റെ ദൈവസങ്കല്‍പം എങ്ങനെയാണ് ?

 

ഈ വിഗ്രഹങ്ങള്‍ പലരായി കൊണ്ടുവന്ന് തന്നതാണ്. ചെറുപ്പത്തില്‍ ഞാന്‍ അച്ഛന്റെയും അമ്മയുടെയും അമ്മാവിയുടെയും എല്ലാം കൂടെ അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ച് ഉണ്ടായി വന്ന ഒരു സമ്പ്രദായമുണ്ട്. അതില്‍ നിന്ന് ബോധപൂര്‍വം ഊരിപ്പോരാന്‍ ശ്രമിക്കാറില്ല. അതിന്റെ ആവശ്യം തോന്നിയിട്ടില്ല. അമ്മ പറയും, ഏതെങ്കിലും അമ്പലത്തില്‍ പോവണമെന്ന്; ഞാന്‍ പോവും. അമ്മ സന്ധ്യക്കിരുന്ന് നാമം ജപിക്കുമായിരുന്നു. അമ്മൂമ്മ പക്ഷേ, പരിപൂര്‍ണ നിരീശ്വരവാദിയായിരുന്നു. ഞാന്‍ അമ്മ ജപിക്കുന്നത് കണ്ട് പഠിച്ചു. ഇപ്പോള്‍ ഞാനും നാമം ജപിക്കാറുണ്ട്. പിന്നെ ഒന്നിനും നിര്‍ബന്ധമൊന്നുമില്ല. എല്ലാവര്‍ഷവും ശബരിമലയില്‍ പോവണം, ഒന്നാം തീയതി ഗുരുവായൂരിലെത്തണം എന്നൊന്നും നിര്‍ബന്ധമില്ല. പലപ്പോഴും എന്നേക്കാള്‍ മറ്റുള്ളവരുടെ പ്രാര്‍ഥനയ്ക്കനുസരിച്ച് പോയിട്ടുണ്ട്. നമ്മള്‍ക്ക് അടുപ്പമുള്ളവര്‍ വന്നു പറയും ഒരു തുലാഭാരം നേര്‍ന്നിട്ടുണ്ട്. പിന്നെ അതെന്റെ ജോലിയാണ്. ഷൂട്ടിങ്ങൊക്കെ നിര്‍ത്തിവെച്ച് പോവുകതന്നെ (നീണ്ടു നിന്ന ഒരു പൊട്ടിച്ചിരിയോടെയാണ് ലാല്‍ ഇത് പറഞ്ഞത്) അമ്പലത്തില്‍ പോവാന്‍ എനിക്കിഷ്ടമാണ്. മൂകാംബിക യാത്രകള്‍ പണ്ടു തൊട്ടേ സുന്ദരമായ അനുഭവങ്ങളാണ്. എന്നെ സഹായിക്കൂ എന്നുമാത്രമാണ് ദൈവത്തോട് പറയാറ്. 'വാനപ്രസ്ഥം' എന്ന സിനിമ ചെയ്യുന്നു, കഥകളിയാണ് വിഷയം. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. സിനിമ തുടങ്ങും മുമ്പ് ദൈവത്തോട് പ്രാര്‍ഥിക്കും. അങ്ങനെയാണ് ദൈവവുമായുള്ള ഇടപാട്. പിന്നെ ദൈവത്തോട് വെറുതെ ചോദിച്ചാല്‍ ഒന്നും കിട്ടില്ല. ചെയ്യുന്ന കാര്യത്തോട് നിങ്ങള്‍ക്ക് താത്പര്യം വേണം, അതിനു വേണ്ടി അധ്വാനിക്കണം. അപ്പോള്‍ ദൈവം സഹായിക്കും. 

 

സമ്പത്ത് എന്നാല്‍ ലാലേട്ടന് എന്താണ് ?

 

സമ്പത്ത് എന്നത് അറിയാതെ വന്ന് ചേരേണ്ടതാണ്. അറിഞ്ഞു കൊണ്ട് ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോഴാണ് അതിനെ ചൊല്ലി ദുഃഖിക്കേണ്ടി വരുന്നത്. പണത്തെ കുറിച്ച് ചിന്തിച്ച് കണക്കുകൂട്ടി ഞാന്‍ മുന്നോട്ട് പോവാറില്ല. നോട്ട് എണ്ണിത്തിട്ടപ്പെടുത്താന്‍ എനിക്കിപ്പോഴും അറിയില്ല. ആര്‍ക്കെങ്കിലും ടിപ്പ് നല്‍കേണ്ടി വരുന്ന ഘട്ടത്തില്‍ വിഷമിച്ചു പോവാറുണ്ട്. എത്രയാണ് കൊടുക്കേണ്ടതെന്ന ധാരണക്കുറവാണ് കാരണം. പണത്തോട് പ്രണയം തോന്നിത്തുടങ്ങിയാല്‍ ജീവിതത്തോടുള്ള പ്രണയം പോവും (ചുവരില്‍ കാണുന്ന പെയിന്റിങ്ങിലേക്ക് ചൂണ്ടി). ഈ പെയ്ന്റിങ് നോക്കൂ, ഞാന്‍ ആ ചിത്രകാരനോട് ഒരു ആഗ്രഹം പറഞ്ഞു, ഗന്ധര്‍വന്റെ ചിത്രം വേണം. അപ്പോള്‍ എത്ര പൈസയാവുമെന്നൊന്നും ചോദിച്ചില്ല. അന്ന് കാശിനെ കുറിച്ച് ചോദിച്ച് ആലോചിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, ഈ പെയ്ന്റിങ്ങ് ഉണ്ടാവില്ല . ഒരിക്കല്‍ വിലകൂടിയ ഒരു പുരാവസ്തു കണ്ടു. വലിയ വില. കാശില്ല. അപ്പോ ഞാന്‍ വിചാരിച്ചു, വീടു വില്‍ക്കാം. സാധനം വാങ്ങി, പക്ഷേ, വീട് മറ്റുള്ളവര്‍ കൊണ്ടുപോയി. നിറയെ കാശുള്ള എത്രയോ പേരുണ്ട്. പക്ഷേ, അവരുടെ വീട്ടില്‍ നല്ല പെയ്ന്റിങ് ഉണ്ടാവില്ല. നല്ല വസ്ത്രം ധരിക്കില്ല... പിന്നെയെന്താ കാര്യം? ഓഷോ പറഞ്ഞിട്ടുണ്ട്, പണത്തിനും അധികാരത്തിനും പിറകെ പോയാല്‍ സന്തോഷത്തോടെ ജീവിക്കാനാവില്ലായെന്ന്. പലരും ചോദിക്കാറുണ്ട്: നിങ്ങള്‍ ഇങ്ങനെയോരോ കാര്യങ്ങളൊക്കെ വാങ്ങി നടന്നാല്‍ മതിയോ, കുട്ടികളുടെ കാര്യം നോക്കേണ്ടേ?  ഞാന്‍ പറയും, കുട്ടികള്‍ ഉണ്ടാവുന്നത് ലോകത്ത് ആദ്യമായല്ലല്ലോ. അവരുടെ കാര്യങ്ങള്‍ അവര്‍ നോക്കിക്കൊള്ളും. തുടക്കത്തിലേ പണത്തെയും സമ്പാദ്യത്തെയും കുറിച്ച് മാത്രം ആലോചിച്ചിരുന്നെങ്കില്‍ ഞാന്‍ വേറൊരു ആളായിപോയേനേ. നിങ്ങളൊന്നും ഇവിടെ വന്ന് എന്നെ ഇന്‍ര്‍വ്യൂ ചെയ്യില്ലായിരുന്നു.

 

സുഹൃത്തുക്കളെ കുറിച്ച് എപ്പോഴും സംസാരിക്കാറുണ്ട്, സുഹൃത്തുക്കളെ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്?

 

തിരഞ്ഞെടുക്കാറൊന്നുമില്ല. അങ്ങനെയാണെങ്കില്‍ ഇദ്ദേഹം (ശ്രീകാന്തിനെ നോക്കി ചിരിക്കുന്നു) എന്റെ സുഹൃത്താവുമായിരുന്നോ? സൗഹൃദം സംഭവിക്കുന്നതാണ്. തിരഞ്ഞെടുക്കുന്നതല്ല. സുഹൃത്ത് ഇങ്ങനെയായിരിക്കണം, എന്നൊക്കെ നിഷ്‌കര്‍ഷിച്ച് തിരഞ്ഞെടുത്താല്‍ അതിന് സൗഹൃദം എന്നു പറയാനാവില്ല. സുഹൃത്ത് എന്നാല്‍ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന ആളായിരിക്കണം. നമ്മുടെ സന്തോഷവും ദുഃഖവും പങ്കുവെക്കണം. അങ്ങനെ അപൂര്‍വം ചിലരേ കാണൂ. അവരുമായുള്ളത് നമുക്ക് എളുപ്പം നിര്‍വചിക്കാനാവാത്ത കെമിസ്ട്രിയാണ്. മുപ്പത് നാല്‍പ്പത് വര്‍ഷമായി കൂടെ താമസിക്കുന്ന ഭാര്യയോട് പറയാത്ത കാര്യങ്ങള്‍ സുഹൃത്തിനോട് പറയാം. അങ്ങനെ അപൂര്‍വം പേരേയുണ്ടാവൂ. അവരാണ് സുഹൃത്തുക്കള്‍. പലരുമായും സൗഹൃദമുണ്ടാവാം. പക്ഷേ, സുഹൃത്ത് എന്ന് പൂര്‍ണമായി വിളിക്കാനാവില്ല. 

 

ലോകത്ത് ലാലേട്ടന് ഇഷ്ടമുള്ള അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പറയാനാവുമോ?

 

എന്താ പറ്റാതെ? തീര്‍ച്ചയായും പറയാം. ലോകത്ത് എല്ലാ മനുഷ്യര്‍ക്കും ഇഷ്ടമുള്ള മൂന്നു കാര്യങ്ങള്‍.- ഭക്ഷണം, നിദ്ര, മൈഥുനം. ഇത് മൂന്നും എനിക്കും ഇഷ്ടമാണ്. പിന്നെ ലോകത്ത് ഭംഗിയുള്ള എല്ലാ വസ്തുക്കളും എനിക്കിഷ്ടമാണ്. സൗന്ദര്യമുള്ള എന്തും. അത് പെയിന്റിങ്ങാവാം.  മറ്റ് കലാസൃഷ്ടികളാവാം. നല്ല സൗഹൃദങ്ങള്‍ എനിക്കിഷ്ടമാണ്. നല്ല സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ വലിയ നേട്ടമാണത്.

image.jpg

 

ഉയരങ്ങളിലെ ജയരാജ്, സദയത്തിലെ സത്യനാഥന്‍- ഇങ്ങനെ ഒട്ടേറെ കഥാപാത്രങ്ങള്‍ ലാലേട്ടന്റെ ശരീരത്തിലും ഭാവത്തിലും കൂടി അനശ്വരങ്ങളായി. ഏതെങ്കിലും കഥാപാത്രം സിനിമ കഴിഞ്ഞ ശേഷവും വിടാതെ പിടികൂടിയിരുന്നതായി തോന്നിയിട്ടുണ്ടോ ? 

 

അങ്ങനെ പറ്റില്ല. ഓരോ കഥാപാത്രങ്ങളിലൂടെയും നമ്മള്‍ യാത്ര ചെയ്യുകയാണ്. കുറച്ച് കഴിയുമ്പോള്‍ അത് മങ്ങി മങ്ങി നമ്മളെ വിട്ടുപോവും. കഥ വായിക്കുന്നത് പോലെയോ കേള്‍ക്കുന്ന പോലെയോ ആവും പലപ്പോഴുമത്. മറിച്ച് നമ്മളതിനെ വിടാതെ കൊണ്ടു നടന്നാല്‍ അടുത്ത കഥാപാത്രത്തെ അത് ബാധിക്കും. ഇരുന്നൂറും മുന്നൂറും സ്റ്റേജുകളില്‍ ഒരേ നാടകം തന്നെ അഭിനയിക്കുന്നവര്‍ക്ക് അങ്ങനത്തെ അനുഭവമുണ്ടാവാം. സിനിമയില്‍ അത് പറ്റില്ല. ഉയരങ്ങളില്‍ പത്തോ പതിനാറോ ദിവസം മാത്രമെടുത്ത് അഭിനയിച്ച കഥാപാത്രമാണ്. ഞാനോര്‍ക്കുന്നു, രസകരമായി കഥകളൊക്കെ പറഞ്ഞ,് ഒരു പിക്‌നിക്കിനു പോവും പോലെ അഭിനയിച്ച സിനിമ. 'സദയം' എന്ന സിനിമ ഞാന്‍ പൂര്‍ണമായി കണ്ടിട്ടുപോലുമില്ല. എന്റെ പല സിനിമകളും ഞാന്‍ കണ്ടിട്ടില്ലെന്ന് സമ്മതിക്കാന്‍ എനിക്ക് മടിയില്ല. കാരണം അഭിനയിച്ചു കഴിയുന്നതോടെ നമുക്കത് തീര്‍ന്നു പോവും. ഒരുപാട് തവണ നമ്മള്‍ കഥ വായിക്കുന്നതു കൊണ്ടാവും അത്. നമ്മുടെ അഭിനയം മാത്രമല്ല ഒരുപാട് ഘടകങ്ങളുടെ കൂടിച്ചേരലുണ്ട് സിനിമയിലെ പാത്രസൃഷ്ടിയില്‍. ക്യാമറ, ലൈറ്റിങ്- അങ്ങനെ. അഭിനയിക്കുമ്പോള്‍ നമ്മളതിന് വേണ്ടി കുറേയധികം ബുദ്ധിമുട്ടിയിരിക്കും. തന്‍മാത്ര എന്ന സിനിമയില്‍ ഭോഗത്തിനിടെ പരിപൂര്‍ണ നഗ്നനായി കിടക്കയില്‍ നിന്ന് ഇറങ്ങി നടക്കുന്ന സീന്‍ ഉണ്ട്. തിരക്കഥയില്‍ 'നഗ്നനായി പല്ലിയെ ഓടിക്കാന്‍ എഴുന്നേറ്റ് നടക്കുന്നു' എന്ന് എഴുതിവെച്ചിട്ടേയുള്ളൂ. നമ്മളത് എത്രയോ പേരുടെ മുന്നില്‍ ചെയ്യണം. ക്യാമറയുണ്ട്. മുകളില്‍ നിന്ന് ലൈറ്റ് പിടിക്കുന്നവരുണ്ട്. പിറകില്‍ എനിക്കൊപ്പം അഭിനയിക്കുന്ന സ്ത്രീയുമുണ്ട്. അവരുടെ എല്ലാം മുന്നില്‍ വെച്ച് വേണം അത് ചെയ്യാന്‍. എളുപ്പമല്ല. വേണമെങ്കില്‍ കസേരയില്‍ ഒരു തുണിയിട്ട് വെച്ച് നഗ്നത മറക്കാമായിരുന്നു. പിന്നെ എന്താണ്  നഗ്നത കൊണ്ട് കാര്യം ? ആ സമയത്ത് നമ്മളാ കഥാപാത്രമായി മാറുകയാണ്. നാണം തോന്നിയില്ല. ഞാന്‍ നൂല്‍ബന്ധമില്ലാതെ ഇറങ്ങി നടന്നു. അതുകഴിഞ്ഞ ഉടന്‍ എന്റെ നഗ്നത മറയ്ക്കണമെന്ന് എന്നേക്കാള്‍ ആഗ്രഹമുള്ള ഒരാള്‍ ഓടിവന്ന് അത് മറയ്ക്കുകയായിരുന്നു (ചിരിക്കുന്നു).  ഞാന്‍ പൂര്‍ണമായും ആ കഥാപാത്രമായി മാറുകയായിരുന്നു. എന്നുവെച്ച് പിന്നീട് ആ കഥാപാത്രമായി പെരുമാറാനാവില്ല. അതാണ് സിനിമയുടെ രീതിശാസ്ത്രം. 

 

image.jpg

 

അങ്ങനെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളെ കുറിച്ച് പറയാമോ?

 

അങ്ങനെ ഇഷ്ടം തോന്നിയ ഒരാള്‍ മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണിയാണ്. വളരെ വിചിത്രനായ ഒരാള്‍. പിന്നെ കിരീടത്തിലെ സേതുമാധവന്‍. അതുപോലുള്ള കഥാപാത്രങ്ങളെ പിന്നീടും അവതരിപ്പിച്ചിട്ടുണ്ടാവാം. എന്നാല്‍ കാണുന്നവര്‍ക്ക് കൂടി ഇഷ്ടമായ കഥാപാത്രങ്ങളോട് നമുക്കും പ്രത്യേക ഇഷ്ടമുണ്ടാവും. ദൃശ്യം, വാനപ്രസ്ഥം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍.- അങ്ങനെ ഇഷ്ടമുള്ളവ വേറെയും കുറേയുണ്ട്. പക്ഷേ, നിങ്ങള്‍ ചോദിച്ച ചോദ്യത്തിന്റെ ശരിയായ ഉത്തരം 'ഇനിയും വരാനിരിക്കുന്ന കഥാപാത്രം' എന്നാവും. അങ്ങനെ വലിയ സാധ്യതകളുള്ള, വെല്ലുവിളി ഉയര്‍ത്തുന്ന പല കഥാപാത്രങ്ങളേയും കുറിച്ച് പലരും പറയുന്നുണ്ട്. അതിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ എനിക്ക് എക്‌സൈറ്റ്‌മെന്റുണ്ട്.

 

സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ ഒരു കഥാപാത്രമായി മാറി അയാളുടെ വികാരങ്ങള്‍ സ്വയം അനുഭവിക്കുന്നു. നടനും അങ്ങനെയൊരു അനുഭവം ഉണ്ടാവുന്നുവോ?

 

അങ്ങനെ സംഭവിച്ചില്ലെങ്കില്‍ പിന്നെ ആ കഥാപാത്രമില്ല. അഭിനയിക്കുമ്പോള്‍ ആ കഥാപാത്രത്തിന്റെ വാഹനമാണ് നടന്‍. കഥാപാത്രത്തിന്റെ വികാരം നമുക്ക് ഉണ്ടായേ തീരൂ. ഒരുതരം പരകായപ്രവേശമാണത്. രജനീഷ് പറയുന്നതു പോലുള്ള പരിപൂര്‍ണമായ ധ്യാനമാണ്. കഥാപാത്രവും നടനും ഒന്നാവുന്ന അവസ്ഥ. ചില രംഗങ്ങള്‍ ഒന്നുകൂടി എടുക്കണമെന്നൊക്കെ നമുക്ക് തോന്നുന്നതിന് കാരണം ഈ യോഗവും ധ്യാനവും സംഭവിക്കാത്തതു കൊണ്ടാണ്. അഭിനയിക്കുന്നത് ഒരുപാട് പേരുടെ മുന്നില്‍ വെച്ചാണ്. ആ ജനക്കൂട്ടത്തിന്റെ നടുവില്‍ ഏകാന്തത സൃഷ്ടിച്ചു വേണം നമ്മള്‍ കഥാപാത്രത്തിലേക്ക് കൂടുമാറാന്‍. മുമ്പ് ജനമധ്യത്തില്‍ അഭിനയിക്കുമ്പോള്‍ അവിടെ പോലീസ് ഒന്നുമുണ്ടായിരുന്നില്ല. ചിലര്‍ വെള്ളമടിച്ച് അരികില്‍ വന്ന് ഉച്ചത്തില്‍ കമന്റുകള്‍ പറയും. എന്തെങ്കിലുമെടുത്ത് എറിഞ്ഞെന്നും വരും, ഐസ്‌ക്രീം ശബ്ദം, പിള്ളാരു കളി, ഹോണടി- അതെല്ലാം മറന്നുവേണം നമ്മള്‍ കൂടുമാറാന്‍. കിരീടമൊക്കെ ചെയ്യുമ്പോള്‍ എന്തൊരു ആള്‍ക്കൂട്ടമായിരുന്നു ! 

 

മുമ്പ് അഭിനയിച്ച ഏതെങ്കിലും ഒരു റോള്‍ പിന്നീട് പുതിയകാലത്ത് വീണ്ടും ചെയ്യണമെന്ന്, ഇതിനേക്കാള്‍ നന്നാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ടോ?

 

അങ്ങനെ തോന്നരുതെന്നാണ്. കാരണം അത് കഴിഞ്ഞുപോയതാണ്. സ്വന്തം പോക്കറ്റടിക്കുന്ന ഏര്‍പ്പാടല്ലേ അത്?  അതേ സിനിമകള്‍ വേണമെങ്കില്‍ വേറൊരാള്‍ക്കു ചെയ്യാമെന്ന് തോന്നുന്നു.

 

'അയാള്‍ കഥയെഴുതുകയാണ്' എന്ന സിനിമ-ആദ്യപകുതിയില്‍ ഏറെ രസകരമായി പെര്‍ഫോം ചെയ്ത സിനിമ. രണ്ടാം പകുതിയില്‍ കഥാഗതി കാരണം മങ്ങിപ്പോയെന്ന് അന്നേ എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. ആ സിനിമ അങ്ങനെയല്ലാതെ ഒന്നു ചെയ്‌തെങ്കില്‍എന്നൊക്കെ തോന്നിക്കൂടേ ?

 

അത് അന്നുതന്നെ തോന്നേണ്ടതായിരുന്നു. റിലീസ് ആയിട്ട് തോന്നിയിട്ടു കാര്യമില്ല. പടം നടക്കുന്ന സമയത്ത് അതിനെ കുറിച്ച് ഒരുപാട് സംസാരിച്ചതാണ്. മാറ്റം വേണമെന്ന് ഞങ്ങള്‍ എല്ലാര്‍ക്കും തോന്നിയിരുന്നു. പക്ഷേ, നടന്നില്ല. ഒരുപാട് സിനിമകള്‍ക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിനെ കുറിച്ച് പിന്നീട് ആലോചിച്ചിട്ട് കാര്യമില്ല. സാഗര്‍ കോട്ടപ്പുറം കുറേക്കൂടി നന്നാക്കാമായിരുന്നുവെന്ന് ഞാന്‍ മാത്രം ആലോചിച്ചിട്ട് കാര്യവുമില്ല. ഒരുപാട് പേര്‍ ചേര്‍ന്നല്ലേ ഒരു സിനിമ ഉണ്ടാവുന്നത്. ഒരു സിനിമ തുടങ്ങുമ്പോള്‍ നമ്മള്‍ എപ്പോഴും ആവശ്യപ്പെടുന്നത് അതിന്റെ മുഴുവന്‍ തിരക്കഥയാണ്. ആ സിനിമ തുടങ്ങുമ്പോള്‍ പകുതി സ്‌ക്രിപ്‌റ്റേ ഉണ്ടായിരുന്നുള്ളൂ. കൂടുതല്‍ രസകരമായ ഒരു രണ്ടാം പകുതിയിലേക്ക് സിനിമ പോവുമെന്ന് എല്ലാവരും വിചാരിച്ചു. അത് നടന്നില്ല. അതിലാരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അങ്ങനെയൊക്കെയാണ് സിനിമ. ഒരു സിനിമ തുടങ്ങിയാല്‍ പിന്നെ എങ്ങനെയെങ്കിലും വേഗം തീര്‍ത്തേ പറ്റുള്ളൂ. മുടക്കിയിട്ടാല്‍ നിര്‍മാതാവിന് വലിയ നഷ്ടം സംഭവിക്കും. ഹിന്ദിയെയും തമിഴിനെയും അപേക്ഷിച്ച് ചെറിയ കൂട്ടം പ്രേക്ഷകരല്ലേ മലയാള സിനിമയ്ക്കുള്ളൂ. അവര്‍ കണ്ടിട്ടു വേണ്ടേ മുടക്കുമുതല്‍ തിരിച്ചുകിട്ടാന്‍. അപ്പോള്‍ അങ്ങനെ ചില കരുതലുകള്‍ ആവശ്യമാണ്. 

 

ഏതെങ്കിലും സിനിമകളില്‍ വേറെയാരെങ്കിലും ചെയ്‌തൊരു റോള്‍ ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ? 

 

ഒരിക്കലും എനിക്ക് പറ്റില്ല. ഒരു ഭയങ്കര സിനിമ കണ്ട് അതെനിക്ക് ചെയ്യാമായിരുന്നു എന്നു വിചാരിക്കുക, പറ്റാത്ത കാര്യമാണ്. ആ റോളില്‍ മോഹന്‍ലാലിനെ കിട്ടിയിരുന്നെങ്കില്‍ എന്റെ സിനിമ രക്ഷപ്പെട്ടേനേയെന്ന് ചില സംവിധായകര്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ടെന്തായിരുന്നു അവര്‍ എന്നെ വിളിക്കാതിരുന്നത്? അയാള്‍ക്ക് അന്നാ സിനിമ നടക്കാന്‍ മറ്റൊരാളെ കൊണ്ട് ചെയ്യിച്ചേ പറ്റുമായിരിക്കുള്ളൂ. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ടാവുമല്ലോ? ഹോളിവുഡില്‍ ഉണ്ടാക്കിയ 'ഗാന്ധി' എന്ന സിനിമ കണ്ടിട്ട് എനിക്ക് ഗാന്ധിയായി അഭിനയിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആലോചിച്ചിട്ട് കാര്യമില്ല. നമുക്ക് കിട്ടുന്ന റോളുകള്‍ ഭംഗിയായി ചെയ്യുക. അതാണ് എന്റെ കമിറ്റ്‌മെന്റ്. ചില സിനിമകള്‍ കണ്ടിട്ട് എന്തിനാണ് മോഹന്‍ലാല്‍ ആ സിനിമ ചെയ്യാന്‍ പേയത് എന്ന് ആളുകള്‍ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. അപ്പോള്‍, 'അതായത് ഞാനന്ന്...' എന്നൊക്കെ പറഞ്ഞ് വിശദീകരിക്കാനാവില്ല. രസം എന്ന സിനിമ. ആര് കണ്ടിട്ടുണ്ട് അത്?  നിങ്ങള്‍ക്ക് ചോദിക്കാം, എന്തിനാണ് അത് ചെയ്യാന്‍ പോയതെന്ന്.  അതിന് വിശദീകരണമില്ല. സൗഹൃദം, കമിറ്റ്‌മെന്റ് അങ്ങനെ ഒരുപാട് കാര്യങ്ങള്‍ അതിനു പിന്നിലുണ്ടാവും. അത് നല്ല സിനിമയാവുമെന്ന് അന്ന് പ്രതീക്ഷിച്ചു. അങ്ങനെയായില്ല. എല്ലാ സിനിമകളും പ്രേക്ഷകര്‍ കണ്ടോളണമെന്ന് നമുക്ക് പറയാനാവില്ലല്ലോ?

 

ഓരോ സിനിമയെ കുറിച്ചും ആത്മപരിശോധന നടത്താറുണ്ടോ?

 

അങ്ങനെയൊന്നും നടക്കില്ല. അങ്ങനെയൊരു സമ്പ്രദായം ഇവിടെയില്ല. അങ്ങനെയുള്ള ഒരു കാര്യത്തിനും ഞാനില്ല. അല്ലെങ്കില്‍ അത്രയ്ക്ക് ഗൗരവത്തോടെ ആരാണ് ഇവിടെ സിനിമയെ കാണുന്നത്. എല്ലാം പറച്ചിലുകള്‍ അല്ലേ? സ്വയംവരം, ചെമ്മീന്‍ എന്നൊക്കെ പലരും പറയുന്നതല്ലാതെ. അന്ന് ആ സിനിമ സമൂഹത്തില്‍ ഉണ്ടാക്കിയ ചലനം, മറ്റു കാര്യങ്ങള്‍...അത്തരത്തിലുള്ള സീരിയസ്സായ പഠനങ്ങള്‍ ഇവിടെ നടക്കുന്നതായി എനിക്കു തോന്നിയിട്ടില്ല. 

 

ഹോംവര്‍ക്ക് നടത്താറുണ്ടോ ?

 

അങ്ങനെ ചെയ്തിട്ട് കാര്യമില്ല. അതിനുള്ള സമയവും സാഹചര്യവും ഇവിടെയുണ്ടോ? അത്രയ്ക്ക് പ്രൊഫഷണലായി സിനിമയെ സമീപിക്കുന്നവരാണോ നമ്മള്‍? 

എനിക്കു തോന്നിയിട്ടില്ല. അല്ലെങ്കില്‍ അത്തരം ഹോംവര്‍ക്കുകള്‍ ആവശ്യപ്പെടുന്ന സിനിമകള്‍ ഇന്നുണ്ടാവുന്നുണ്ടോ ? മഹാത്മഗാന്ധി, ഓഷോ രജനീഷ്- ഇവരെ കുറിച്ചൊക്കെ സിനിമ എടുക്കുമ്പോള്‍ പഠനങ്ങളും തയ്യാറെടുപ്പുകളും ആവശ്യമാണ്. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ അത്തരം സിനിമകള്‍ക്ക് സാധ്യതയുണ്ടോ?- നിങ്ങള്‍ തന്നെ ചിന്തിച്ചു നോക്കൂ, ഞാനഭിനയിക്കുന്ന ഭൂരിഭാഗം സിനിമകളിലും കഥാപാത്രങ്ങള്‍- ഞാനെന്തു പോയി പഠിക്കാന്‍, എന്തു ഹോംവര്‍ക്കു ചെയ്യാന്‍ ?

 

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു, അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം കളിച്ച എല്ലാ ഷോട്ടുകളും ഓര്‍മയിലുണ്ടെന്ന്. ലാലേട്ടന്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളും അങ്ങനെ മനസ്സിലുണ്ടോ?

 

സ്‌പോര്‍ട്‌സും സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അങ്ങനെ ഓര്‍ത്തു വെക്കല്‍ നടക്കില്ല. ഇപ്പോള്‍ ചില സിനിമകളുടെ പേരു പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവുമോ?     എത്ര നല്ല പാട്ടുകള്‍ കേള്‍ക്കുന്നു. അതൊക്കെ ഏത് സിനിമയിലേതാണെന്ന് ഓര്‍മയുണ്ടാവുമോ ?  പിന്നെ എന്റെ ഒരു അമ്പത് ശതമാനം കഥാപാത്രങ്ങള്‍ ഓര്‍മയുണ്ടാവും. ഓര്‍മിച്ചു നോക്കിയാല്‍ കുറേകൂടിയൊക്കെ കിട്ടുമായിരിക്കും. പിന്നെ മികച്ച ചില സീനുകള്‍, അത് മനസ്സില്‍ നിന്ന് പോവാതെ നില്‍ക്കും.
 
രാം ഗോപാല്‍ വര്‍മയുടെ കമ്പനി, മണിരത്‌നത്തിന്റെ ഇരുവര്‍- ഈ സിനിമകളില്‍ തകര്‍പ്പന്‍ പ്രകടനമാണ്. ലാലേട്ടന്റെ പ്രതിഭയെ പരമാവധി വിനിയോഗിച്ചത് അന്യഭാഷാ സംവിധായകര്‍ ആണെന്ന് തോന്നിയിട്ടുണ്ടോ? 

 

സത്യത്തില്‍ ഈ രണ്ടു സിനിമകളിലും അഭിനയിക്കാന്‍ എന്നെ വിളിച്ചപ്പോള്‍ രണ്ടു സംവിധായകരോടും ഞാന്‍ ചോദിച്ചിരുന്നു, എന്തിനാണ് ഈ സിനിമകളിലേക്ക് എന്നെ വിളിക്കുന്നതെന്ന്. അവര്‍ക്ക് എന്റെ അഭിനയത്തില്‍ കോണ്‍ഫിഡന്‍സ് തോന്നിയിരിക്കണം. പിന്നെ കിരീടവും സദയവും പോലുള്ള മലയാളം സിനിമകളില്‍ വൈകാരിക തലത്തില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുണ്ടല്ലോ? അങ്ങനെയാണ് എന്റെ വിശ്വാസം. മികച്ച സംവിധായകനായ മണിരത്‌നം വിളിച്ച പല സിനിമകളിലും തിരക്കുകള്‍ കാരണം അഭിനയിക്കാന്‍ കഴിയാതെ പോയിട്ടുമുണ്ട്.

 

എം ജി ആറിന്റെ റോളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എങ്ങനെയാണ്, രൂപസാദൃശ്യം ഒരു ഘടകമായിരുന്നോ?

 

സിനിമയില്‍ അങ്ങനെ തോന്നിയെങ്കില്‍ അത് മണിരത്‌നത്തിന്റെ വിജയമാണ്. സത്യത്തില്‍ എനിക്ക് എം ജി ആറുമായി ഒരു സാമ്യവുമില്ല. അദ്ദേഹത്തെ പോലെ തൊപ്പിയും കൂളിങ് ഗ്ലാസുമൊന്നും വെച്ചല്ല ആ സിനിമ ചെയ്തത്. അങ്ങനെയായിരുന്നെങ്കില്‍ അത് മിമിക്രി പോലായേനേ. ആ സിനിമ കണ്ട ശേഷം എം ജി ആറുമായി ബന്ധമുള്ള, ആ പ്രായത്തിലുള്ള ആളുകള്‍ എന്നോട് പറഞ്ഞിരുന്നു, അദ്ദേഹം ഇങ്ങനെ തന്നെയായിരുന്നുവെന്ന്. അത് എന്നെ അദ്ഭുതപ്പെടുത്തിയ കാര്യമാണ്. അങ്ങനെയൊക്കെ അങ്ങ് സംഭവിച്ചു എന്നേ പറയാനാവൂ. ഞാനൊരു പ്രാവശ്യമേ എം ജി ആറിനെ കണ്ടിട്ടുള്ളൂ. 

 

കമ്പനി എന്ന സിനിമയ്ക്ക് ശേഷം ഒരുമിച്ച് ഡിന്നര്‍ കഴിച്ചപ്പോള്‍ അതിലെ കഥാപാത്രത്തിന് മാതൃകയായിരുന്ന ഓഫീസര്‍ ശിവനന്ദന്‍ എന്നോട് പറഞ്ഞു, 'എന്റെ കൂട്ടുകാരൊക്കെ പറയുന്നു ഞാന്‍ നിങ്ങള്‍ സിനിമയില്‍ കാണിച്ച കഥാപാത്രത്തെ പോലെ തന്നെയാണെന്ന്.' അതും അങ്ങനെ സംഭവിച്ചതാണ്. സിനിമയ്ക്ക് മുമ്പ് രാംഗോപാല്‍ വര്‍മ ചോദിച്ചിരുന്നു, ശിവനന്ദനെ കാണണോയെന്ന് ഞാന്‍ പറഞ്ഞു, വേണ്ടെന്ന്. കാരണം നമ്മള്‍ ചെയ്യേണ്ടത് അദ്ദേഹത്തെ അനുകരിക്കുന്ന മിമിക്രിയല്ലല്ലോ, നമ്മള്‍ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുകയല്ലേ വേണ്ടത്? പക്ഷേ, സിനിമ ചെയ്യും മുമ്പേ യാദൃച്ഛികമായി ഞാനദ്ദേഹത്തെ കണ്ടു. 'കര്‍ണഭാരം' നാടകത്തില്‍ ഞാന്‍ കര്‍ണനായി അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം മുന്നില്‍ ഇരുന്ന് അത് കാണുന്നുണ്ടായിരുന്നു.
 
ഒപ്പം അഭിനയിക്കുമ്പോള്‍ പ്രചോദിപ്പിക്കുന്ന നടന്‍, അല്ലെങ്കില്‍ അഭിനയിക്കുമ്പോള്‍ അവരുടെ മുഖത്ത് നോക്കിനിന്നുപോവുന്ന പോലുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ ?

തീര്‍ച്ചയായും. ഒപ്പം അഭിനയിക്കുന്നവര്‍ നന്നാവുമ്പോഴാണ് നമ്മള്‍ കൂടുതല്‍ നന്നാവുന്നത്, വേണുച്ചേട്ടന്‍, ബഹദൂര്‍ക്ക- അവരൊക്കെ മികച്ച നടന്‍മാരാണ്. അക്കാര്യത്തില്‍ മലയാള സിനിമ വളരെ സമ്പന്നമാണ്. ശങ്കരാടി സാറിനെ പോലെ മറ്റൊരാളെ സങ്കല്‍പ്പിക്കാനാവുമോ? അദ്ദേഹത്തിന്റ അനായാസത. അവര്‍ക്കൊപ്പമൊക്കെ അഭിനയിക്കുക എന്നതു തന്നെ ഏറെ രസകരമാണ്. അഞ്ഞൂറും അറുന്നൂറും സിനിമകളില്‍ അഭിനയിച്ച് തെളിഞ്ഞ ആളുകള്‍. അവര്‍ക്ക് അഭിനയമല്ലാതെ മറ്റൊന്നും അറിയുമായിരുന്നില്ല. സുകുമാരി ചേച്ചിയൊക്കെ സിനിമയ്ക്ക് വേണ്ടി മാത്രം ജീവിച്ച ആളാണ്. ഗോപിച്ചേട്ടന്‍ (ഭരത് ഗോപി) എന്നെ അദ്ഭുതപ്പെടുത്തിയ നടനാണ്. നമ്മള്‍ ഇങ്ങനെ രസകരമായി നാട്ടുവര്‍ത്തമാനമൊക്കെ പറഞ്ഞിരിക്കുകയായിരിക്കും. സ്റ്റാര്‍ട്ട,് ക്യാമറാ, ആക്ഷന്‍ എന്നു പറയുമ്പോള്‍ ആളാകെ മാറും.അവരെങ്ങനെയാണ് അഭിനയിക്കുന്നത് എന്നു ചോദിച്ചാല്‍ പറഞ്ഞു കൊടുക്കാനാവില്ല. നാട്യശാസ്ത്രം പോലെ അഭിനയത്തെ കുറിച്ച് പറഞ്ഞു കൊടുക്കുന്ന പുസ്തകങ്ങളുണ്ട്. അതൊന്നും സിനിമയെ കുറിച്ചല്ല, നാടകത്തിലെ അഭിനയം എന്ന സങ്കല്‍പ്പത്തിലാണ്. സിനിമ തികച്ചും വ്യത്യസ്തമാണ്. ഒരുപാട് ഗാഡ്ജറ്റുകളും മറ്റും ഉപയോഗിച്ചാണ് ഷൂട്ട് ചെയ്യുന്നത്

 

ഒപ്പം പ്രധാന റോളുകളില്‍ അഭിനയിച്ച ആരെയെങ്കിലും പില്‍ക്കാലത്ത് കണ്ടുമുട്ടിയപ്പോള്‍ തിരിച്ചറിയാനാവാതെ പോയിട്ടുണ്ടോ?

 

അങ്ങനെ സംഭവിച്ചിട്ടില്ല. പക്ഷേ, മണിരത്‌നം എന്നു കരുതി മറ്റൊരാളെ പോയി പിടിച്ചിട്ടുണ്ട്. ഒരു ചടങ്ങില്‍ വെച്ചുകാണുന്നു. ഞാനടുത്തു പോയി 'ഹലോ മണിസാര്‍' എന്നു പറഞ്ഞു പിടിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു, 'സോറി മോഹന്‍ലാല്‍ ഐ ആം നോട്ട് മണിരത്‌നം' എന്ന്. എത്രയോ ആളുകള്‍ക്കൊപ്പം- ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട സിനിമകളിലെ നടന്‍മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അതില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ച, ഒരു ദിവസമൊക്കെ അഭിനയിച്ചു പോയ ആളുകളെ തിരിച്ചറിയാതെ പോയിട്ടുണ്ടാവാം.
 
എം ജി ആറിനെയല്ലാതെ ചരിത്രത്തിലുള്ള ആളുകളെയൊന്നും ലാലേട്ടന്‍ അവതരിപ്പിച്ചിട്ടില്ല. അങ്ങനെയാരെയെങ്കിലും അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ?

 

അങ്ങനെ മനസ്സില്‍ ഒരാളെ കണ്ടുവെച്ചാല്‍ നിങ്ങള്‍ ആ സിനിമ പ്രൊഡ്യൂസ് ചെയ്യുമോ? (ചിരിക്കുന്നു) അങ്ങനെ ആഗ്രഹിച്ചിട്ട്് കാര്യമില്ല. അങ്ങനെ ആലോചിച്ചിട്ട് കാര്യമില്ല. 

 

കരിയറില്‍ ഒരു മാറ്റം വരുത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?

 

സിനിമ നിര്‍ത്തി പോവാനായെന്നാണോ നിങ്ങള്‍ പറയുന്നത് ? ഒരുപക്ഷേ, കുറച്ചു നാള്‍ കഴിയുമ്പോള്‍ അഭിനയം നിര്‍ത്തേണ്ടി വന്നേക്കാം. അതൊന്നും നമുക്ക് പ്രവചിക്കാനാവില്ല. അങ്ങനെ സിനിമ അവസാനിപ്പിക്കുന്ന കാലത്ത് എങ്ങനെയായിരിക്കണം ജീവിക്കേണ്ടത് എന്നെല്ലാമുള്ള ചിന്ത അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. ഇന്ത്യക്ക് പുറത്തൊക്കെ പോയി ജീവിച്ചാലോ എന്നൊക്കെ. ചിലരൊക്കെ പറയുമ്പോലെ അഭിനയിക്കുമ്പോള്‍ മേക്കപ്പിട്ടുകൊണ്ടു വേണം മരിക്കാന്‍ എന്നൊന്നും ഞാന്‍ പറയില്ല. മേക്കപ്പിട്ടു കൊണ്ട് മരിച്ചിട്ട് ബാക്കിയുള്ളവര്‍ക്ക് ശല്യമുണ്ടാക്കണോ? 

 

മലയാള സിനിമയിലെ രണ്ടോ മൂന്നോ തലമുറയില്‍പ്പെട്ടവര്‍ക്കൊപ്പം ലാലേട്ടന്‍ ജോലിചെയ്തു. മലയാള സിനിമയില്‍ എത്തിപ്പെടുന്ന ആളുകളുടെ നിലവാരം മെച്ചപ്പെടുകയാണോ, അതോ ?

 

സിനിമ മാറിക്കൊണ്ടിരിക്കുകയല്ലേ? നമുക്ക് താരതമ്യം ചെയ്യാനാവില്ല. പത്മരാജനെ പോലുള്ള ഒരു സംവിധായകനെ വേറെ പ്രതീക്ഷിക്കാനാവില്ല. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ നൂറ് സംവിധായകരെങ്കിലും ഉണ്ടായിട്ടുണ്ട്. അവരൊക്കെ കൂടുതല്‍ കൂടുതല്‍ സിനിമകളെടുത്ത് തെളിയിക്കട്ടെ. സത്യന്‍ അന്തിക്കാടൊക്കെ എത്രയോ സിനിമകളെടുത്ത് വിജയിപ്പിച്ചതു നമ്മള്‍ കണ്ടു. അതുപോലെ പുതിയ സംവിധായകരുടെ മാറ്റ് കാലം തെളിയിക്കട്ടെ. 

image.JPG

 

സിനിമകളില്‍ ലാലേട്ടന്‍ പറഞ്ഞ എത്രയോ ഡയലോഗുകള്‍ മലയാളികള്‍ ഏറ്റെടുത്ത് പറഞ്ഞുകൊണ്ടു നടക്കുന്നു. എന്തു തോന്നുന്നു?

 

അതും ഒരു സൗഭാഗ്യം. അങ്ങനെ എന്റെ ഒരു റിഫഌക്ഷന്‍ സമൂഹത്തില്‍ ഉണ്ടാവുന്നത് ഏറെ സന്തോഷം ഉണ്ടാകുന്ന കാര്യമാണ്. അതിന് സിനിമയിലെ സിറ്റുവേഷനും ഓരോരുത്തര്‍ എഴുതുന്ന സംഭാഷണത്തിന്റെ മികവുമെല്ലാം സഹായിച്ചിട്ടുണ്ടാവും. 

 

ഡയലോഗ് പ്രസന്റേഷനില്‍ ആരെയെങ്കിലും മാതൃകയാക്കുകയോ അല്ലെങ്കില്‍ ആരുടെയൈങ്കിലും ശൈലി സ്വാധീനിക്കപ്പെടുകയോ ചെയ്തിട്ടുണ്ടോ ?

 

ഡയലോഗ് പ്രസന്റേഷനില്‍ ഒരു മോഡുലേഷനുമില്ലാത്ത ആളാണ് ഞാന്‍. പലപ്പോഴും തിരക്കഥാകൃത്ത് നിര്‍ത്താനുദ്ദേശിച്ച സ്ഥലത്ത് ഞാന്‍ നിര്‍ത്താറില്ല. അതൊക്കെ അപ്പം വരുന്ന പോലെയാണ്. ഒരു മനുഷ്യന്‍ സാധാരണ സംസാരിക്കുന്ന പോലെയാണ് ചെയ്യുന്നത്. ഡയലോഗ് പറയുന്നിടത്തല്ല, അതിനിടയിലെ സൈലന്‍സിലാണ് ഒരു നല്ല നടന്‍ ഉണ്ടാവുന്നത്. സംഭാഷണത്തിനിടക്കുള്ള നിശ്ശബ്ദതയിലാണ് അഭിനയം സംഭവിക്കുന്നത്. ഉദാഹരണമായി നമ്മുടെ പഴയ തലമുറയിലെ അമ്മാവന്മാരൊക്കെ ഗൗരവമായി സംസാരിക്കുന്നതിനിടയില്‍ ഒന്നു മുറുക്കിത്തുപ്പാനെന്ന ഭാവേന എഴുന്നേറ്റുനടക്കുന്നത് കണ്ടിട്ടില്ലേ. ആ സമയത്ത് അവര്‍ ചിലതൊക്കെ നമ്മോട് വിനിമയം ചെയ്യുന്നുണ്ട്. അത്തരം വിനിമയങ്ങള്‍ സിനിമയിലെ കഥാപാത്രങ്ങളുടെ നിശ്ശബ്ദതയ്ക്കിടയില്‍ നടക്കുന്നുണ്ട്.

 

image.jpg

 

അര്‍ധനാരീശ്വരന്‍ എന്നൊക്കെ വിളിക്കാവുന്ന രീതിയില്‍ സ്‌ത്രൈണ ഭാവങ്ങള്‍ ലാലേട്ടനില്‍ ഉണ്ട് എന്നു തോന്നുന്നു. കഠിനമായ രൗദ്രഭാവങ്ങള്‍ക്കിടയില്‍ തന്നെ സ്‌ത്രൈണ ഭാവങ്ങള്‍ മിന്നിമാറിയുന്നതായി തോന്നുന്നു.

 

എനിക്ക് സ്‌ത്രൈണതയാണോ കൂടുതല്‍, അങ്ങനെ പറയുന്നവരുണ്ട് അല്ലേ? ഒരു ശരീരത്തിലെ രണ്ട് തരം എനര്‍ജിയാണ് പൗരുഷവും സ്‌ത്രൈണതയും. അത് ഇങ്ങനെ ഏറിയും കുറഞ്ഞുമൊക്കെ വന്നെന്നിരിക്കും. 

 

ലാലേട്ടന്‍ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടുപോയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടോ ?

 

എനിക്കേ ധാരണയില്ല എന്നെ പറ്റി. പിന്നെന്തു തെറ്റിദ്ധാരണ (പൊട്ടിച്ചിരിക്കുന്നു). എന്നെ തെറ്റിദ്ധരിക്കരുതെന്ന് ആരോടും ഒരിക്കലും പറയാറില്ല. എന്നെപ്പറ്റി അങ്ങനെ ധരിക്കുകയാണെങ്കില്‍ ധരിച്ചോട്ടെ എന്നുവെക്കും. അല്ലാതെ ഒരാളെ പോയി പറഞ്ഞു ധരിപ്പിക്കാനൊന്നും ആവില്ല.
 
ഒരുപാട് വിവാദങ്ങള്‍ ലാലേട്ടനെ ചുറ്റിപ്പറ്റി ഉണ്ടാവാറുണ്ട്. പലരും കുറ്റപ്പെടുത്താറുമുണ്ട്. അപ്പോഴെല്ലാം ഇങ്ങനെ കൂളായി നില്‍ക്കാന്‍ കഴിയുന്നത് എന്തു കൊണ്ടാണ്,  ആ ഒരു മാനസികാവസ്ഥ ബോധപൂര്‍വം ഉണ്ടാക്കിയെടുത്തതാണോ?

 

പല പ്രശ്‌നങ്ങളിലും നമ്മളെ കുറ്റപ്പെടുത്തുമ്പോഴാണല്ലോ വിഷമം തോന്നുന്നത്. നമ്മള്‍ കുറ്റമൊന്നും ചെയ്തില്ലെങ്കില്‍ പിന്നെ അത്തരം കാര്യങ്ങളെ കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. ആരോപണങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ നമ്മള്‍ വിശദീകരിക്കാന്‍ മുതിരുമ്പോഴാണ് പ്രശ്‌നമുണ്ടാവുന്നത്. ഒരാള്‍ ഞാന്‍ ചെയ്യാത്ത കാര്യത്തിന് എന്നെ കുറ്റപ്പെടുത്തുമ്പോള്‍ അയാള്‍ അങ്ങനെ പറഞ്ഞോട്ടെ അല്ലെങ്കില്‍ അങ്ങനെ വിശ്വസിച്ചോട്ടെ എന്നങ്ങ് വിചാരിക്കും. ഉദാഹരണത്തിന് ലാലിസം. എന്താണ് ലാലിസത്തില്‍ സംഭവിച്ചതെന്ന വ്യക്തമായ ധാരണ എനിക്കുണ്ട്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേളയില്‍ ആ പരിപാടി ആദ്യമായി അവതരിപ്പിക്കണമെന്ന് ഞാന്‍ തീരുമാനിച്ചതല്ല. മറിച്ച് എത്രയോ തവണ അത് ഒഴിവാക്കി പോവാന്‍ തീരുമാനിച്ചതാണ്. പക്ഷേ, ചില കമിറ്റ്‌മെന്റുകള്‍ കൊണ്ട് കഴിഞ്ഞില്ല. ഗെയിംസ് വേദിയില്‍ അത് അവതരിപ്പിച്ചപ്പോഴാവട്ടെ തുടങ്ങാന്‍ വൈകി. ആളുകളെ അങ്ങനെ കാത്തിരിപ്പിക്കാന്‍ പാടില്ലായിരുന്നു. ആ വൈകലിന് കാരണക്കാരന്‍ ഞാനല്ല. പിന്നെ പതിനായിരക്കണക്കിനു പേരുടെ മുന്നില്‍ അവതരിപ്പിക്കുന്ന മെഗാ ഷോകളെല്ലാം അങ്ങനെയാണ് ചെയ്യുന്നത്. ലൈവായി അവിടെ വെച്ച് ചെയ്യുന്നതിന് കുറേ പരിമിതികളുണ്ട്. അത് എല്ലാവര്‍ക്കുമറിയാം. മുമ്പ് നമ്മള്‍ കണ്ട ഷോകളിലെല്ലാം അങ്ങനെ തന്നെയാണ് സംഭവിക്കാറ്. സത്യത്തില്‍ അതത്ര വലിയ പ്രശ്‌നമല്ല. എന്നിട്ടും എന്തിനാണ് അത്ര വലിയ വിവാദം സൃഷ്ടിച്ചതെന്ന് എനിക്കറിയില്ല. ആരൊക്കെയോ തമ്മിലുള്ള തര്‍ക്കങ്ങളിലും പകയിലും ഞാന്‍ കക്ഷിയായി പോവുകയായിരുന്നു. തര്‍ക്കത്തിനു വേണ്ടി തര്‍ക്കം ഉണ്ടാക്കുകയായിരുന്നു. ഇത്തരം വിഷയങ്ങളെ കുറിച്ച് വലിയ ധാരണയില്ലാത്തവര്‍ ആധികാരികമായി അഭിപ്രായം പറഞ്ഞു കൊണ്ട് രംഗത്തെത്തി. അന്നന്നത്തെ ടെലിവിഷന്‍ ചര്‍ച്ചകള്‍ക്കു വേണ്ടിയുള്ള ഏര്‍പ്പാടുകളായിരുന്നു അത്. അത്തരം ആളുകളോട് പോയി നമ്മളെന്തിനാണ് യുദ്ധം ചെയ്യുന്നത്. അവരോട് യുദ്ധം ചെയ്തിട്ട് എന്തു നേടാനാണ്? ഏതായാലും ആ ഷോ അവതരിപ്പിക്കുന്നതിന് വാങ്ങിയിരുന്ന പണം മുഴുവനായി തിരിച്ചു കൊടുത്തു. വിവാദം അവസാനിപ്പിച്ചു. അത്രയും നല്ലത്. 

 

പിന്നെ അഴീക്കോട് മാഷുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം. എനിക്ക് അഴീക്കോട് മാഷെ വലിയ പരിചയമൊന്നും ഉണ്ടായിരുന്നില്ല. അന്നത്തെ ആ വിഷയത്തില്‍ മറ്റൊരാള്‍ക്കു വേണ്ടി ഞാന്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു. അങ്ങനെ പറഞ്ഞ കാര്യങ്ങള്‍ വേറെ രീതിയില്‍ വ്യാഖ്യാനിച്ച് പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു ചിലര്‍. ഒരു തരം മീഡിയാ ടെററിസമാണ് നടന്നത്. മീഡിയയിലെ എല്ലാവരും അങ്ങനെ ചെയ്‌തെന്നല്ല. ചിലര്‍ വ്യക്തമായ ലക്ഷ്യത്തോടെ കാര്യങ്ങളെ വലുതാക്കി. പക്ഷേ, എനിക്കൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല.പിന്നീട് മാഷ് രോഗശയ്യയില്‍ കിടക്കുന്ന സമയത്ത് ചെന്നുകണ്ടു. അതുകൊണ്ടുള്ള ഗുരുത്വം എനിക്കുണ്ടാവും എന്നു ഞാന്‍ വിശ്വസിക്കുന്നു. അന്ന് ആ കാര്യങ്ങളിലെല്ലാം തികഞ്ഞ ആധികാരിക ഭാവത്തില്‍ സംസാരിച്ച ചിലരുണ്ട്. അവര്‍ക്ക് രാഷ്ട്രീയവും അറിയില്ല, കലയെ കുറിച്ചും അറിയില്ല എന്നെനിക്ക് തോന്നിയിരുന്നു. അവര്‍ ഒരു മിനുട്ട് ഇരുന്ന് ആലോചിച്ചാല്‍ മതി, ഈ കാര്യത്തില്‍ ഇങ്ങനെയൊക്കെ പറയാന്‍ തനിക്ക് എന്താണ് യോഗ്യതയെന്ന്. ജനിക്കുമ്പോള്‍ എല്ലാവരും ഒരുപോലെയാണ്. അതിനു ശേഷം നമ്മുടെ ആത്മാവിനെ, അല്ലെങ്കില്‍ അങ്ങനെ വിളിക്കപ്പെടുന്ന ആ പ്രതിഭാസത്തെ നവീകരിച്ചില്ലെങ്കില്‍ അതിനോട് ബഹുമാനമില്ലായെങ്കില്‍ എന്താണ് കാര്യം.  അപ്പോള്‍ വൃഥാ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന കാര്യങ്ങളില്‍ കഴിയുന്നതും മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നി. എന്നോടൊരാള്‍ വന്ന് പറയുന്നു, സിനിമയിലെ ഒരാള്‍ ലാലിനെ കുറിച്ച് മോശമായി സംസാരിച്ചുവെന്ന്. അപ്പോള്‍ ഞാന്‍ പറയും, അതെയോ, അതങ്ങിനെ ആയിക്കോട്ടെ. അങ്ങനെ കാര്യങ്ങളെ കാണാന്‍ തുടങ്ങുന്നതോടെ നമ്മുടെ പ്രശ്‌നങ്ങള്‍ അവസാനിക്കും. ആരെന്ത് പറഞ്ഞാലും ബാധിക്കില്ലെന്നല്ല. ചിലപ്പോള്‍ നല്ല ദേഷ്യം തോന്നും. അത് നമ്മുടെ ഉള്ളില്‍ ഒതുക്കി കളയണം. മറിച്ച് ഇത്തരം കാര്യങ്ങള്‍ ഇങ്ങനെ കൊണ്ടു നടക്കുകയും പിന്നീട് അയാളെ കാണുമ്പോള്‍ പ്രകടിപ്പിക്കുകയും ചെയ്യുമ്പോഴാണ് നമ്മളെ അത് ബാധിക്കുന്നത്. അല്ലാത്തിടത്തോളം ഒരു പ്രശ്‌നവുമില്ല, നമ്മുടെ ജോലിയില്‍ മുഴുകാം. അല്ലാതെ അന്ന് എന്നെ പറ്റി പറഞ്ഞവനെ ശരിയാക്കികളയാം എന്നെല്ലാം ചിന്തിച്ചങ്ങനെ, അയ്യേ...(അതു പറഞ്ഞ് ലാല്‍ കണ്ണിറുക്കി ചിരിക്കുകയാണ്. എത്രയോ സിനിമകളില്‍ നാം കണ്ട ആ 'ചുമ്മാ' ചിരി.)

image.jpg

 

ഏകാന്തത ഇഷ്ടപ്പെടുന്ന ആളാണോ, അതോ കൂട്ട് ആണോ ഇഷ്ടം?

 

രണ്ടും ഒരുപോലെ ഇഷ്ടമാണ്. എനിക്ക് എത്രനേരം വേണമെങ്കിലും ഒറ്റയ്ക്കിരിക്കാന്‍ കഴിയും. എത്ര വേണമെങ്കിലും നല്ല സുഹൃത്തുകള്‍ക്കൊപ്പം ഇരിക്കാനും പറ്റും. 

 

ആള്‍ക്കൂട്ടത്തെ ഭയമുണ്ടോ?

 

തീര്‍ച്ചയായും. അതൊരു സിസ്റ്റം കൊണ്ട് ആയിപ്പോയതാണ്. ഷൂട്ടിങ്ങും മറ്റുമായി എപ്പോഴും ആള്‍ക്കൂട്ടത്തിന് നടുവിലല്ലേ ? പുറത്ത് ഇറങ്ങി സ്വതന്ത്രമായി നടക്കാനാവില്ല. നടന്നു പോവുമ്പോള്‍ ഒരാള്‍ വന്ന് വലിച്ചു പിടിക്കുന്നു, സെല്‍ഫിയെടുക്കുന്നു. എന്തുചെയ്യും ? 

 

ആത്മകഥ എഴുതണമെന്ന് തോന്നിയിട്ടുണ്ടോ?

 

ഇല്ലേയില്ല. കാരണം ആത്മകഥയില്‍ എഴുതാന്‍ മാത്രം സംഭവങ്ങളൊന്നും എന്റെ ജീവിതത്തില്‍ ഇല്ല. വളരെ കഷ്ടപ്പെട്ട്, പട്ടിണി കിടന്ന് സിനിമയില്‍ കയറി വന്നവരൊക്കെ ഉണ്ടാവും. അവര്‍ ആത്മകഥയെഴുതിയാല്‍ വായിക്കാന്‍ കോപ്പുണ്ടാവും. എന്റെ ജീവിതത്തില്‍ അങ്ങനെയൊന്നുമില്ല. സിനിമയിലേക്ക് അങ്ങനെ ഒഴുകിയെത്തിയാണ് ഞാന്‍. ഇപ്പോഴും ആ ഒഴുക്ക് തുടരുന്നു. പിന്നെ പലരും എന്നെക്കുറിച്ച് ധാരാളം എഴുതിക്കഴിഞ്ഞു. രണ്ട് വാരികകള്‍ ഒക്കെ ഒരുമിച്ച് എന്റെ ആത്മകഥ എഴുതിയിട്ടുണ്ട്. മറ്റുള്ളവര്‍ എന്നെ പറ്റി എത്രയോ എഴുതിയില്ലേ, ഇനി ഞാനെന്ത് എഴുതാനാണ് ? 

 

ദൈവം മുന്നില്‍ പ്രത്യക്ഷപ്പെട്ട് എന്തു വരവും ചോദിക്കാമാന്നു പറഞ്ഞാല്‍ എന്തു ചോദിക്കും ?

 

ഞാന്‍ പറയും, ഏതായാലും അങ്ങ് വന്നു. ഇനി എപ്പം വിളിച്ചാലും വന്ന് വരം തരുമെന്നുള്ള വരം വേണമെന്ന്...

 

സംഭാഷണത്തിനിടയ്ക്ക് ലാലിന്റെ മൊബൈലിലേക്ക് പത്തോ ഇരുപതോ കോളുകള്‍ വന്നിരിക്കും. ആരൊെക്കയോ എവിടെയൊക്കയോ അദ്ദേഹത്തിന്റെ സമയത്തിനായി കാത്തിരിക്കുന്നു. ചോദ്യങ്ങള്‍ ഇനിയുമേറെയുണ്ട്. പക്ഷേ, ഇനിയും സമയം അപഹരിക്കുന്നത് ശരിയല്ല. 

 

Curtesy : Mathrubhumi
Users Awards

#2 PP BalaN

PP BalaN

  പൂവാലൻ ഓഫ് പീപ്പി - 2016

 • Royal Member
 • 13,715 posts
5,222
Professional
 • Location:റിയാദ്
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 30 September 2015 - 11:15 AM

Lalettaaaaa :subu: u r the best :hug: #3 Major Purushu

Major Purushu

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 30,631 posts
9,428
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 30 September 2015 - 05:48 PM

Wow. Super one

Sent from my GT-N5110 using Tapatalk

#4 PK Pavanayi

PK Pavanayi

  Professional Killer of PP

 • Moderators
 • 10,760 posts
4,011
Professional
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 30 September 2015 - 09:56 PM

lalettan is the best  :india:Also tagged with one or more of these keywords: Mohanl Lal, Lal, Malayala Cinema

0 user(s) are reading this topic

0 members, 0 guests, 0 anonymous users